ADVERTISEMENT

ദുബായ്∙ പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എം.എം.രാമചന്ദ്രൻ (അറ്റ്ലസ് രാമചന്ദ്രൻ–80) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്നു രണ്ടു ദിവസമായി ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നു ഞായറാഴ്ച രാത്രിയോടെയാണ് അന്ത്യം. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് ദുബായിൽ നടന്നു. വൈകിട്ട് 5.30നു (പ്രാദേശിക സമയം) ജബൽ അലി ഹിന്ദു ക്രിമീഷൻ സെന്ററിൽ (ന്യൂ സോനാപ്പൂർ) ആണു സംസ്കാര ചടങ്ങുകൾ നടന്നത്. 

തൃശൂർ മുല്ലശ്ശേരി മധുക്കര സ്വദേശിയായ അദ്ദേഹം ബാങ്ക് ജീവനക്കാരനായാണ് ഒൗദ്യോഗിക ജീവിതമാരംഭിച്ചത്. ബിസിനസിന്റെ പല മേഖലകളിലേക്ക് വിജയകരമായി പടർന്നു പന്തലിച്ച രാമചന്ദ്രൻ ഗൾഫിലെ പ്രമുഖ മലയാളികളുടെ മുൻനിരയിലേക്ക് താമസിയാതെ ഉയർന്നു. ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന പരസ്യവാക്യത്തിലൂടെ അദ്ദേഹം നാട്ടിലും പ്രശസ്തി നേടി.

മൂന്നു പതിറ്റാണ്ടു മുൻപ് ആരംഭിച്ച അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ കൂടാതെ, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ അൻപതോളം ശാഖകളുണ്ടായിരുന്നു. യുഎഇയിൽ മാത്രം 12 ഷോറൂമുകൾ പ്രവർത്തിച്ചു. കേരളത്തിലും ശാഖകളുണ്ടായിരുന്നു. ഹെൽത്ത് കെയർ, റിയൽ എസ്റ്റേറ്റ്, ചലച്ചിത്ര നിർമാണ മേഖലകളിലും അറ്റ്‌ലസ് സാന്നിധ്യമറിയിച്ചിരുന്നു.

ഹെൽത്ത്കെയർ, റിയൽ എസ്റ്റേറ്റ്, ചലച്ചിത്ര നിർമാണ മേഖലകളിലും നിക്ഷേപം നടത്തി. സാമ്പത്തിക കുറ്റകൃത്യ ആരോപണത്തിന്റെ പേരിൽ 2015ൽ ദുബായിൽ തടവിലായ അദ്ദേഹം 2018 ജൂണിലാണു മോചിതനായത്. വൈശാലി, ധനം, സുകൃതം, തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. അറബിക്കഥ, മലബാർ വെഡിങ്, 2 ഹരിഹർ നഗർ തുടങ്ങി ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. ഭാര്യ: ഇന്ദിര. മക്കൾ: ഡോ.മഞ്ജു, ശ്രീകാന്ത്.

പാവപ്പെട്ടവരുടെ സഹായി: മുഖ്യമന്ത്രി

പ്രമുഖ വ്യവസായിയും അറ്റ്ലസ് ഗ്രൂപ്പ് ചെയർമാനുമായ എം.എം.രാമചന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ബാങ്ക് ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച് വ്യവസായ മേഖലയിലേക്ക് മുന്നേറിയ വ്യക്തിയായിരുന്നു രാമചന്ദ്രൻ.

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകം ഏറെ ശ്രദ്ധേയമായിരുന്നു. പ്രവാസി മലയാളികളുമായി അടുത്ത ബന്ധം പുലർത്തിയ വ്യക്തിയായിരുന്നു രാമചന്ദ്രൻ. ദുബായിലെ പൊതുവേദികളിലും സാംസ്കാരിക സദസ്സുകളിലും സജീവ സാന്നിധ്യമായിരുന്നു.

പാവപ്പെട്ടവർക്ക് സഹായിയായിരുന്നു അദ്ദേഹം. ചലച്ചിത്ര നിർമാതാവ് എന്ന നിലയിലും ശ്രദ്ധേയനായി. ജന്മനാട്ടിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് അറ്റ്ലസ് രാമചന്ദ്രൻ വിടവാങ്ങിയത്– മുഖ്യമന്ത്രി പറഞ്ഞു.

English Summary: Atlas Ramachandran passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com