ADVERTISEMENT

തിരുവനന്തപുരം∙ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മല്ലികാര്‍ജുൻ ഖര്‍ഗെയെ അനുകൂലിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. പരിണതപ്രജ്ഞനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖര്‍ഗെയെ പോലുള്ള നേതാവിന്റെ അനുഭവസമ്പത്തും ജനകീയതയും സംഘാടകശേഷിയുമാണ് കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും ഉചിതമെന്ന് കെ.സുധാകരന്‍ പറഞ്ഞു. സംഘടനാരംഗത്തും ഭരണതലത്തിലും കഴിവും മികവും തെളിയിച്ച ഖര്‍ഗെയുടെ നേതൃത്വം കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു കൂടുതല്‍ കരുത്തും ഊര്‍ജവും പകരമെന്നും അദ്ദേഹം പറഞ്ഞു.

ആറു പതിറ്റാണ്ടുകാലത്തെ പൊതുജീവിതത്തില്‍ എന്നും മതനിരപേക്ഷ ആശങ്ങള്‍ മുറുകെ പിടിച്ച നേതാവാണ് ഖര്‍ഗെ. ആര്‍എസ്എസ്, സംഘപരിവാര്‍ ശക്തികളോട് ഒരിക്കലും സന്ധിചെയ്യാത്ത നേതാവ്. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച ഖര്‍ഗെ പടിപടിയായാണ് കോണ്‍ഗ്രസ് ദേശീയ നേതൃനിരയിലേക്ക് ഉയര്‍ന്നത്. ഒരു ഘട്ടത്തിലും അധികാരസ്ഥാനമാനങ്ങള്‍ക്കു പിന്നാലെ പോയിട്ടില്ലാത്ത ഖര്‍ഗെ എല്ലാ തലമുറകളോടും ഒരുപോലെ സംവദിക്കാന്‍ ശേഷിയുള്ള നേതാവാണ്. അങ്ങനെയുള്ള ഖര്‍ഗെയ്ക്ക് കോണ്‍ഗ്രസിന്റെ ശക്തിയും ദൗര്‍ബല്യവും കൃത്യമായി തിരിച്ചറിയാന്‍ കഴിയും.

രാജ്യത്തിനു ഭീഷണിയായ വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളെ അധികാരത്തില്‍നിന്നും അകറ്റുന്നതിനും മതനിരപേക്ഷ ജനാധിപത്യചേരി ശക്തിപ്പെടുത്തുന്നതിനും പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ഊട്ടിഉറപ്പിക്കുന്നതിനും പ്രാപ്തിയും ആര്‍ജവവും അദ്ദേഹത്തിനുണ്ട്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ലോക്സഭയില്‍ കക്ഷിനേതാവായി മല്ലികാര്‍ജുൻ ഖര്‍ഗെയെ തിരഞ്ഞെടുത്തപ്പോള്‍ പലരും ആശങ്കകള്‍ പങ്കുവച്ചു.

എന്നാല്‍ ഈ ആശങ്കകളെയെല്ലാം അസ്ഥാനത്താക്കിയുള്ളതായിരുന്നു പാര്‍ലമെന്റിനകത്തും പുറത്തുമുള്ള അദ്ദേഹത്തിന്റെ പ്രകടനം. പരിമിതമായ അംഗബലത്തിലും മോദിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് സര്‍ക്കാരിനെതിരെ ധീരമായ പോരാട്ടമാണ് ഖര്‍ഗെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയത്. രാജ്യസഭ പ്രതിപക്ഷ നേതാവ് എന്ന നിലയിലും മികച്ച പ്രവര്‍ത്തനമായിരുന്നു. ഇതുകൊണ്ടാണ് പ്രതിസന്ധി നിറഞ്ഞ ഈ കാലഘട്ടത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കോണ്‍ഗ്രസിനെ നയിക്കാന്‍ എത്തുന്നത് പ്രത്യാശയും പ്രതീക്ഷയും നല്‍കുന്നത്.

സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പാണ് എഐസിസിയിലേക്ക് നടക്കുകയെന്ന് ദേശീയ നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജനാധിപത്യമൂല്യങ്ങള്‍ എന്നും ഉയര്‍ത്തിപിടിച്ച് പ്രവര്‍ത്തിച്ച കോണ്‍ഗ്രസില്‍ ആരോഗ്യപരമായ മത്സരം സംഘടനാരംഗത്ത് നടക്കുന്നത് വളരെ പ്രതിക്ഷയോടെയാണ് ഓരോ പ്രവര്‍ത്തകനും നോക്കിക്കാണുന്നത്. എന്നാല്‍ ഈ മത്സരത്തിന് വിഭാഗീയതുടെ നിറം നല്‍കി ദുഷ്ടലാക്കോടെ നോക്കിക്കാണുന്ന ശക്തികള്‍ കോണ്‍ഗ്രസില്‍ ചേരിതിരിവുണ്ടെന്ന് വരുത്തിത്തീര്‍ത്ത് മനഃപൂർവം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് കെ.സുധാകരന്‍ പറഞ്ഞു.

നേരത്തെ, മല്ലികാർജുൻ ഖർഗയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രംഗത്തെത്തിയിരുന്നു. ഖർഗെയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും അതാണ് തന്റെ മനസാക്ഷിയെന്നും വി.ഡി. സതീശൻ പറഞ്ഞു. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ശശി തരൂർ എംപിയുമായുള്ള ബന്ധത്തിൽ ഉലച്ചിലില്ലെന്നും കെപിസിസി പ്രസിഡന്റുമായും വിഷയം സംസാരിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

English Summary: KPCC President K Sudhakaran Supports Mallikarjun Kharge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT