ADVERTISEMENT

കീവ്∙ റഷ്യൻ അധീനതയിലുള്ള രാജ്യത്തിന്റെ തെക്കൻ മേഖല യുക്രെയ്ൻ നിർണായക നീക്കത്തിലൂടെ പിടിച്ചെടുത്തതായി റിപ്പോർട്ട്. യുദ്ധം ആരംഭിച്ച ശേഷം യുക്രെയ്ൻ തെക്കൻ പ്രവിശ്യയിൽ നടത്തുന്ന ഏറ്റവും വലിയ മുന്നേറ്റമാണ് ഇതെന്നാണ് റിപ്പോർട്ട്. തെക്കൻ മേഖലയിലെ നിപ്രോ നദിക്കരയിലൂടെ അതിവേഗം നീങ്ങിയ യുക്രെയ്ൻ ടാങ്കുകൾ ആയിരത്തോളം വരുന്ന റഷ്യൻ സേനയ്ക്ക് കടുത്ത ഭീഷണിയുയർത്തിയെന്നാണ് റിപ്പോർട്ടുകൾ.

യുക്രെയ്ൻ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ യുക്രെയ്ന്റെ ടാങ്കുകൾ ഉപയോഗിച്ചുള്ള ആക്രമണം നദിയുടെ പടിഞ്ഞാറൻ തീരത്തുകൂടി കിലോമീറ്ററുകളോളം നീങ്ങിയെന്നും നിരവധി ഗ്രാമങ്ങൾ തിരിച്ചുപിടിച്ചതായും റിപ്പോർട്ടുണ്ട്. യുക്രെയ്ൻ സൈനികർ ഇത്തരത്തിൽ പിടിച്ചെടുത്ത പല ഗ്രാമങ്ങളിലും തങ്ങളുടെ പതാക ഉയർത്തുന്നതിന്റെ വിഡിയോകൾ പുറത്തുവരുന്നു. റഷ്യയുടെ സമൂഹമാധ്യമ പേജുകളിൽ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ടെന്നും എന്നാൽ ഇതേക്കുറിച്ച് സ്ഥിരീകരണം ഒന്നും വന്നിട്ടില്ലെന്നുമാണ് റഷ്യൻ അധികൃതർ പറയുന്നത്. 

കിഴക്കൻ യുക്രെയ്നിലെ ഡോണെറ്റ്സ്ക് പ്രവിശ്യയിലെ സുപ്രധാന നഗരമായ ലൈമൻ യുക്രെയ്ൻ സേന കഴിഞ്ഞ ദിവസം തിരിച്ചുപിടിച്ച് നഗരകവാടത്തിൽ യുക്രെയ്ൻ പതാക ഉയർത്തിയിരുന്നു. ഡോണെറ്റ്സ്ക്, ലുഹാൻസ്ക്, ഹേഴ്സൻ സാപൊറീഷ്യ എന്നീ 4 പ്രവിശ്യകൾ റഷ്യയോടു കൂട്ടിച്ചേർത്തതായി പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് യുക്രെയ്ൻ നിർണായക നേട്ടമുണ്ടാക്കിയത്. ഹർകീവ് നഗരത്തെ മിന്നലാക്രമണത്തിലൂടെ തിരിച്ചുപിടിച്ചതിനു പിന്നാലെയാണ് യുക്രെയ്ൻ തെക്കൻ മേഖലയിലേക്ക് ആക്രമണം കടുപ്പിച്ചത്. അതിനിടെ 7 മാസം പിന്നിടുന്ന യുദ്ധം നീണ്ടുപോകുന്ന സാഹചര്യത്തിൽ റിസർവ് സൈനികരെ സമാഹാരിക്കാൻ പുട്ടിൻ പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് റഷ്യയിൽ ഉയരുന്നത്. 

English Summary: Ukrainian forces burst through Russian lines in major advance in south

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com