ADVERTISEMENT

തിരുവനന്തപുരം ∙ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശശി തരൂർ എംപിയുമായി അടുത്ത സൗഹൃദമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആർക്കു വോട്ട് ചെയ്യണമെന്ന് നിർദേശിക്കാൻ താൻ ആളല്ല. മനഃസാക്ഷി വോട്ട് എന്ന് പറയുന്നതിൽ തെറ്റില്ലെന്നും സുധാകരൻ പറഞ്ഞു.

‘‘ജനാധിപത്യ തിരഞ്ഞെടുപ്പിൽ അഭിപ്രായങ്ങൾ വ്യത്യസ്തമായിരിക്കും. അത് സ്വാഭാവികമാണ്. അതിനകത്ത് ആർക്കും പരാതിയില്ല. രാവിലെ ഞാനും ശശി തരൂരും സംസാരിച്ചിരുന്നു. ഞങ്ങളുടെ സൗഹൃദത്തിൽ ഒരു പ്രശ്നവും ഉണ്ടാകില്ല. ഗാന്ധിജിയുടെ സ്ഥാനാർഥിയും നെഹ്റുവിന്റെ സ്ഥാനാർഥിയും പരസ്പരം മത്സരിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ ചരിത്രം അതാണ്. മത്സരം ഒരു ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖമാണ്. കോൺഗ്രസ് അതിലേക്കു പോകുമ്പോൾ നിങ്ങൾക്ക് അസൂയ വേണ്ട. മാധ്യമങ്ങൾക്ക് വേവലാതിയും വേണ്ട. കേരളത്തിന്റെ പിന്തുണ ഖാർഗെയ്ക്കാണെന്ന് പറയാൻ ഞാൻ ആരാണ്?’’ – സുധാകരൻ ചോദിച്ചു.

അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.മുരളീധരൻ തുടങ്ങിയ നേതാക്കളെല്ലാം മല്ലികാർജുൻ ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തം അധ്വാനം കൊണ്ട് താഴെത്തട്ടു മുതൽ ഉയർന്നുവന്ന ഖാർഗെയാണ് നല്ലതെന്നാണ് തന്റെ അഭിപ്രായമെന്നായിരുന്നു കെ.മുരളീധരന്റെ വാക്കുകൾ. എന്നുകരുതി തങ്ങളാരും തരൂരിന് എതിരല്ലെന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിനു സാധാരണ ജനങ്ങളുമായി ബന്ധം അൽപം കുറവാണ്. അദ്ദേഹം വളർന്നുവന്ന സാഹചര്യം അങ്ങനെയാണ്. അതിനെ കുറ്റം പറയാനാകില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടിയിരുന്നു.

English Summary: K Sudhakaran on AICC president election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com