യുക്രെയ്ൻ പ്രവിശ്യകൾ റഷ്യയോടു കൂട്ടിച്ചേർത്തതിനെതിരെ യുഎന്നിൽ പ്രമേയം; ഇന്ത്യ വിട്ടുനിന്നു

ruchira-kamboj
യുഎന്നിലെ സ്ഥിരം ഇന്ത്യൻ പ്രതിനിധി രുചിര കാംബോജ് (എഎൻഐ ട്വീറ്റ് ചെയ്ത ചിത്രം)
SHARE

ന്യൂയോർക്ക് ∙ തെക്കു കിഴക്കൻ യുക്രെയ്നിലെ 4 പ്രവിശ്യകൾ റഷ്യയോടു കൂട്ടിച്ചേർത്തത് ഉൾപ്പെടെ, യുക്രെയ്നിൽ റഷ്യ നടത്തുന്ന അനധികൃത ഇടപെടലുകൾക്കെതിരെ ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗൺസിലിൽ അവതരിപ്പിച്ച കരടു പ്രമേയത്തിൻമേലുള്ള വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന് ഇന്ത്യ. ചർച്ചകളിലൂടെ വേണം പ്രശ്നം പരിഹരിക്കാനെന്ന വാദം ആവർത്തിച്ചാണ് ഇന്ത്യ വിട്ടുനിന്നത്. അക്രമം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഇന്ത്യ, ചർച്ചകളുടെ വഴിയിലേക്കു മടങ്ങണമെന്നും ഇരു രാജ്യങ്ങളോടും അഭ്യർഥിച്ചു.

യുക്രെയ്നിൽ റഷ്യ നടത്തുന്ന അനധികൃത ഇടപെടലുകൾക്കെതിരെ യുഎസും അൽബേനിയയും 15 അംഗ യുഎൻ സുരക്ഷാ കൗൺസിലിൽ അവതരിപ്പിച്ച കരടുപ്രമേയത്തിൻമേലായിരുന്നു വോട്ടെടുപ്പ്. രാജ്യാന്തര സമൂഹം അംഗീകരിച്ച യുക്രെയ്ന്റെ അതിർത്തികൾ കടന്നുകയറി അവരുടെ പ്രവിശ്യകൾ റഷ്യ അനധികൃതമായി സ്വന്തമാക്കിയെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

അതേസമയം, റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പരാജയപ്പെട്ടു. 15 അംഗ സമിതിയിൽ 10 രാജ്യങ്ങൾ പ്രമേയത്തെ പിന്താങ്ങി വോട്ടു ചെയ്തു. ഇന്ത്യയ്ക്കു പുറമെ ചൈന, ഗാബോൺ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നത്. യുക്രെയ്നിലെ സമീപകാല സംഭവവികാസങ്ങളിൽ ഇന്ത്യയ്ക്കുള്ള ഉത്കണ്ഠ ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് വിശദീകരിച്ചു. മനുഷ്യരെ കൊലയ്ക്കു കൊടുത്തുകൊണ്ടുള്ള പ്രശ്നപരിഹാരം സാധ്യമല്ലെന്നാണ് ഇന്ത്യയുടെ നിലപാടെന്നും അവർ വ്യക്തമാക്കി.

റഷ്യയിലെ ക്രെംലിൻ കൊട്ടാരത്തിൽ ഇന്നലെ നടന്ന ആഘോഷപൂർവമായ ചടങ്ങിൽ, നിലവിൽ റഷ്യൻസേനയുടെ ഭാഗിക നിയന്ത്രണത്തിലുള്ള ഡോണെറ്റ്സ്ക്, ലുഹാൻസ്ക്, ഖേഴ്സൻ, സാപൊറീഷ്യ എന്നീ പ്രവിശ്യകൾ റഷ്യയോടു കൂട്ടിച്ചേർക്കുന്ന ഉടമ്പടിയിൽ റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഒപ്പിട്ടു. നടപടിക്കെതിരെ പാശ്ചാത്യലോകത്തു പ്രതിഷേധമുയരുമ്പോഴും തുടർനടപടികളുമായി പുട്ടിൻ ഭരണകൂടം മുന്നോട്ടുപോകുകയാണ്. യുക്രെയ്നിന്റെ ഭൂവിസ്തൃതിയുടെ 18% വരുന്ന പ്രദേശമാണ്. ഈ മേഖലയിൽ ഇനി ഇടപെട്ടാൽ അതു റഷ്യക്കെതിരായ ആക്രമണമായി കണക്കാക്കുമെന്നും പുട്ടിൻ മുന്നറിയിപ്പു നൽകി.

നൂറുകണക്കിനു പാർലമെന്റ് അംഗങ്ങൾക്കൊപ്പം 4 യുക്രെയ്ൻ പ്രവിശ്യകളിലെ റഷ്യയെ അനുകൂലിക്കുന്ന ഗവർണർമാരും ചടങ്ങിൽ പങ്കെടുത്തു. യുക്രെയ്നിന്റെ ഭാഗമായിരുന്ന ക്രൈമിയയെ കൂട്ടിച്ചേർത്ത 2014 ലെ പ്രഖ്യാപനവും ക്രെംലിൻ കൊട്ടാരത്തിലാണു നടത്തിയത്. യുക്രെയ്നിന്റെ പ്രദേശങ്ങൾ റഷ്യയോടു ചേർത്തതു സംബന്ധിച്ച കരടു ബിൽ ഭരണഘടനാ കോടതിയുടെ അംഗീകാരം ലഭിച്ചശേഷം തിങ്കളാഴ്ച പാർലമെന്റ് പാസാക്കും. ചൊവ്വാഴ്ചയോടെ പുട്ടിൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും. കഴിഞ്ഞയാഴ്ച ഈ മേഖലകളിൽ റഷ്യ നടത്തിയ ഹിതപരിശോധനയുടെ തുടർനടപടിയായാണു കൂട്ടിച്ചേർക്കൽ. എന്നാൽ, ഹിതപരിശോധനയും കൂട്ടിച്ചേർക്കലും നിയമവിരുദ്ധമാണെന്നും അംഗീകരിക്കില്ലെന്നും യുക്രെയ്നും യുഎസും യൂറോപ്യൻ യൂണിയനും വ്യക്തമാക്കി.

English Summary: ​India Abstains In UN Vote Against Russia's "Illegal Referenda" On Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}