ADVERTISEMENT

തിരുവനന്തപുരം ∙ അധികാരത്തിലെത്തിയശേഷം എൻഡിഎ സർക്കാർ നടപ്പാക്കിയ ഓരോ പരിഷ്കാരങ്ങളും സംസ്ഥാനങ്ങളുടെ അധികാരം കവർന്നതായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ഫെഡറൽ സംവിധാനം ശക്തിപ്പെടുത്തുന്നതിനോട് കോൺഗ്രസിനും ബിജെപിക്കും നിഷേധ സമീപനമാണെന്നും സിപിഐ സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന സെമിനാറിൽ മുഖ്യമന്ത്രി പറഞ്ഞു. ഫെഡറൽ സംവിധാനവും കേന്ദ്രസംസ്ഥാന ബന്ധങ്ങളും എന്ന വിഷയത്തിലായിരുന്നു സെമിനാർ.

കോൺഗ്രസ് തുടങ്ങിവച്ച നിഷേധസമീപനം കൂടുതൽ ശക്തമാക്കി നടപ്പാക്കുകയാണ് ഇപ്പോൾ ഭരിക്കുന്ന ബിജെപി സർക്കാർ. ബിജെപിക്ക് പിന്നിലുളള ആർഎസ്എസിനാണെങ്കിൽ ഫെഡറൽ സംവിധാനമേ വേണ്ടെന്ന നിലപാടാണ്. അവർ പാർലമെന്ററി ജനാധിപത്യം മാറ്റി പ്രസിഡൻഷ്യൽ ഭരണസംവിധാനത്തിനായി വാദിക്കുന്നവരാണ്. ഫെഡറൽ സംവിധാനം ശക്തമാക്കാൻ 1967ൽ കേരളത്തിന്റെ അഞ്ചിന നിർദേശങ്ങളും 1977ൽ ബംഗാളിന്റെ 15ഇന നിർദേശങ്ങളും 1983ലെ ശ്രീനഗർ സമ്മേളന നിർദേശങ്ങളും സർക്കാരിയ കമ്മിഷൻ വച്ച 247നിർദേശങ്ങളും തള്ളിയത് കോൺഗ്രസാണ്.

ഒന്നാം യുപിഎ സർക്കാരിന്റെ ഭാഗമായിരുന്ന ഇടതുസംഘടനങ്ങൾ കൊണ്ടുവന്ന പൊതുമിനിമം പരിപാടിയിലെ വ്യവസ്ഥകളും കോൺഗ്രസ് പാലിച്ചില്ല. സംസ്ഥാനങ്ങളുടെ കടബാധ്യത കുറച്ചുകൊണ്ടുവരണമെന്ന ഇടതുപാർട്ടികളുടെ നിർദേശം കോൺഗ്രസ് തള്ളി. ഇതിന്റെ കെടുതി ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് കേരളമാണ്. പ്ലാനിങ് കമ്മിഷൻ ഒഴിവാക്കി. അത് കേന്ദ്രധനവകുപ്പിലേക്കു മാറ്റി. പകരം കൊണ്ടുവന്ന നിതി ആയോഗിന് ഉപദേശാധികാരം മാത്രമേയുള്ളൂ.

കേന്ദ്രപദ്ധതികളിൽ സംസ്ഥാനവിഹിതം 25ൽനിന്ന് 40 ശതമാനമാക്കി. ഇത് ഫലത്തിൽ വികസനത്തിനു കേന്ദ്രസഹായം കിട്ടാത്ത സ്ഥിതിയാക്കി. ജില്ലാ കലക്ടർമാരെ കേന്ദ്രസർക്കാർ നേരിട്ട് നിയന്ത്രിക്കുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് നേരിട്ട് സഹായങ്ങൾ നൽകുന്നു. കോൺഗ്രസ് സർക്കാർ ആദ്യമായി പിരിച്ചുവിട്ടത് കേരളസർക്കാരിനെയാണെങ്കിൽ ബിജെപി സർക്കാർ കശ്മീരിന്റെ സംസ്ഥാനപദവിതന്നെ ഇല്ലാതാക്കി. കേരളത്തിന് പത്താം ധനകാര്യ കമ്മിഷനിൽ 3.87ശതമാനം വിഹിതം കിട്ടിയിരുന്നെങ്കിൽ ഇപ്പോഴത് കേവലം 1.92 ശതമാനമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: CM Pinarayi Vijayan at CPI State Conference Seminar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com