ADVERTISEMENT

ചെന്നൈ∙ തമിഴ്നാടിനെ ഞെട്ടിച്ച് നരബലി. കൃഷ്ണഗിരി ജില്ലയിലെ തേങ്കനിക്കോട്ടാണ് കർഷകനെ മന്ത്രവാദി തലയ്ക്കടിച്ചു കൊന്ന് പൂജ നടത്തിയത്. നിധി തട്ടിയെടുക്കാനായിരുന്നു കൊലപാതകം. തേങ്കനിക്കാട്ട് കൊളമംഗലത്തിനടുത്ത് കർഷകനായ ലക്ഷ്മണനെയാണ് ബുധനാഴ്ച സ്വന്തം കൃഷിയിടത്തിൽ തലതകർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. മന്ത്രവാദം നടന്നതിന്റെ സൂചനയായി നാരങ്ങ, സിന്ദൂരം, കർപ്പൂരം തുടങ്ങിയവ മൃതദേഹത്തിന് സമീപമുണ്ടായിരുന്നു.

നരബലി നടന്നെന്ന സംശയത്തെ തുടർന്ന് ലക്ഷ്മണനുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് കേളമംഗലം പൊലീസ് നടത്തിയ അന്വേഷണത്തിൽ ധർമപുരി സ്വദേശിയായ മണി എന്നയാളെ കസ്റ്റഡിയിലെടുത്തു. ലക്ഷ്മണനുമായി അവസാനം ഫോണിൽ സംസാരിച്ചത് മണിയാണ്. മന്ത്രവാദിയായ ഇയാൾ, ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചു.

സംഭവം ഇങ്ങനെ:

വെറ്റിലത്തോട്ടത്തിൽ നിധിയുണ്ടെന്ന് ലക്ഷ്മണനെ മണി പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. നരബലി നൽകാനായി മണിയുടെ അടുത്തു സ്ഥിരമായി ചികിത്സയ്ക്കെത്തുന്ന യുവതിയെ ഇവർ കണ്ടെത്തുകയും ചെയ്തു. ചികിത്സയ്ക്കെന്ന വ്യാജേന വെറ്റിലത്തോട്ടത്തിലേക്ക് വരാൻ യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ പൂജ തുടങ്ങി ഏറെനേരം കഴിഞ്ഞിട്ടും യുവതി എത്തിയില്ല.

ഇതു സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമായി. തുടർന്ന് ലക്ഷ്മണനെ ബലി നൽകാൻ മണി തീരുമാനിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം നിധിക്കായി ഇയാൾ തോട്ടത്തിലാകെ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല. തുടർന്ന് മൃതദേഹം ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.

English Summary: Krishnagiri farmer falls prey to his own human sacrifice attempt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com