ADVERTISEMENT

കീവ്∙ റഷ്യ– യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്വിറ്ററിൽ ആശയം പങ്കുവയ്ക്കുകയും വോട്ടെടുപ്പ് നടത്തുകയും ചെയ്ത് ടെസ്‌ല മേധാവി ഇലോൺ മസ്ക്കിനെതിരെ പ്രതിഷേധം. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി, ലിത്വേനിയ പ്രസിഡന്റ് ഗീതനസ് നൗസേദ എന്നിവരുൾപ്പെടെ മസ്ക്കിനെതിരെ രംഗത്തെത്തി. റഷ്യയുടെ നിയന്ത്രണത്തിലുള്ള യുക്രെയ്നിലെ നാല് പ്രദേശങ്ങളിൽ യുഎൻ മേൽനോട്ടത്തിൽ ഹിതപരിശോധന നടത്തണമെന്നും ഫലം യുക്രെയ്ന് അനുകൂലമെങ്കിൽ റഷ്യ പിന്മാറണമെന്നും മസ്ക് പറഞ്ഞു.

2014ൽ റഷ്യ പിടിച്ചെടുത്ത ക്രൈമിയ റഷ്യയുടെ ഭാഗമാണെന്ന് ഔദ്യോഗികമായി അംഗീകരിക്കണമെന്നും ക്രൈമിയയിലേക്കുള്ള ജലവിതരണം ഉറപ്പാക്കണമെന്നും യുക്രെയ്ൻ നിഷ്പക്ഷത പാലിക്കണമെന്നും മസ്ക് നിർദേശിച്ചു. ഈ ആശത്തോട് ‘യെസ്’ അല്ലെങ്കിൽ ‘നോ’ എന്ന് അഭിപ്രായം രേഖപ്പെടുത്താൻ അദ്ദേഹം ട്വിറ്റർ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.

ഇതിനു പിന്നാലെ മറ്റൊരു വോട്ടെടുപ്പും മസ്ക് നടത്തി. ‘‘ഡോൺബാസിലും ക്രൈമിയയിലും താമസിക്കുന്നവർക്കു റഷ്യയുടെ ഭാഗമാകാനാണോ യുക്രെയ്‌നിന്റെ ഭാഗമാകാനാണോ താൽപര്യമെന്ന് പരിശോധിക്കണം.’’– മസ്ക് ട്വീറ്റ് ചെയ്തു. ഇതിലും ‘യെസ്’ അല്ലെങ്കിൽ ‘നോ’ രേഖപ്പെടുത്താൻ അദ്ദേഹം ആവശ്യപ്പെട്ടു.

ഇതോടെയാണ് മസ്ക്കിനെതിരെ പ്രതിഷേധം ഉയർന്നത്. ‘യുക്രെയ്നെ പിന്തുണയ്ക്കുന്ന ആൾ, റഷ്യയെ പിന്തുണയ്ക്കുന്ന ആൾ: ഏതു മക്സക്കിനെയാണ് കൂടുതൽ ഇഷ്ടം?’ എന്ന ചോദ്യത്തിന് അഭിപ്രായം രേഖപ്പെടുത്താനായിരുന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ പരിഹാസ രൂപേണയുള്ള ട്വീറ്റ്.

‘‘പ്രിയ ഇലോൺ മസ്ക്, ആരെങ്കിലും നിങ്ങളുടെ ടെസ്‌ലയുടെ ചക്രങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചാൽ, അത് അവരെ കാറിന്റെയോ ചക്രങ്ങളുടെയോ നിയമപരമായ ഉടമയാക്കില്ല. അവർ രണ്ടുപേരും അതിന് അനുകൂലമായി വോട്ട് ചെയ്തുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും.’’ – ലിത്വേനിയ പ്രസിഡന്റ് ഗീതനസ് നൗസേദ മസ്ക്കിനു മറുപടിയായി ട്വീറ്റ് ചെയ്തു.

അതേസമയം, തന്റെ നിർദേശം ജനപ്രിയമല്ലെന്ന് അറിയാമെന്നും അതു കാര്യമാക്കുന്നില്ലെന്നും മസ്ക് വ്യക്തമാക്കി. ‘‘ഉറപ്പായ ഒരു ഫലത്തിനു വേണ്ടി ദശലക്ഷക്കണക്കിന് ആളുകൾ അനാവശ്യമായി മരിക്കാനിടയുണ്ട്. റഷ്യയിൽ യുക്രെയ്‌നിന്റെ മൂന്നു മടങ്ങ് ജനസംഖ്യയുണ്ട്. അതിനാൽ യുദ്ധത്തിൽ യുക്രെയ്‌നു വിജയം സാധ്യമല്ല. നിങ്ങൾക്ക് യുക്രെയ്‌നിലെ ജനങ്ങളെക്കുറിച്ച് കരുതലുണ്ടെങ്കിൽ സമാധാനം ഉറപ്പാക്കണം.’’ – അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

English Summary: Elon Musk Tweets His 'Peace Plan' To End Ukraine War, Zelensky Responds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com