‘ആ വാർത്ത കൊടുക്കരുതെന്ന് പറഞ്ഞില്ല; മൻമോഹനെ ഖേദം അറിയിക്കാൻ മടിച്ചില്ല’

Kodiyeri-Balakrishnan-6
കോടിയേരി ബാലകൃഷ്ണൻ
SHARE

ഒരു പത്രപ്രവർത്തകനോട് എന്നതിനപ്പുറം സഹോദര നിർവിശേഷമായ അടുപ്പം കാണിച്ച വലിയ നേതാവിനെയാണ് കോടിയേരി ബാലകൃഷ്ണന്റെ മരണത്തിലൂടെ നഷ്ടമായത്. ഏതു സമയത്തും ഫോണിൽ വിളിക്കാനും നേരിൽ കാണാനും സ്വാതന്ത്ര്യം ഉണ്ടായിരുന്ന നേതാവ്. പ്രത്യയശാസ്ത്രത്തിന്റെ ഭാരമില്ലാതെ മാധ്യമങ്ങളോട് ഇത്രയും സൗഹാർദത്തോടെയും സൗമ്യതയോടെയും പെരുമാറിയിരുന്ന മറ്റൊരു കമ്യൂണിസ്റ്റ് നേതാവുണ്ടോ എന്നു സംശയം. പത്രലേഖകന്റെ എത്ര പരുഷമായ ചോദ്യത്തെയും അദ്ദേഹം സൗമ്യമായും എന്നാൽ ശക്തമായും നേരിട്ടു.

പാർട്ടിക്കും തനിക്കും കുടുംബത്തിനും എതിരെ നിശിതമായ വാർത്തകൾ പത്രത്തിൽ നിറയുമ്പോൾ പോലും ഫോൺ വിളിച്ചാൽ അതിന്റെ ഒരു നീരസവും പ്രകടിപ്പിക്കാതെ അദ്ദേഹം സംസാരിച്ചു. ആഭ്യന്തരമന്ത്രിയായിരിക്കെ ഒരിക്കൽ രാത്രി മകനെ കുറിച്ച് ഒരു കന്നഡ ചാനലിൽ ചില വാർത്തകൾ വന്നു. രാത്രിയിൽതന്നെ കോടിയേരി ഫോണിൽ വിളിച്ചു. ‘‘ചാനലിൽ വന്ന വാർത്ത വസ്തുതാപരമല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. വസ്തുതയാണോ എന്ന് അന്വേഷിച്ചിട്ടേ നിങ്ങൾ  വാർത്ത കൊടുക്കാവൂ.’’ വാർത്ത കൊടുക്കരുത് എന്നുകൂടി പറഞ്ഞില്ല.

കോടിയേരി പറഞ്ഞത് ഞാൻ പത്രാധിപരെ അറിയിച്ചു. അന്നത്തെ ആ വാർത്ത വസ്തുതാപരമല്ല എന്നാണ് ഞങ്ങളുടെ അന്വേഷണത്തിലും കണ്ടെത്തിയത്. മനോരമ ആ വാർത്ത കൊടുത്തില്ല. പക്ഷേ ആ രാത്രിയിൽ മകനു വേണ്ടി പത്രം ഓഫിസിലേക്ക് നേരിട്ട് വിളിച്ച അച്ഛന്റെ വാക്കുകളിൽ മകനോടുള്ള സ്നേഹവും വാത്സല്യവും നിറഞ്ഞുനിന്നിരുന്നു. പിന്നീട് ആ അച്ഛന് മക്കളുടെ ചെയ്തികൾക്കു മുന്നിൽ തലകുനിക്കേണ്ടി വന്നു എന്നതു മറ്റൊരു കാര്യം.

കരുത്തനായ കമ്യൂണിസ്റ്റ് നേതാവായിരിക്കുമ്പോഴും മക്കളുടെ തോളിൽ കൈയിട്ടുനിൽക്കുന്ന സ്നേഹനിധിയായ അച്ഛനും കൂടിയാണു കോടിയേരി. പക്ഷേ, മക്കളെ കമ്യൂണിസ്റ്റ് ജീവിതശൈലിയിലേക്ക് തിരുത്തി നയിക്കുന്നതിൽ പരാജയപ്പെട്ടതു പിതാവിനു തിരിച്ചടിയായി. പൊലീസ് ജീപ്പിനകത്തായ മകനെ പിടിച്ചിറക്കിക്കൊണ്ടു വന്ന പിതാവു തന്നെ ‘‘കുറ്റവാളിയാണെങ്കിൽ അവനെ തൂക്കിക്കൊന്നോട്ടെ’’ എന്നും പറഞ്ഞു.

kodiyeri-balakrishnan-binoy-kodiyeri-bineesh-kodiyeri
മക്കളായ ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി എന്നിവരോടൊപ്പം കോടിയേരി ബാലകൃഷ്ണൻ

മലപ്പുറം സമ്മേളനത്തിന് തൊട്ടുമുൻപു പാർട്ടിയിൽ വിഭാഗീയത മൂർച്ഛിച്ചു നിന്ന കാലത്ത് ഒരിക്കൽ സുഹൃത്ത് മുഖേന കോടിയേരിയെ സ്വകാര്യമായി കാണാനിടവന്നു. അക്കാലത്ത് വി.എസ്.അച്യുതാനന്ദൻ പാർട്ടിയിൽ മേൽക്കോയ്മ നേടുന്നു എന്ന മട്ടിൽ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. പത്രങ്ങൾ എഴുതുന്ന വാർത്തകൾ ശരിയല്ല എന്ന് കോടിയേരി പറഞ്ഞു. അതു തെളിയിക്കുന്ന ചില കണക്കുകളും കാണിച്ചു. അത് കാണിക്കാനുള്ള വിശ്വാസം അദ്ദേഹം എന്നിൽ അർപ്പിച്ചത് കണ്ട് ഞാൻ അദ്ഭുതപ്പെട്ടു. ‘‘നിങ്ങൾ ഇത് പത്രത്തിൽ കൊടുക്കാൻ വേണ്ടി അല്ല ഞാൻ കാണിക്കുന്നത്. വസ്തുത എന്താണെന്ന് അറിഞ്ഞിരിക്കാൻ വേണ്ടിയാണ്’’. ഒടുവിൽ ഊഹാപോഹങ്ങളെ തിരുത്തിക്കൊണ്ട് പിണറായി വിഭാഗം ആ പാർട്ടി സമ്മേളനത്തിൽ മേൽക്കൈ നേടി. കോടിയേരി അന്നു പറഞ്ഞത് അച്ചട്ടായി.

കർക്കശക്കാരനായ പാർട്ടിക്കാരനായിരിക്കുമ്പോഴും നിർദോഷമായ ചിരിയുടെ മുഖമായിരുന്നു കോടിയേരിയുടേത്. രോഗപീഡകൾക്കും മകന്റെ അറസ്റ്റിനും ശേഷം സ്വയം സെക്രട്ടറി സ്ഥാനത്തുനിന്നും മാറിനിന്ന കോടിയേരിയെ തിരികെ അതേസ്ഥാനത്തേക്ക് കൊണ്ടുവന്നത് മുന്നണിയെ ഒന്നിച്ച് നിർത്താനും പാർട്ടിയിലെ വിഭാഗീയത തടയാനും അദ്ദേഹത്തിനുള്ള കഴിവിന്റെ അംഗീകാരം കൂടിയായിരുന്നു. പാർട്ടി സമ്മേളനങ്ങളിൽ യുവാക്കളായ നേതാക്കളെ സൂക്ഷ്മമായി നിരീക്ഷിക്കാനും അവരുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും കോടിയേരിക്ക് അസാധാരണമായ കഴിവുണ്ടായിരുന്നു.

തിരക്കിനിടയിലും യാത്രയ്ക്കിടയിലും പാർട്ടി പ്രവർത്തകരെയും പാർട്ടിക്കാർ അല്ലാത്ത സുഹൃത്തുക്കളെയും ഒരുപോലെ കാണുകയും കുശലം പറയുകയും ചെയ്യാനുള്ള മനസ്സ്. എതിർവശത്തുള്ള പാർട്ടിയിലെ നേതാക്കളോട് രാഷ്ട്രീയമായി പോരാടുമ്പോഴും വ്യക്തിപരമായി സൗഹൃദം സൂക്ഷിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് തൊണ്ടയിൽ അസുഖം ഉണ്ടായി കേരളത്തിലെ ആശുപത്രികളിൽ ചികിത്സ തേടിയപ്പോൾ യുഎസിൽ പോയി ചികിത്സിക്കണമെന്ന് നിർബന്ധിച്ചവരിൽ ഒരാൾ കോടിയേരിയാണ്. 80കളിലും 90കളിലും ബസ് സ്റ്റാൻഡുകളിലും റെയിൽവേയിലെ സെക്കൻഡ് ക്ലാസ് കംപാർട്ട്മെന്റുകളിലും കോടിയേരി പാർട്ടിക്കാർക്ക് സഹയാത്രികനായിരുന്നു.

pinarayi-vijayan-kodiyeri-balakrishnan-vs-achuthanandan-01
പിണറായി വിജയൻ,വി.എസ്.അച്യുതാനന്ദന്‍ കോടിയേരി ബാലകൃഷ്ണൻ

വിദ്യാർഥി പ്രസ്‌ഥാനത്തിലൂടെ കടന്നുവന്ന് സിപിഎമ്മിന്റെ പരമോന്നത സമിതിയായ പൊളിറ്റ് ബ്യൂറോ വരെയെത്തിയ കോടിയേരി, കമ്യൂണിസ്‌റ്റുകാരന്റെ ചിരിക്കുന്ന മുഖമാണ്. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട് 16 മാസം കഴിഞ്ഞാണു ജയിൽ മോചിതനായത്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രി ആയിരിക്കുമ്പോഴാണ് പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ എംഎൽഎ ഹോസ്റ്റലിനു മുന്നിൽവച്ച് കേരള പൊലീസ് വഴിതെറ്റിച്ച് കൊണ്ടുപോയത്. സംഭവം നടക്കുമ്പോൾ കോടിയേരി ഡൽഹിയിൽ ആയിരുന്നു. പാർട്ടി തീരുമാനം വരുന്നതിന് മുൻപുതന്നെ കോടിയേരി പറന്നു തിരുവനന്തപുരത്ത് എത്തി. രാജ്ഭവനിൽ പോയി മൻമോഹൻ സിങ്ങിനോട് നേരിട്ട് ഖേദം പ്രകടിപ്പിച്ചു. അധികാരം ഒരിക്കലും തലയ്ക്കു പിടിച്ചിട്ടില്ലാത്ത കോടിയേരിക്ക് ഒരു കോൺഗ്രസ് പ്രധാനമന്ത്രിയോട് ഖേദം പ്രകടിപ്പിക്കാനും പാർട്ടി പ്രത്യയശാസ്ത്രം തടസ്സമായിരുന്നില്ല.

മാധ്യമങ്ങളെ വിമർശിക്കുമ്പോഴും മാധ്യമപ്രവർത്തകരെ പുറത്തുനിർത്താൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നുമില്ല. കണ്ണൂരിൽ രാഷ്ട്രീയ സംഘർഷം കത്തിനിന്ന കാലം. ബോംബേറും അക്രമവും കൊലപാതകവും അരങ്ങേറുന്നു. ‘വേണ്ടിവന്നാൽ പൊലീസ് സ്റ്റേഷനിലും ബോംബുണ്ടാക്കും’ എന്ന കോടിയേരിയുടെ പ്രസ്താവന രാഷ്ട്രീയ കേരളത്തിൽ വലിയ വിവാദമുയർത്തി. പിന്നീട് ‘‘പാടത്ത് ചെയ്യുന്നതിന് വരമ്പത്ത് കൂലി’’ എന്നും അദ്ദേഹം പറഞ്ഞു. കോടിയേരിയുടെ സ്വഭാവമറിയാവുന്നവർ അദ്ദേഹം അതു ചെയ്യുമെന്നു വിശ്വസിച്ചില്ല. എന്നാൽ സാധാരണ പാർട്ടിക്കാരുടെ മനക്കരുത്ത് കൂട്ടാൻ ആ പ്രസംഗത്തിനായി.

പിന്നീട് കോടിയേരി പൊലീസ് മന്ത്രിയായപ്പോൾ പഴയ പ്രസംഗംവച്ചായിരുന്നു വിമർശനം. എന്നാൽ മന്ത്രിയായപ്പോൾ കോടിയേരി എല്ലാം തികഞ്ഞ മന്ത്രിയായി. ജനമൈത്രി പൊലീസ്, സ്റ്റുഡന്റ് പൊലീസ് കെഡറ്റ് എന്നിങ്ങനെ ആഭ്യന്തര മന്ത്രിയെന്ന നിലയിൽ തുടങ്ങിവച്ച പദ്ധതികൾ ഒട്ടേറെ. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ജയിൽ ആധുനികവൽകരണത്തിന് 152 കോടി രൂപയുടെ കേന്ദ്രഫണ്ട് സംഘടിപ്പിച്ചെടുത്തതും കോടിയേരിയാണ്. ജയിലിന്റെ മുഖച്ഛായ മാറ്റിയ ഉൽപന്ന നിർമാണത്തിനു തുടക്കമിട്ടു. ചപ്പാത്തി മുതൽ ബിരിയാണി വരെയുണ്ടാക്കി ജയിൽ ധനസമ്പാദന കേന്ദ്രമായി. പുതിയ ജയിലുകൾ വന്നു. പലതവണ ജയിലിൽ കിടന്ന അനുഭവമാണ്, അവിടുത്തെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ചിന്തയുണ്ടാക്കിയത്.

ടൂറിസം വകുപ്പുമുണ്ടായിരുന്നു കോടിയേരിക്ക്. നഗരങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന ടൂറിസം പദ്ധതികളെ ഗ്രാമങ്ങളിലേക്കെത്തിച്ചു എന്നതായിരുന്നു ടൂറിസം മന്ത്രിയെന്ന നിലയിലുള്ള സംഭാവന. സമീപകാലത്ത് സിപിഎമ്മിന്റെ ചരിത്രത്തിൽ ഏറ്റവുമധികം വിഭാഗീയത നിലനിന്ന കാലത്ത് അനുരഞ്ജനത്തിന്റെ വക്താവായിരുന്നു കോടിയേരി. പിണറായി വിജയൻ പാർട്ടി സെക്രട്ടറിയും വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയുമായിരുന്ന കാലത്ത് ഇരുവർക്കുമിടയിലെ സമാധാന ദൂതൻ മറ്റാരുമായിരുന്നില്ല.

അഞ്ചുവർഷവും വിഎസ് ഭരിച്ചതും തുടർഭരണത്തിലേക്കടുത്ത മുന്നേറ്റം അടുത്ത തിരഞ്ഞെടുപ്പിലുണ്ടായതും കോടിയേരിക്കു കൂടി അവകാശപ്പെട്ട നേട്ടമാണ്. ഒരു ചോദ്യത്തിനും സംശയത്തിനും ഇടയില്ലാതെയാണു പിണറായിക്കു ശേഷം പാർട്ടി സെക്രട്ടറി സ്ഥാനത്ത് അവരോധിക്കപ്പെട്ടത്. സെക്രട്ടറി എന്ന നിലയിൽ അനിതരസാധാരണമായ മെയ്‌വഴക്കം കോടിയേരി പ്രകടിപ്പിച്ചു.

English Summary: Memoir About Kodiyeri Balakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}