ADVERTISEMENT

രജൗറി ∙ ജമ്മു കശ്മീരിലെ പഹാരി സമുദായത്തെ പട്ടികജാതി വിഭാഗമായി കണക്കാക്കി സർക്കാർ ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീർ സന്ദർശനത്തിനിടെ രജൗറിയിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപ്പിലായാൽ രാജ്യത്ത് ആദ്യമായാണ് ഭാഷാ അടിസ്ഥാനത്തിൽ ഒരു വിഭാഗത്തിന് സംവരണം ലഭിക്കുന്നത്. ഇതിനായി പാർലമെന്റിൽ സംവരണ നിയമത്തിൽ ഭേദഗതി കൊണ്ടുവരണം.

അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി നടത്തുന്ന പ്രചാരണങ്ങൾക്കു തുടക്കം കുറിക്കുന്ന ചടങ്ങിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. കേന്ദ്രം നിയോഗിച്ച ജി.ഡി. ശർമ കമ്മിഷന്റെ റിപ്പോർട്ടിൽ ഗുജ്ജർ, ബകർവാൾ, പഹാരി സമുദായങ്ങൾക്കു സംവരണം അനുവദിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. അത് ഉടനെ നടപ്പാക്കുമെന്നാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

370-ാം ആർട്ടിക്കിൾ പിൻവലിച്ചതുകൊണ്ടാണ് സംവരണം സാധ്യമായതെന്നും ഇപ്പോൾ ന്യൂനപക്ഷങ്ങൾക്കും ദലിത് വിഭാഗങ്ങൾക്കും ഗോത്ര വിഭാഗങ്ങൾക്കും പഹാരികൾക്കും അവരുടെ അവകാശങ്ങൾ ലഭ്യമായെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

‘‘70 വർഷം ജമ്മു കശ്മീർ മൂന്നു കുടുംബങ്ങളാണ് ഭരിച്ചത്. ജനാധിപത്യം അവരുടെ കുടുംബങ്ങളിൽ മാത്രം നിർമിക്കപ്പെട്ടു. ഈ കുടുംബങ്ങൾ ജനാധിപത്യത്തിന്റെ അർഥങ്ങൾ ഇല്ലാതാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം കാരണമാണ് താഴ്‌വരയിൽ ആദ്യ പഞ്ചായത്ത് തിരഞ്ഞെടുപ്പ് തന്നെ നടന്നത്’’ – അമിത് ഷാ ചൂണ്ടിക്കാട്ടി.

∙ ആരാണ് പഹാരികൾ?

പൂഞ്ച് – രജൗറി മേഖലയിലെയും മിർപുരിലെയും കശ്മീർ താഴ്‌വരയിലെയും മലയോയ പ്രദേശത്തു ജീവിക്കുന്നവരാണ് പഹാരികൾ. താഴ്‌വരയിലെ ബാരാമുള്ള, കുപ്‌വാര, ഉറി മേഖലകളിലും ഇവരുടെ സാന്നിധ്യമുണ്ട്. ജമ്മു കശ്മീരിലെ ആകെ ജനസംഖ്യയിൽ 20 ശതമാനം പഹാരികളാണ്. സ്വന്തം ഭാഷയുള്ള ഇവർ കൃഷി ചെയ്തും കന്നുകാലികളെ പരിപാലിച്ചുമാണ് ജീവിക്കുന്നത്. ഇവരിൽ 55 ശതമാനം പേർ ഹിന്ദുക്കളും ബാക്കി മുസ്‌ലിംകളുമാണ്.

∙ എതിർപ്പുമായി ഗുജ്ജറുകളും ബകർവാളുകളും

പഹാരികൾക്ക് എസ്‌ടി സംവരണം അനുവദിക്കുന്നതിനെ ഗുജ്ജറുകളും ബകർവാളുകളും എതിർക്കുന്നു. നിലവിൽ എസ്‌ടി ക്വോട്ടയിൽ 10 ശതമാനം ഇവർക്ക് സംവരണമുണ്ട്. ഭാഷാടിസ്ഥാനത്തിൽ മാത്രം ‘പ്രത്യേക വിഭാഗത്തിൽ’നിന്നുള്ളവർക്ക് ക്വോട്ട കിട്ടുന്നതിനെ അംഗീകരിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്.

English Summary: Amit Shah Announces A Quota In Kashmir Which Is A First For India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com