ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് നടൻ സുരേഷ് ഗോപി. ചെന്നൈയിൽ പോയി അദ്ദേഹത്തെ കാണാനുള്ള ശ്രമം നടത്തിയെങ്കിലും അതിനു സാധിച്ചില്ലെന്ന വേദന ബാക്കി നിൽക്കുന്നുവെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ സുരേഷ് ഗോപി പറയുന്നു. കേരളത്തിലെ അടിത്തട്ട് പൊലീസ് സംവിധാനത്തിൽ വളരെ വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്ന ആഭ്യന്തര മന്ത്രിയായിരുന്നു കോടിയേരിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുരേഷ് ഗോപിയുടെ വിഡിയോയിൽനിന്ന്:

‘‘പ്രിയപ്പെട്ട കോടിയേരി ബാലകൃഷ്ണൻ. അദ്ദേഹം ഇനി നമ്മളോടൊപ്പം ഇല്ല. കേരളത്തിലെ പൊലീസ് സംവിധാനത്തിൽ വളരെ വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്ന ആഭ്യന്തര മന്ത്രി എന്ന നിലയ്ക്കും നിരവധിത്തവണ എംഎല്‍എ ആയി നിയമസഭയിൽ എത്തിയ ജനപ്രതിനിധി എന്ന നിലയ്ക്കും ആ പാർട്ടിക്കു ഗുണകരമായി പ്രവർത്തിക്കുകയും ചെയ്ത പ്രവർത്തകൻ എന്ന നിലയ്ക്കും അദ്ദേഹം ജനങ്ങൾക്കു വേണ്ടി പ്രവർത്തിച്ചു.

ഏതാണ്ട് 25 വർഷമായി അദ്ദേഹവുമായി കാത്തുസൂക്ഷിച്ചു പോകുന്ന, തീർത്തും വ്യക്തിപരമായ ബന്ധത്തിൽനിന്ന് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്, ഒരു സരസനായ മനുഷ്യനാണ് അദ്ദേഹം എന്നാണ്. ഒരു ജ്യേഷ്ഠ സഹോദരൻ. എന്റെ സുഹൃത്തുക്കൾ കൂടിയായ അദ്ദേഹത്തിന്റെ മക്കൾ, സഹധർമിണി ഇവരുടെയെല്ലാം വേദനയിൽ പങ്കുചേരുന്നു. രാഷ്ട്രീയം മറന്ന് അംഗീകരിക്കുന്ന മലയാളികളുടെ വേദനയിലും പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ഓർമകൾക്കു മുൻപിൽ, വ്യക്തിത്വത്തിനു മുൻപിൽ കണ്ണീരഞ്ജലി.

10 ദിവസം മുൻപ് ചെന്നൈയിൽ ചെന്നപ്പോൾ അദ്ദേഹത്തെ ആശുപത്രിയിലെത്തി കാണാനുള്ള ശ്രമം നടത്തിയിരുന്നു. പക്ഷേ, ബിനോയി തന്നെ പറഞ്ഞു, ഡോക്ടർമാർ അതിന് അനുവദിക്കുന്നില്ലെന്ന്. അദ്ദേഹത്തെ ഒന്നു കാണണം എന്നുണ്ടായിരുന്നു. ആ ആത്മാർഥമായ ആഗ്രഹം നടന്നില്ല. അതും ഇപ്പോൾ ഒരു വേദനയായി നിൽക്കുന്നു. ഈ നിമിഷത്തിൽ ആഘോഷത്തിലൊന്നും പങ്കുചേരാനുള്ള മാനസികാവസ്ഥയിൽ അല്ല’’ – സുരേഷ് ഗോപി പറഞ്ഞു.

English Summary: Actor Suresh Gopi Remembering Kodiyeri Balakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com