ADVERTISEMENT

തൃശൂർ ∙ ‘കുഴിമന്തി വിവാദത്തിൽ’ പ്രതികരണവുമായി നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമൻ. ‘കുഴിമന്തിയെന്ന പേര് ഭക്ഷണത്തിന് ചേരില്ലെന്ന നിലപാടില്‍ ഉറച്ചുനിൽക്കുന്നു. ഭാഷ വികലമായി പോകുമെന്ന ആശങ്കയാണ് പ്രകടിപ്പിച്ചത്. കുഴിമന്തി ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടില്ല. ഞാന്‍ ഭാഷാപണ്ഡിതനല്ല. 70 വര്‍ഷം കേരളത്തില്‍ ജീവിച്ച ഒരാള്‍ എന്ന നിലയില്‍ തനിക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്രമുണ്ട്’’– വി.കെ.ശ്രീരാമന്‍ മലപ്പുറം തിരൂരില്‍ പറഞ്ഞു.

കുഴിമന്തി എന്ന വാക്ക് നിരോധിക്കണമെന്ന വി.കെ.ശ്രീരാമന്റെ ഫെയ്സ്ബുക് പോസ്റ്റാണു വിവാദമായത്. ‘ഏകാധിപതിയാകാൻ അവസരം ലഭിച്ചാൽ ആദ്യം നിരോധിക്കുന്ന വാക്ക് കുഴിമന്തിയായിരിക്കും’ എന്ന പോസ്റ്റാണ് വിവാദമായത്. ശ്രീരാമനെ ആദ്യം അനുകൂലിച്ചെത്തിയ എഴുത്തുകാരി എസ്.ശാരദക്കുട്ടിയും എഴുത്തുകാരൻ സുനിൽ പി.ഇളയിടവും വിവാദമായതിനു പിന്നാലെ നിലപാടുമാറ്റി. ബോധപൂർവമല്ലാതെ ഫാഷിസ്റ്റ് ആയെങ്കിൽ തിരുത്തുന്നുവെന്ന് ശാരദക്കുട്ടി പറഞ്ഞു. ഭാഷാമാലിന്യം, പദനിരോധനം എന്നീ വാക്കുകൾ വിഭാഗീയതെന്ന് തോന്നലുണ്ടാക്കിയെന്നും ഇതിൽ ഖേദം അറിയിക്കുന്നതായും സുനിൽ പി.ഇളയിടം വ്യക്തമാക്കി. 

‘‘ഒരു ദിവസത്തേക്ക്‌ എന്നെ കേരളത്തിന്റെ ഏകാധിപതിയായി അവരോധിച്ചാൽ ഞാൻ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുക എന്നതായിരിക്കും. മലയാള ഭാഷയെ മാലിന്യത്തിൽനിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അത്. പറയരുത്, കേൾക്കരുത്, കാണരുത്. കുഴിമന്തി’’ – എന്നായിരുന്നു കഴിഞ്ഞ ദിവസം വി.കെ.ശ്രീരാമൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. പിന്നാലെ നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തി.

ശ്രീരാമന്റെ പോസ്റ്റിനെ അനുകൂലിച്ച് ശാരദക്കുട്ടിയുടെ കമന്‍റ് ഇങ്ങനെ: ‘‘കുഴിമന്തി എന്നു കേൾക്കുമ്പോൾ പെരുച്ചാഴി പോലെ ഒരു കട്ടിത്തൊലിയുള്ള തൊരപ്പൻ ജീവിയെ ഓർമ വരും. ഞാൻ കഴിക്കില്ല. മക്കൾ പക്ഷേ മികച്ച കുഴിമന്തിക്കായി കോഴിക്കോട് ഹോട്ടലുകൾ മാറിമാറി പരീക്ഷിക്കും. എനിക്ക് പേരും കൂടി ഇംപ്രസീവ് ആയാലേ കഴിക്കാൻ പറ്റൂ’’.

∙ ശാരദക്കുട്ടിയുടെ പുതിയ പോസ്റ്റ്:

ഒരു ഭക്ഷണം ഇഷ്ടമാണ്, അത് കഴിക്കാനിഷ്ടമാണ് എന്നു പറയുന്ന അതേ സ്വാതന്ത്ര്യമില്ലേ അതിഷ്ടമല്ല, അത് കഴിക്കാനിഷ്ടമില്ല, എന്തുകൊണ്ടിഷ്ടമില്ല എന്നു പറയാനും. അതിന് ബാലൻസ് ചെയ്യാനായി, വഴുവഴുത്തതുകൊണ്ട് വെണ്ടക്കായ കറി എനിക്കിഷ്ടമില്ല എന്നൊക്കെ കൂടി ചേർത്തു പറഞ്ഞാൽ പൊളിറ്റിക്കലി കറക്ട് ആകുമോ?

ശാരദക്കുട്ടി എന്ന പേര് നിങ്ങൾക്കാർക്കും ഇഷ്ടമല്ല എന്നതുകൊണ്ട് എനിക്ക് പ്രശ്നമൊന്നുമില്ല. അത് നിങ്ങൾക്ക് തോന്നുന്ന രീതിയിലെല്ലാം എഴുതി എന്നോടുള്ള ദേഷ്യം തീർക്കാം. അത് നിങ്ങളുടെ ഇഷ്ടം. നിങ്ങളുടെ സ്വാതന്ത്ര്യം. എന്നെ, എന്റെ ഇഷ്ടങ്ങളെ വിമർശിക്കുന്നവർക്കെതിരെ വാളുമെടുത്ത് ഇറങ്ങാറില്ല ഞാൻ. സാമ്പാർ, തോരൻ, രസം ഇതൊന്നും കൂട്ടാനിഷ്ടമില്ലാത്ത എന്റെ മകന് കുഴിമന്തി ഇഷ്ടമാണ്. അത്രേയുള്ളൂ, എനിക്കത് ഇഷ്ടമല്ല എന്നു പറയുമ്പോഴും. പൊളിറ്റിക്കലി കറക്ട് ആകാൻ പരമാവധി ശ്രമിക്കുന്നത്, സാമാന്യമര്യാദ അതാണല്ലോ എന്ന് കരുതി ബോധപൂർവം പരിശ്രമിക്കുന്നതു കൊണ്ടാണ്. ഇടയ്ക്ക് കാൽ വഴുതുന്നുവെങ്കിൽ ഇനിയും കൂടുതൽ ശ്രദ്ധിക്കാം. 

എല്ലാ ഭക്ഷണസാധനങ്ങളും എനിക്കിഷ്ടമല്ല ഇഷ്ടപ്പെടുവാൻ സാധ്യവുമല്ല. അതിന് എന്റേതായ കാരണങ്ങളുമുണ്ട്. എന്റെ ഭക്ഷണം, നിന്റെ ഭക്ഷണം എന്നൊക്കെ അതിന് വ്യാഖ്യാനങ്ങൾ ഉണ്ടാകുന്നതെങ്ങനെയാണ്?. സ്ക്രീൻഷോട്ട് ഒക്കെ ധാരാളം പോയതുകൊണ്ട് കമന്റ് പിൻവലിക്കുന്നതിലർഥമില്ലെന്നറിയാം. എങ്കിലും അതങ്ങു പിൻവലിക്കുന്നു. ഏതു രൂപത്തിലായാലും ഫാഷിസം എന്നെ ഭയപ്പെടുത്തുന്നതു കൊണ്ടാണത്. ഞാൻ എന്റെ ഭാഷയിൽ തീർത്തും ബോധപൂർവമല്ലാതെ ഒരു ഫാഷിസ്റ്റായെങ്കിൽ, അതാരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ വേദനയുണ്ട്. അതു തിരുത്തി മുന്നോട്ടു പോകുന്നതായിരിക്കും.

∙ സുനിൽ പി.ഇളയിടത്തിന്റെ വിശദീകരണം:

കുഴിമന്തി എന്ന പേരിനെ മുൻനിർത്തി ശ്രീരാമേട്ടൻ പറഞ്ഞ അഭിപ്രായവും അതിനോടുള്ള എന്റെ പ്രതികരണവും ചർച്ചയായ സന്ദർഭത്തിൽ അതേക്കുറിച്ച് ചില കാര്യങ്ങൾ വ്യക്തമാക്കണം എന്നു കരുതുന്നു. വ്യക്തിപരമായി എനിക്ക് ഇഷ്ടം തോന്നിയിട്ടില്ലാത്ത ഒരു പേരാണത്. വളരെ മികച്ച ഒരു ഭക്ഷണത്തിന് കുറച്ചുകൂടി നല്ല പേര് ആകാമായിരുന്നു എന്ന് എല്ലായ്പ്പോഴും തോന്നിയിട്ടുണ്ട്. ശ്രീരാമേട്ടന്റെ പോസ്റ്റിനോടുള്ള പ്രതികരണത്തിലും ഞാൻ ഉദ്ദേശിച്ചത് അതാണ്.

‘മൊളൂഷ്യം’ എന്ന വിഭവത്തിന്റെ പേരും ഇതുപോലെ വ്യക്തിപരമായി ഇഷ്ടമല്ലാത്ത ഒന്നാണ്. ഭാഷാ–സാഹിത്യ പഠനത്തിൽ വരുന്ന ജഹദജഹൽ ലക്ഷണ തുടങ്ങിയ പല പ്രയോഗങ്ങളും അങ്ങനെയുണ്ട്. ഇവയ്ക്കൊക്കെ കുറച്ചുകൂടി തെളിച്ചമുള്ള മലയാള പദങ്ങൾ വേണമെന്ന് പലപ്പോഴും തോന്നിയിട്ടുമുണ്ട്. എന്നാൽ, ഇതൊന്നും ഭാഷാമാലിന്യം, പദനിരോധനം തുടങ്ങിയവ ആശയങ്ങൾക്ക് ന്യായമാകുന്നില്ല. ഒരു നിലയ്ക്കും സാധുവായ ആശയങ്ങളല്ല അവ. ഒരു ജനാധിപത്യസമൂഹത്തിന് ആ ആശയങ്ങൾ ഒട്ടുമേ സ്വീകാര്യവുമല്ല.

തന്റെ അഭിപ്രായം പറയാൻ ശ്രീരാമേട്ടൻ അതിശയോക്തിപരമായി ഉപയോഗിച്ച വാക്കുകളാവും അവയെന്നാണ് ഞാൻ കരുതുന്നത്. എങ്കിലും ആ പ്രയോഗങ്ങൾക്ക് അതേപടി പിന്തുണ നൽകിയ എന്റെ നിലപാടിൽ ശ്രദ്ധക്കുറവും പിഴവും ഉണ്ടായിട്ടുണ്ട്. പദനിരോധനം, ഭാഷാമാലിന്യം തുടങ്ങിയ ആശയങ്ങളെയും ഭാഷയെക്കുറിച്ചുള്ള വിഭാഗീയ വീക്ഷണങ്ങളെയും ശരിവയ്ക്കുന്നു എന്ന തോന്നലുളവാക്കാൻ അത് കാരണമായിട്ടുണ്ട്. അക്കാര്യത്തിലുള്ള എന്റെ നിർവ്യാജമായ ഖേദം രേഖപ്പെടുത്തുന്നു.

∙ യുഎൻ ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി

കുഴിയിലാണെങ്കിലും പുറത്താണെങ്കിലും മന്തിക്ക് ഒപ്പം. യെമനിൽനിന്നു വന്ന ഒരു ഭക്ഷണമാണ് മന്തി. മണ്ണിൽ കുഴിയുണ്ടാക്കി മരക്കരിയിൽ മണിക്കൂറുകൾ എടുത്ത് വേവിച്ചാണ് മന്തി ഉണ്ടാക്കുന്നത്. അതീവ രുചികരമാണ്. കുഴിയിൽ ഉണ്ടാക്കുന്നതിനാലാണ് കേരളത്തിൽ ഇത് കുഴിമന്തി ആയത്. ഇത്രയും വേഗത്തിൽ മലയാളികളുടെ രുചിയെ കീഴടക്കിയ മറ്റൊരു വിഭവമില്ല.

കേരളത്തിൽ ഗ്രാമങ്ങളിൽപോലും ഇപ്പോൾ മന്തി കടകൾ ഉണ്ട്. യെമനിൽ പോലും ഇപ്പോൾ ഇത്രയും മന്തിക്കടകൾ ഉണ്ടോ എന്ന് സംശയമാണ്. കെഎഫ്സിയും പീത്‌സാ ഹട്ടും ഒക്കെ വന്നിട്ടും കുഴിമന്തി കേരളത്തിലെ പുതിയ തലമുറയുടെ ഹരമാണ്. #കുഴിമന്തിക്കൊപ്പംമാത്രം. മുന്നറിയിപ്പ്: മന്തിക്കൊപ്പം ചിലർ ഓഫർ ചെയ്യുന്ന ഫ്രീ അൺലിമിറ്റഡ് റൈസ് ആരോഗ്യത്തിന് ഹാനികരം. അധികം ഭക്ഷിക്കുന്ന അരിയാണ് നമ്മുടെ അരി. അധികമായാൽ വേഗം അരിയെത്തും.

∙ കവി കുഴൂര്‍ വിത്സൻ

‘‘വേറിട്ട കാഴ്ചകള്‍ കണ്ട ഒരാളുടെ കുറിപ്പാണിതല്ലോ എന്നോർക്കുമ്പോള്‍ ഒരു ഞെട്ടല്‍. കഷ്ടം തന്നെ മുതലാളീ. ഞങ്ങടെ നാട്ടില്‍ പോത്തിന്റെ അകത്തണ്ടി ഫ്രൈ ഒക്കെ കിട്ടുന്ന കടകളുണ്ട്. എല്ലാ ഹോട്ടലുകൾക്കും ഞാറ്റുവേല എന്ന് പേരിടാന്‍ പറ്റുമോ മാഷേ?’’ 

English Summary: Debate on VK Sreeraman's Facebook post about Kuzhimanthi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com