ADVERTISEMENT

മലപ്പുറം ∙ ലഹരിമരുന്ന് കടത്തുമായി ബന്ധമില്ലെന്ന് ദക്ഷിണാഫ്രിക്ക ആസ്ഥാനമായ മോര്‍ ഫ്രെഷ് എക്സ്പോര്‍ട്സ് ഉടമ തച്ചപറമ്പന്‍ മന്‍സൂർ. ലഹരിക്കടത്തു കേസിൽ ഡിആർഐ അന്വേഷിക്കുന്ന മൻസൂർ, മനോരമ ന്യൂസിനോടാണ് ഇക്കാര്യം പറഞ്ഞത്. അമൃത് പട്ടേല്‍ എന്നയാള്‍ തന്‍റെ കണ്ടെയ്നറില്‍ അയച്ച പാഴ്സലിലായിരുന്നു ലഹരിയെന്ന് മൻസൂർ വിശദീകരിച്ചു. ദക്ഷിണാഫ്രിക്കന്‍ പൊലീസിനോട് അമൃത് കുറ്റം സമ്മതിച്ചിട്ടുണ്ട്. പിടിയിലായ വിജിൻ വർഗീസിന് ലഹരിക്കടത്തുമായി ബന്ധമില്ലന്നും മന്‍സൂര്‍ പറഞ്ഞു.

‘‘ഞങ്ങൾ അമൃത് പട്ടേൽ എന്നയാളെയാണ് ഈ കണ്ടെയ്നറിന്റെ കാര്യങ്ങൾ ഏൽപ്പിച്ചിരുന്നത്. മൂന്നു കണ്ടെയ്നറുകളാണ് ചെയ്യേണ്ടിയിരുന്നത്. ഞാൻ ഇന്ത്യയിലുള്ള സമയത്താണ് അമൃത് പട്ടേലിന് ഓർഡർ നൽകുന്നത്. ഈ വർഷം ജൂലൈ 14നാണ് ഞാൻ ഇന്ത്യയിലെത്തിയത്. സെപ്റ്റംബർ 20ന് തിരിച്ചെത്തി. ഈ കണ്ടെയ്നറുകൾ ലോഡ് ചെയ്യുമ്പോൾ ഞാൻ നാട്ടിലായിരുന്നു. കണ്ടെയ്നർ എത്തുന്ന സമയത്ത് ഞാൻ ദക്ഷിണാഫ്രിക്കയിൽ തിരിച്ചെത്തി’’ – മൻസൂർ വിശദീകരിച്ചു.

‘ഈ ലഹരിക്കടത്തുമായി എനിക്ക് യാതൊരു ബന്ധവുമില്ല. കണ്ടെയ്നർ ലോഡ് ചെയ്യുന്ന സമയത്ത് അമൃത് അയാൾക്ക് ആവശ്യമുള്ള നാലു പെല്ലറ്റ് കൂടി കയറ്റട്ടെയെന്ന് പല തവണ ചോദിച്ചിരുന്നു. ആദ്യമൊക്കെ ഞാൻ നിരസിച്ചതാണ്. ഇന്ത്യയിൽ ബിസിനസ് ആരംഭിക്കുന്നതിനാണെന്നും ഫുൾ കണ്ടെയ്നർ കൊണ്ടുപോകാനുള്ള സാഹചര്യമില്ലെന്നും പറഞ്ഞപ്പോഴാണ് ഞാൻ സമ്മതിച്ചത്. ഇവിടെ എന്നെ സഹായിക്കുന്നയാളല്ലേ എന്ന പരിഗണനയിലാണ് അതു ചെയ്തത്.’’ – മൻസൂർ പറഞ്ഞു.

‘പക്ഷേ, ആ നാലു പലറ്റ് അവൻ അതിനൊപ്പം കയറ്റിയിട്ടുണ്ട് എന്നതിന്റെ തെളിവ് എന്റെ കയ്യിലുണ്ട്. അവന്റെ നാലു പലറ്റിന്റെ പൈസ കുറച്ചിട്ടാണ് ഞാൻ എന്റെ കണ്ടെയ്നറുകളുടെ പണം അമൃതിന് അയച്ചുകൊടുത്തത്. ആ ഇൻവോയ്സിൽത്തന്നെ അതു ശരിക്ക് കാണിക്കുന്നുണ്ട്. ഞാൻ ഇവിടെനിന്ന് സ്ഥിരമായി കണ്ടെയ്നർ അയയ്ക്കുന്ന ആളാണ്. എനിക്ക് ഇത്തരമൊരു കാര്യം ചെയ്യാനാകില്ലല്ലോ. കയറ്റി അയയ്ക്കുന്ന ആളുടെ പേരും ഇറക്കുമതി ചെയ്യുന്ന ആളുടെ പേരും വിശദാംശങ്ങളുമെല്ലാം രേഖകളിലുണ്ടാകും. അവിടെ തട്ടിപ്പ് നടത്താൻ പറ്റില്ലല്ലോ’ – മൻസൂർ പറഞ്ഞു.

സംഭവത്തിൽ അറസ്റ്റിലായ വിജിൻ വർഗീസ് തന്റെ അടുത്ത സുഹൃത്താണെന്നും ലഹരിക്കടത്തുമായി ബന്ധമില്ലെന്നും മൻസൂർ വിശദീകരിച്ചു. വിജിന് ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്താലും തന്റെ പേരു മാത്രമേ പറയാൻ അറിയൂ എന്നും, ഇതുമായി ബന്ധപ്പെട്ട് നടന്ന മറ്റു സംഭവവികാസങ്ങൾ അറിയില്ലെന്നും മൻസൂർ വ്യക്തമാക്കി. അമൃത് പട്ടേൽ ദക്ഷിണാഫ്രിക്കൻ പൊലീസിനോടു കുറ്റം സമ്മതിച്ചിട്ടുണ്ട്. മൻസൂറിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് അമൃത് മൊഴി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

ഡിആര്‍െഎ മുംബൈയില്‍നിന്നു പിടികൂടിയ വൻ ലഹരിക്കടത്തുമായി ബന്ധപ്പെട്ടാണ് മൻസൂർ സംശയനിഴലിലായത്. പഴങ്ങൾ ഇറക്കുമതി ചെയ്യുന്നതിന്റെ മറവില്‍ 1,476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസില്‍ കാലടി ആസ്ഥാനമായ യമ്മിറ്റോ ഇന്‍റര്‍നാഷനല്‍ ഫുഡ്സ് മാനേജിങ് ഡയറക്ടര്‍ വിജിന്‍ വര്‍ഗീസിനെ അറസ്റ്റു ചെയ്തിരുന്നു. വിജിന്‍റെ പങ്കാളി കൂടിയാണ് മന്‍സൂർ. സെപ്റ്റംബര്‍ 30നാണ് മുംബൈ വാശിയില്‍ ഇറക്കുമതി ചെയ്ത ഒാറഞ്ച് കൊണ്ടുപോവുകയായിരുന്ന ട്രക്കില്‍ ഒളിപ്പിച്ച് കടത്തിയ 1476 കോടി രൂപയുടെ ലഹരിമരുന്ന് ഡിആര്‍െഎ പിടികൂടിയത്. 198 കിലോ മെത്തും 9 കിലോ കൊക്കൈയിനുമാണ് പിടിച്ചെടുത്തത്.

English Summary: No Connection With Drug Trafficking, Says Absconding Mansoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com