ADVERTISEMENT

നാഗ്പുർ ∙ മല്ലികാര്‍ജുന്‍ ഖർഗെയെപോലുള്ള നേതാക്കള്‍ക്കു മാറ്റം കൊണ്ടുവരാന്‍ കഴിയില്ലെന്ന് ശശി തരൂര്‍. മഹാരാഷ്ട്രയിലെ നാഗ്പുരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തരൂരും ഖർഗെയും അവരുടെ പ്രചാരണ പരിപാടികൾ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി നാഗ്പുരിലെത്തിയപ്പോഴാണ് എതിർ സ്ഥാനാർഥിയായ ഖർഗെയെക്കുറിച്ച് തരൂർ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

‘‘ഗാന്ധികുടുംബം കഴിഞ്ഞാൽ പാർട്ടിയുടെ മുതിർന്ന മൂന്നു നേതാക്കളിൽ ഒരാളാണ് ഖർഗെജി. അദ്ദേഹത്തെപ്പോലുള്ളവർക്ക് മാറ്റം കൊണ്ടുവരാനാകില്ല. ഖർഗെ വന്നാൽ നിലവിലെ സംവിധാനം തന്നെ തുടരും. ഞങ്ങള്‍ ശത്രുക്കളല്ല, ഇതു യുദ്ധമല്ല. ഖർഗെ പാർട്ടിയുടെ മുതിർന്ന നേതാവാണെന്നും അതുകൊണ്ട് ഞാൻ പിന്മാറണമെന്നും ചിലർ പറയുന്നു. അദ്ദേഹത്തെ ഞാൻ ബഹുമാനിക്കുന്നുണ്ട്. പക്ഷേ, പാര്‍ട്ടിയുടെ ഭാവിക്കായുള്ള വോട്ടെടുപ്പാണിത്. പാർട്ടിയെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന കാഴ്ചപ്പാടിൽത്തന്നെ വ്യത്യാസമുണ്ട്. പ്രവര്‍ത്തകരുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള മാറ്റം ഞാന്‍ കൊണ്ടുവരും’’ - തരൂര്‍ പറഞ്ഞു.

മത്സരിക്കുന്നത് ആരെയും എതിർക്കാനല്ലെന്നും പാർട്ടിയെ ശക്തിപ്പെടുത്താനാണെന്നും ഖർഗെ  രാവിലെ പറഞ്ഞിരുന്നു. മത്സരിക്കണമെന്ന് മുതിർന്നവരും യുവ നേതാക്കളും തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ, ഖർഗെയ്ക്കു പിന്തുണയുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്തെത്തി.

തരൂർ വരേണ്യവർഗത്തിലുള്ള ആളാണെന്നും പാർട്ടിയെ താഴേത്തട്ടുമുതൽ ബൂത്ത്, ബ്ലോക്ക്, ജില്ലാതലത്തിൽ വരെ ശക്തിപ്പെടുത്താനുള്ള അനുഭവസമ്പത്ത് ഖർഗെയ്ക്കാണെന്നും അതുമായി തരൂരിനെ താരതമ്യപ്പെടുത്താനാകില്ലെന്നും ഗെലോട്ട് പറഞ്ഞു. ‌നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 8 ആണ്. 17നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19ന്.

English Summary: Mallikarjun Kharge can’t bring change to Congress: Shashi Tharoor makes his case for party chief post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com