നോയിഡ∙ 30 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് പതിനൊന്നുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. കുറ്റവാളികൾക്കായി പൊലീസ് നടത്തിയ തിരച്ചിലിന്റെ ഭാഗമായുണ്ടായ രണ്ടു വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു പൊലീസുകാരനു പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗ്രേറ്റർ നോയിഡയിലെ ലക്സർ ഗ്രാമത്തിൽനിന്ന് ശനിയാഴ്ച പകൽ 11.30നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. 30 ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയും ചെയ്തു. ഞായറാഴ്ച ഇക്കോടെക് 1 പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ പണമടങ്ങിയ ബാഗ് തട്ടിക്കൊണ്ടുപോയവർ പറഞ്ഞ സ്ഥലത്ത് കുട്ടിയുടെ പിതാവ് കൊണ്ടു വയ്ക്കുകയും ചെയ്തു.
പണം അവരുടെ കൈവശം എത്തിയാൽ മാത്രമേ കുട്ടിയെ വിട്ടുതരികയുള്ളൂവെന്നായിരുന്നു തട്ടിക്കൊണ്ടുപോയവർ അറിയിച്ചത്. പണം കൈപ്പറ്റിയശേഷം കുട്ടി എവിടെയുണ്ടെന്ന് അവർ പിതാവിനെ അറിയിച്ചു. കാര്യങ്ങൾ കൃത്യമായി നിരീക്ഷിച്ച പൊലീസ് രാവിലെ ഏഴുമണിയോടെ കുട്ടി കുടുംബത്തിനൊപ്പം എത്തിയതിനു പിന്നാലെ അക്രമികളെ പിടികൂടാൻ നടപടിയെടുക്കുകയായിരുന്നു.
തുടർന്ന് ലക്സർ ഗ്രാമത്തിനു സമീപം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുറ്റവാളികളെ കണ്ടെത്തി. വിശാൽ, റിഷഭ് എന്നിവരാണ് ബൈക്കിലുണ്ടായിരുന്നത്. പൊലീസിനെ കണ്ടതും ഇവർ വെടിയുതിർത്തു. പിന്നാലെ അവരെ പൊലീസ് കാലിൽ വെടിവച്ചുവീഴ്ത്തിയെന്ന് ഡിസിപി അഭിഷേക് വർമ അറിയിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘത്തിലെ മൂന്നാമനായ ശിവത്തെ ചുഹാദ്പുർ അണ്ടർപ്പാസിൽ വച്ച് പൊലീസ് തടഞ്ഞു. ഇയാൾ വെടിവച്ചപ്പോൾ പൊലീസും തിരിച്ചുവെടിവച്ചു. വെടിയേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
സംഘത്തിലെ നാലാമനായ വിശാൽ പാൽ ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. മോചനദ്രവ്യമായി നൽകിയ 30ൽ 29 ലക്ഷം രൂപയും കണ്ടെടുത്തു.
English Summary: Pay 30 Lakhs, Kidnappers Told UP Family. How Cops Rescued 11-Year-Old