കോഴിക്കോട് ∙ മൊകവൂരിൽ ദേശീയപാതയിൽ വാനും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കലാഭവൻ നാടക സമിതി ഉടമ അയനിക്കാട് സുനിൽ നക്ഷത്ര (എരഞ്ഞി വളപ്പിൽ സുനിൽ–46) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം.
കോഴിക്കോട് മൊകവൂരിൽവച്ച് സൃഷ്ടി കൂമുള്ളി നാടക സമിതിയുടെ വാൻ കേടായതോടെ, അവരെ കൂട്ടാനായി സുനിൽ തന്റെ ടൂറിസ്റ്റർ വാനുമായി കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്നു. മൊകവൂരിൽ എത്തിയപ്പോഴാണ് എതിരെ വന്ന ടോറസ് ലോറി വാനുമായി കൂട്ടിയിടിച്ചത്. സുനിലിന് തലയ്ക്കും കാലിനുമാണ് ഗുരുതരമായി പരുക്കേറ്റത്.
പിതാവ്: ഗോപാലൻ, മാതാവ്: പരേതയായ നാരായണി. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ചന്ദ്രൻ, സുലോചന, പത്മാവതി, സുധ, പരേതയായ സുമിത.
English Summary: Owner of Kalabhavana nadaka samithi died in accident at Kozhikode