ADVERTISEMENT

കൊച്ചി∙ ‘‘കേസന്വേഷിക്കാൻ ചെല്ലുമ്പോൾ വീട്ടുകാർ വരെ നമ്മളെ ഓടിക്കുകയായിരുന്നു; കുഞ്ഞിനെ ആരും ഉപദ്രവിക്കില്ലെന്നു പറഞ്ഞ്. പോസ്റ്റ്മോർട്ടം വേണ്ടെന്നു സ്ഥലം എംഎൽഎ  പറഞ്ഞ കേസാണ്.’’ – ഇടുക്കി വണ്ടിപ്പെരിയാറിനടുത്ത് തേയിലത്തോട്ടത്തിലെ ലയത്തിൽ 2021 ജൂൺ 30ന് ആറു വയസ്സുകാരി കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ച സംഭവം കൊലപാതകമെന്നു തിരിച്ചറിഞ്ഞു പ്രതിയെ പിടികൂടിയതിന് അംഗീകാരം തേടിയെത്തിയ എസ്പി കെ.ലാൽജി ഓർക്കുന്നു.

തുടർച്ചയായി രണ്ടാം തവണയാണ് ലാൽജിക്ക് കുറ്റാന്വേഷണത്തിലെ മികവിന് പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ തേടിയെത്തിയത്. 2020ലും ഇതേ അംഗീകാരം ലഭിച്ചിരുന്നു. പൊലീസ് ആസ്ഥാനത്ത് എൻഐആർഐ സെല്ലിന്റെ ചുമതലയുള്ള എസ്പിയാണ് ലാൽജി.

പീരുമേട് ഡിവൈഎസ്പിയായിരിക്കെയാണ് വണ്ടിപ്പെരിയാർ ചൂരക്കുളത്ത് ആറു വയസ്സുകാരിയെ ലയത്തിൽ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങിയതാണെന്നു തന്നെയാണ് വീട്ടുകാരും പ്രദേശവാസികളും വിശ്വസിച്ചത്. സ്ഥലം സന്ദർശിക്കുമ്പോൾ തോന്നിയ അസ്വാഭാവികത വിട്ടുകളഞ്ഞിരുന്നെങ്കിൽ അതൊരു സാധാരണ മരണമായി മാറുമായിരുന്നു. പക്ഷേ സംഭവിച്ചത് മറ്റൊന്ന്.

കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിൽ വീട്ടുകാർക്കു താൽപര്യമില്ലായിരുന്നു. സ്ഥലം എംഎൽഎയ്ക്കും ഇക്കാര്യത്തിൽ സംശയമുണ്ടായില്ല. അദ്ദേഹവും പോസ്റ്റുമോർട്ടം വേണ്ടെന്ന നിലപാടെടുത്തു. എന്നാൽ പോസ്റ്റുമോർട്ടം വേണമെന്ന കാര്യത്തിൽ ഡിവൈഎസ്പിക്കു സംശയമില്ലായിരുന്നു. കുരുക്കിന്റെ രീതി ഒരു കൊലപാതകത്തിലേയ്ക്കു വിരൽചൂണ്ടുന്നതായി അദ്ദേഹം സംശയിച്ചു. തുടർന്നാണ് മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് നിർദേശിച്ചത്.

തെളിവെടുപ്പിന് എത്തിച്ച വണ്ടിപ്പെരിയാർ കേസിലെ പ്രതി അർജുനെ തൊഴിലാളികൾ കയ്യേറ്റം ചെയ്തപ്പോൾ.
തെളിവെടുപ്പിന് എത്തിച്ച വണ്ടിപ്പെരിയാർ കേസിലെ പ്രതി അർജുനെ തൊഴിലാളികൾ കയ്യേറ്റം ചെയ്തപ്പോൾ.

ഡോക്ടർമാരുടെ പരിശോധനയിൽ കുഞ്ഞിന്റെ കഴുത്തു ഞെരിച്ചിട്ടുള്ളതായി കണ്ടെത്തി. ലൈംഗിക പീഡനത്തിന് ഇരയായെന്നും മനസ്സിലായി. ഇതോടെ പ്രതിക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. സംശയമുള്ളവരുടെ പട്ടികയിൽ കടന്നുകൂടാതിരിക്കാൻ പ്രതി പ്രത്യേകം ശ്രദ്ധിച്ചു. കുഞ്ഞിന്റെ മരണത്തിൽ അമിതസങ്കടം പ്രകടിപ്പിച്ചതും തുടക്കം മുതൽ കൂടെ നിന്നതും സംശയം തോന്നാതിരിക്കാൻ ആയിരുന്നെങ്കിൽ അതു പൊലീസിൽ സംശയത്തിന്റെ വിത്തുവിതച്ചു. അന്വേഷണം അയാളിലേക്കും നീണ്ടതോടെ പ്രതി തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന ഇരുപത്തിയൊന്നുകാരൻ ആണെന്നു പൊലീസ് സ്ഥിരീകരിച്ചു.

കുഞ്ഞു മരിച്ചു മൂന്നാം ദിവസം പ്രതിയെ പിടികൂടിയ പൊലീസിന്റെ മികവിനാണ് അംഗീകാരം. കുഞ്ഞിനെ മൂന്നു വർഷം പീഡനത്തിന് ഇരയാക്കിയെന്നാണ് പ്രതിയുടെ കുറ്റസമ്മതം. സംഭവദിവസം കുഞ്ഞിനെ കണ്ടിരുന്നില്ലെന്നു പ്രതി പൊലീസിനോടു പറഞ്ഞതു ശരിയല്ലെന്ന് അയൽവാസികൾ പറഞ്ഞു. അന്നും കുഞ്ഞിനെ ഇയാൾ മടിയിലിരുത്തി കളിപ്പിക്കുന്നതു കണ്ടവരുണ്ടായിരുന്നു. മാതാപിതാക്കൾ പണിക്കു പോകുന്ന സമയം ആരുമില്ലാത്ത തക്കം നോക്കിയാണ് ഇയാൾ കുഞ്ഞിനെ ഉപദ്രവിച്ചിരുന്നത്.

ഏതു സമയത്തും വീട്ടിൽ ചെല്ലാനുള്ള സ്വാതന്ത്ര്യം മുതലെടുത്തായിരുന്നു പീഡനം. 78 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച പൊലീസ് പ്രതിക്കെതിരെ പോക്സോ ഉൾപ്പടെ ആറു വകുപ്പുകളാണ് ചുമത്തിയത്. 150ൽ അധികം പേരുടെ മൊഴി രേഖപ്പെടുത്തിയ കേസിൽ 36 സാക്ഷികളാണുള്ളത്.

Content Highlights: Murder, Crime, Kerala Police, SP K lalji

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com