ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലെ കാലതാമസവും അധികച്ചെലവും ഒഴിവാക്കാൻ വമ്പൻ പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സർക്കാരും. ഇതിനുവേണ്ടി പിഎം ഗതിശക്തിയുടെ ഭാഗമായി 16 മന്ത്രാലയങ്ങളെ സംയോജിപ്പിച്ചു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തയാറാക്കാനുള്ള നീക്കത്തിലാണു കേന്ദ്ര സര്‍ക്കാര്‍.

ചൈനയില്‍നിന്നു വ്യവസായങ്ങളെ ഇന്ത്യയിലേക്ക് ആകർഷിക്കുകയാണു ലക്ഷ്യം. 1.2 ട്രില്യൻ ഡോളറിന്റെ മെഗാ പദ്ധതിയാണ് ഒരുങ്ങുന്നത്. പദ്ധതികളുടെ രൂപകൽപന, തടസ്സങ്ങളില്ലാതെ അംഗീകാരം, ചെലവ് കുറയ്ക്കൽ തുടങ്ങിയവയ്ക്കായുള്ള ഏകജാലക സംവിധാനമാണു നിലവിൽ വരിക. നിക്ഷേപകര്‍ക്കും കമ്പനികള്‍ക്കും ഇതു വലിയ സഹായമാവുമെന്നാണു വിലയിരുത്തൽ.

‘‘സമയനഷ്ടവും ധനനഷ്ടവും ഒഴിവാക്കി പദ്ധതികൾ വേഗത്തിൽ നടപ്പാക്കുകയാണു ലക്ഷ്യം. ഉൽപാദന കേന്ദ്രമായി ആഗോള കമ്പനികൾ ഇന്ത്യയെ തിരഞ്ഞെടുക്കണം.’’– വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ ലോജിസ്റ്റിക്സ് സ്പെഷൽ സെക്രട്ടറി അമൃത്‍ലാൽ മീണ പറഞ്ഞു. അതിവേഗത്തിൽ പദ്ധതികൾ നടപ്പാകുന്നത് ഇന്ത്യയ്ക്കു മേൽക്കൈ നൽകുമെന്നും ചൈനയിൽനിന്ന് കമ്പനികൾ ഇവിടേക്കു വരുമെന്നുമാണു കണക്കുകൂട്ടൽ.

പുറംലോകവുമായി കാര്യമായ സമ്പർക്കമില്ലാതെ, അടച്ചിട്ട രാജ്യമായി തുടരുന്ന ചൈനയോടു കമ്പനികൾക്കു താൽപര്യം കുറഞ്ഞിട്ടുണ്ട്. ചൈനയ്ക്കു പുറത്ത് നിര്‍മാണകേന്ദ്രം തുറക്കുകയെന്ന കമ്പനികളുടെ ‘ചൈന പ്ലസ്’ നയവും ഇന്ത്യയ്ക്കു നേട്ടമാകും. ബിസിനസിലെയും വിതരണ രംഗത്തെയും വൈവിധ്യവത്കരണമാണു കമ്പനികള്‍ ലക്ഷ്യമിടുന്നത്. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയാണ് ഇന്ത്യ. ഇവിടെ തൊഴിലാളികൾക്കു നൽകേണ്ട പണം കുറവാണെന്നതും അവർ ഇംഗ്ലിഷ് സംസാരിക്കുമെന്നതും കമ്പനികൾക്കു നേട്ടമാണ്.

വികസന പദ്ധതികൾക്കു വിലങ്ങുതടിയാകുന്ന ‘ചുവപ്പുനാട പ്രശ്നം’ സാങ്കേതികവിദ്യയിലൂടെ കുറയ്ക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഗതിശക്തി പോർട്ടലിലെ 1300ലേറെ പദ്ധതികളിൽ 40 ശതമാനത്തിലേറെയും ഭൂമിയേറ്റെടുക്കൽ, വനം–പരിസ്ഥിതി അനുമതി തുടങ്ങിയവയിൽ തട്ടി തടസ്സപ്പെട്ടിരിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പും 1980–2010 കാലഘട്ടത്തിൽ ചൈനയും ചെയ്തതു പോലെ, വികസനപദ്ധതികളിൽ രാജ്യത്തെ മത്സരക്ഷമമാക്കുക എന്നതാണു കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്.

English Summary: India Has A $1.2 Trillion Plan To Snatch Factories From China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com