ADVERTISEMENT

മലപ്പുറം ∙ സ്പീക്കർ എ.എൻ.ഷംസീറിനെ പ്രകീർത്തിച്ച് മലപ്പുറത്തെ പ്രാദേശിക മുസ്‌‌ലിം ലീഗ് നേതാവിന്റെ ഫെയ്സ്ബുക് പോസ്റ്റ്. ബെംഗളൂരുവിൽ നിന്നുള്ള യാത്രാമധ്യേ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പണിമുടക്കിയപ്പോൾ ഷംസീർ രക്ഷകനായി എത്തിയെന്നു പോസ്റ്റിൽ പറയുന്നു. കരുവാരകുണ്ട് മുൻ പഞ്ചായത്ത് പ്രസിഡന്റും ലീഗ്‌ നേതാവുമായ ഷൗക്കത്തലി കരുവാരകുണ്ടാണ് അനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

കുറിപ്പ് വായിക്കാം:

കെഎസ്ആർടിസി സ്വിഫ്റ്റ് ഡീലക്‌സ് ബസ് കർണാടകയിൽ കേടായി; യാത്രക്കാർക്ക് രക്ഷകനായത് സ്‌പീക്കർ ഷംസീർ. കഴിഞ്ഞ ദിവസം മകനോടൊപ്പം ബെംഗളൂരുവിൽ പോയി മടങ്ങിപ്പോന്നത് കോട്ടയത്തേക്ക് മൈസൂർ ഗൂഡല്ലൂർ നിലമ്പൂർ വഴി വരുന്ന പുതുപുത്തൻ മോഡൽ കെഎസ്ആർടിസി സ്വിഫ്റ്റ് ഡീലക്സ് ബസ്സിൽ ആയിരുന്നു. എന്നാൽ പകുതി യാത്ര ചെയ്ത് രാത്രി ഏഴ് മണിയോടെ മൈസൂർ സ്റ്റാന്റിൽ എത്തിയപ്പോൾ ബസ്സിന്റെ ബ്രേക്ക് പോയി, ലൈറ്റും കത്തുന്നില്ല, മുൻഭാഗത്തെ ഒരു ടയറും പഞ്ചറായി.

ഡ്രൈവറും കണ്ടക്ടറും നിസ്സഹായരായി, യാത്രക്കാർ വിഷമിച്ചു (കൂട്ടത്തിൽ ഞാനും മോനും). മൈസൂർ ദസറ ആയതിനാൽ തിരക്ക് കാരണം മറ്റ് യാത്രാമാർഗ്ഗങ്ങൾ ഒന്നും സാധ്യവുമല്ല. സ്ത്രീകളും കുട്ടികളും അടക്കമുള്ള മറ്റ്‌ യാത്രക്കാർ എല്ലാം അത്യാവശ്യമായി നാട്ടിൽ എത്തേണ്ടവർ ആയിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ രണ്ട്‌ മണിക്കൂർ നേരം അനിശ്ചിതത്വം തുടർന്നു. പെട്ടെന്ന് തോന്നിയ ബുദ്ധിയിൽ വ്യക്തിബന്ധം മാത്രംവച്ച് വിവരം ബഹു. കേരള സ്പീക്കറെ വിളിച്ച് അറിയിച്ചു. അര മണിക്കൂർ കൊണ്ട് അദ്ദേഹം തിരിച്ചുവിളിച്ചു. വകുപ്പ് മന്ത്രി മുഖേന ഡിപ്പാർട്ട്‌മെന്റ് യാത്രക്കാർക്ക് പകരം യാത്രാ സൗകര്യവും ബസ്സ് റിപ്പയർ ചെയ്യാൻ മെക്കാനിക്കിനെയും ഏർപ്പാട് ചെയ്യുന്നുണ്ടെന്നും അറിയിച്ചു.

പെട്ടെന്ന് കർണാടക സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നമ്മുടെ ബസ് ജീവനക്കാരെ വന്ന് കണ്ട് കാര്യങ്ങൾ എളുപ്പമാക്കി. രണ്ട് ബസുകളിലായി എല്ലാ യാത്രക്കാരെയും സുരക്ഷിതരായി യാത്രയാക്കുകയും ചെയ്തു. അവിടെ ഡ്യൂട്ടിയുള്ള ഒരു കെഎസ്ആർടിസി ഉദ്യോഗസ്ഥനും കേടായ ബസ്സിലെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരോടൊപ്പം ചേർന്ന് നന്നായി സഹകരിച്ചു. സ്പീക്കർ എ.എൻ.ഷംസീറിന് പ്രത്യേക നന്ദി അറിയിക്കുന്നു....

English Summary: FB Post of Muslim League Leader About AN Shamseer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com