‘സ്നേഹം തരൂരിനും വോട്ട് ഖർഗെയ്ക്കും; തരൂരിനു സാധാരണക്കാരുമായുള്ള ബന്ധം അൽപം കുറവ്’

K-Muralidharan
കെ. മുരളീധരൻ
SHARE

തിരുവനന്തപുരം∙ കോൺഗ്രസ് അധ്യക്ഷനാകാൻ മല്ലികാർജുൻ ഖർഗെയാണ് പറ്റിയ ആളെന്നും തന്റെ വോട്ട് അദ്ദേഹത്തിനായിരിക്കുമെന്നും കെ.മുരളീധരൻ എംപി. തന്റെ സ്നേഹം തരൂരിനും വോട്ട് ഖർഗെയ്ക്കുമായിരിക്കുമെന്ന് കെ.മുരളീധരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജനങ്ങളുടെ മനസ്സ് അറിയുന്ന ആളാകണം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു വരേണ്ടത്. അധ്യക്ഷൻ താഴേത്തട്ടിൽനിന്നു സ്വന്തം അധ്വാനത്തിലൂടെ ഉയർന്നു വന്ന മല്ലാകാർജുൻ ഖർഗെ ആകണം. തരൂരിനു സാധാരണക്കാരുമായുള്ള ബന്ധം അൽപ്പം കുറവാണ്. അതിന് അദ്ദേഹത്തെ കുറ്റം പറയാൻ കഴിയില്ല. തരൂര്‍ വളർന്നുവന്ന സാഹചര്യം വ്യത്യസ്തമാണ്. അദ്ദേഹം നയതന്ത്ര രംഗത്താണ് പ്രവർത്തിച്ചത്.

പാർട്ടിക്ക് സാധാരണക്കാർ മുതൽ നയതന്ത്ര വിദഗ്ധരെവരെ ആവശ്യമുണ്ട്. തരൂരിനും പാർട്ടി ഘടനയിൽ സ്ഥാനമുണ്ട്. എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ പാർട്ടിയെ നയിക്കാൻ യോജിച്ചയാൾ മല്ലികാർജുൻ ഖർഗെയാണ്. അദ്ദേഹത്തിന് 80 വയസായി എന്നാണ് ഒരു ആരോപണം. മനസ്സ് എത്തുന്നിടത്ത് ശരീരം എത്തിയാൽ പ്രായം പ്രശ്നമല്ല. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ആഭ്യന്തര പ്രശ്നങ്ങളുണ്ടാകുമ്പോൾ പരിഹരിക്കുന്നത് ഖർഗെയാണ്.

കേരളത്തിൽ പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടപ്പോൾ പരിഹാര നിർദേശങ്ങൾ നൽകിയതും രാജസ്ഥാനിലെ പ്രശ്നങ്ങൾ പരിഹരിച്ചതും ഖർഗെയാണ്. ഇതിനർഥം തങ്ങളാരും തരൂരിന് എതിരാണെന്നല്ലെന്നും എല്ലാവരും ഒരുമിച്ചാണ് ബിജെപിക്കെതിരെ പോരാടുന്നതെന്നും കെ.മുരളീധരൻ പറഞ്ഞു.

പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനും ജനങ്ങളെ ആകർഷിക്കാനും ഖർഗെയ്ക്കു കഴിയും. മറ്റു പാർട്ടികളെ യോജിപ്പിച്ച് ബിജെപിക്കെതിരെ പോരാടുന്ന നേതാവാണ് അദ്ദേഹം. തരൂർ മുന്നോട്ടുവച്ച ആശയങ്ങളോടു യോജിപ്പുണ്ട്. അദ്ദേഹം കാണാൻ ക്ഷണിച്ചാൽ തന്റെ നിലപാടുകൾ നേരിട്ടു പറയും. ആര് എഐസിസി പ്രസിഡന്റായി വന്നാലും താൻ അംഗീകരിക്കും. തരൂർ മികച്ച പാർലമെന്റേറിയനാണ്. എന്നാൽ, പാർട്ടിയിലെ എല്ലാവരെയും നയിക്കാൻ പറ്റിയ നേതാവ് ഖാർഗെയാണ്.

അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം ഭാരത് ജോഡോ യാത്ര ഉണ്ടാക്കിയ ഉണർവിനെ തകർക്കാനായിട്ടില്ല. അധികാര സ്ഥാനങ്ങളിലേക്കുള്ള നോമിനേഷനുകളിൽ പലർക്കും പരാതിയുണ്ട്. അതിനു പരിഹാരം തിരഞ്ഞെടുപ്പാണ്. അടുത്ത തവണ കേരളത്തിൽ ബൂത്ത് തലംമുതൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തും. കോൺഗ്രസിനെ വിമർശിക്കുന്നവർ പോലും പാർട്ടിയിൽ ഇപ്പോൾ ജനാധിപത്യംവന്നു എന്ന അഭിപ്രായക്കാരാണ്. അധ്യക്ഷ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബിജെപിക്കെതിരായ പോരാട്ടത്തിൽ എല്ലാവരും ഒന്നിച്ചുണ്ടാകുമെന്നും കെ.മുരളീധരൻ പറഞ്ഞു.

English Summary: Love for Shashi Tharoor and vote for Mallikarjun Kharge, says K Muralidharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}