തിരുവനന്തപുരം∙ കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ പക്ഷംപിടിക്കുന്നുവെന്ന് ശശി തരൂര്‍. അണികള്‍ നേതാക്കളെ അനുസരിക്കണമെന്നില്ല. പാര്‍ട്ടിയില്‍ മാറ്റത്തിനായാണ് മത്സരിക്കുന്നതെന്നും ശശി തരൂര്‍ തിരുവനനന്തപുരത്ത് പറഞ്ഞു. അതേസമയം, കെപിസിസി ഓഫിസിലെത്തിയ തരൂരിനെ സ്വീകരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ആരുമെത്തിയില്ല.
‘‘ആരു ജയിച്ചാലും ശരിക്കുള്ള വിജയം പാർട്ടിയുടെ വിജയമായിരിക്കണമെന്നാണ് എന്റെ വിശ്വാസം. മുതിർന്ന നേതാക്കൾക്കിടയിൽ വേർതിരിവുണ്ട്. പക്ഷേ അവർ പറഞ്ഞതു തന്നെ നമ്മുടെ പാർട്ടി അംഗങ്ങൾ അനുസരിക്കണമെന്ന് നിർബന്ധമില്ല. അങ്ങനെയെങ്കിൽ അത് ജനാധിപത്യവിരുദ്ധമാണ്. അവർ അവരുടെ മനഃസാക്ഷിക്കനുസരിച്ച് വോട്ടുചെയ്യട്ടെ. എന്റെ അഭിപ്രായത്തിൽ പാർട്ടിക്കകത്ത് ശത്രുക്കളൊന്നുമില്ല.’’ – തരൂർ പറഞ്ഞു.
‘‘രഹസ്യ ബാലറ്റിലൂടെയാണ് വോട്ട് രേഖപ്പെടുത്തുന്നത്. സീൽ ചെയ്ത ബാലറ്റ് ബോക്സ് അടുത്ത ദിവസം തന്നെ ഡൽഹിയിലെത്തിക്കും. സ്ഥാനാർഥികളുടെ മുൻപിൽവച്ച് അത് തുറക്കും. ആര്, എങ്ങനെ വോട്ടുചെയ്തിട്ടുണ്ടെന്ന് ആർക്കും അറിയില്ല. ഫലം എന്തായാലും അത് അംഗീകരിക്കണം. മുതിർന്ന നേതാക്കളെ ഞാൻ ബഹുമാനിക്കുന്നു. അവരുടെ വോട്ടിന്റെ അതേ വില തന്നെയാണ് സാധാരണ പ്രവർത്തകന്റെയും വോട്ടിന്’’ – തരൂർ ചൂണ്ടിക്കാട്ടി.
‘‘ഭാരത് ജോഡോ യാത്രയിലൂടെ രാഹുൽ ഗാന്ധി എല്ലാ വോട്ടർമാരുടെയും അടുത്തെത്തുകയാണ്. 2014ലും 2019ലും നമുക്ക് വോട്ടു ചെയ്യാത്തവരെ തിരിച്ചുകൊണ്ടുവരണം. നമ്മൾ ശക്തമായ പാർട്ടിയാണെന്ന് കാണിച്ചുകൊടുക്കണം. പഴയ രീതിയിലുള്ള പ്രവർത്തനം കാഴ്ച്ചവച്ചാൽ പാർട്ടി ദുഃഖിക്കേണ്ടി വരുമോ എന്നു ഭയമുണ്ട്. അത് വരാതിരിക്കാനും ധൈര്യത്തോടെ പാർട്ടി മുന്നോട്ടു പോകാനുമാണ് ഞാൻ മത്സരിക്കുന്നത്’’ – ശശി തരൂർ പറഞ്ഞു.
English Summary: Congress president election campaign: Shashi Tharoor reached in Kerala