ADVERTISEMENT

തിരുവനന്തപുരം ∙ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് വഴങ്ങി വിസി ഡോ.വി.പി.മഹാദേവൻ പിള്ള. വൈസ് ചാൻസലറെ നിയമിക്കുന്നതിനുള്ള സേര്‍ച് കമ്മിറ്റി പ്രതിനിധിയെ നിര്‍ദേശിക്കുന്നതിനായി സെനറ്റ് യോഗം ഉടന്‍ വിളിച്ചുചേര്‍ക്കും. സെനറ്റ് പേരു നൽകാത്തതിനാൽ ഗവർണർ രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. സെനറ്റ് വിളിച്ചു ചേർക്കാൻ മൂന്നു തവണ ആവശ്യപ്പെട്ട ശേഷമായിരുന്നു ഇത്.

വിസി നിയമനത്തിനു ഗവർണർ രണ്ടംഗ സേർച് കമ്മിറ്റി രൂപീകരിച്ചതു ചട്ട വിരുദ്ധമാണെന്ന് വിസി കുറ്റപ്പെടുത്തിയിരുന്നു. ഗവർണറുടെ നടപടി പിൻവലിക്കണമെന്ന സെനറ്റ് പ്രമേയത്തിനു മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് സെനറ്റ് യോഗം വിളിക്കാത്തതെന്ന് വിസി വിശദീകരിക്കുകയും ചെയ്തു.

സർവകലാശാലയുടെ നിലപാടിൽ മാറ്റമില്ലെന്നു സിൻഡിക്കറ്റ് യോഗത്തിനു ശേഷം വിസി ഡോ.വി.പി.മഹാദേവൻ പിള്ള ഗവർണറെ രേഖാമൂലം അറിയിച്ചു. സേർച് കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകേണ്ടതിനാൽ ഗവർണറുടെ നിലപാടിലും മാറ്റമില്ലെന്ന് രാജ്ഭവൻ മറുപടിയും നൽകി.

ഒക്ടോബർ 24ന് വിസി വിരമിക്കുന്നതിനാൽ പകരക്കാരനെ കണ്ടെത്താനുള്ള നടപടി രാജ്ഭവൻ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. സേർച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളെ നിർദേശിക്കാൻ ജൂൺ 13ന് കേരള വിസിയോടും യുജിസി ചെയർമാനോടും ആവശ്യപ്പെട്ടിരുന്നു. യുജിസി ചെയർമാൻ ജൂലൈയിൽ പ്രതിനിധിയുടെ പേര് അറിയിച്ചു. സർവകലാശാല ജൂലൈ 15ന് പ്രത്യേക സെനറ്റ് യോഗം ചേർന്ന് ആസൂത്രണ ബോർഡ് വൈസ് ചെയർമാനെ പ്രതിനിധിയായി തിരഞ്ഞെടുത്തു. എന്നാൽ അദ്ദേഹം പിന്മാറി. പകരക്കാരനെ നൽകാൻ ഗവർണർ ആവശ്യപ്പെട്ടെങ്കിലും സർവകലാശാല തയാറായില്ല. ഇതോടെ, സെനറ്റ് പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ടാണ് ഗവർണർ സേർച് കമ്മിറ്റി രൂപീകരിച്ചത്.

English Summary: Kerala University VC Appointment Row - Follow Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com