മാരിടൈം ക്ലസ്റ്ററിനും ഫിഷറീസ്, അക്വാ കൾച്ചർ പദ്ധതികൾക്കും നോർവെയുടെ സഹായം

Pinarayi Vijayan in Norway
നോർവേ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി വകുപ്പ് മന്ത്രി ജോർണർ സെൽനെസ് സ്കെജറനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയപ്പോൾ.
SHARE

ഓസ്‌ലോ ∙ കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപപ്പെടുത്തുന്നതിനും ഫിഷറീസ്, അക്വാ കൾച്ചർ രംഗത്ത് പുതിയ പദ്ധതികൾ നടപ്പിലാക്കാനും നോർവെയുടെ സഹായ വാഗ്ദാനം. മാരിടൈം ക്ലസ്റ്റർ, ഫിഷറീസ്, അക്വാ കൾച്ചർ എന്നിവയുമായി ബന്ധപ്പെട്ട് നോർവേ കേരളവുമായി സഹകരിക്കുമെന്ന് നോർവേ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി വകുപ്പ് മന്ത്രി ജോർണർ സെൽനെസ് സ്കെജറൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവുമായി നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

1953ൽ കൊല്ലം ജില്ലയിലെ നീണ്ടകരയിൽ ആരംഭിച്ച നോർവീജിയൻ പദ്ധതി കേരളത്തിലെ മത്സ്യബന്ധന മേഖലയിലുണ്ടാക്കിയ ഗുണപരമായ മാറ്റങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ വിശദീകരിച്ചു. മത്സ്യബന്ധന വ്യവസായത്തിന്റെ വികസനം, മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ 1952 ഒക്ടോബർ 17ന് ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയും നോർവേയും ത്രികക്ഷി കരാറിൽ ഏർപ്പെട്ടിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Pinarayi Vijayan in Norway
നോർവേ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി വകുപ്പ് മന്ത്രി ജോർണർ സെൽനെസ് സ്കെജറനുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയപ്പോൾ.

ഇതേത്തുടർന്നാണ് 1953ൽ കൊല്ലം നീണ്ടകരയിൽ പദ്ധതി ആരംഭിക്കുന്നത്. 1961ൽ പദ്ധതി എറണാകുളത്തേക്ക് മാറ്റി. എറണാകുളത്ത് ഒരു ഐസ്പ്ലാന്റും മത്സ്യബന്ധന യാനങ്ങൾക്കുള്ള സ്ലിപ്‌വേയോടു കൂടിയ വർക്‌ഷോപ്പും സ്ഥാപിച്ചു. പദ്ധതി നടപ്പാക്കിയതോടെ യന്ത്രവൽകൃത മത്സ്യബന്ധന മേഖലയിൽ കേരളം അതിവേഗം വളരുകയും കടൽ മത്സ്യ ഉൽപാദനം വർഷം തോറും വർധിക്കുകയും ചെയ്തു. പതിറ്റാണ്ടുകളായി കടൽ മത്സ്യ ഉൽപാദനത്തിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണ് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ത്യ-നോർവേ സഹകരണത്തിൽ കേരളം ഒരു പ്രധാന ഘടകമാണെന്ന് മുഖ്യമന്ത്രിയുടെ പ്രസംഗത്തോട് പ്രതികരിച്ചുകൊണ്ട് നോർവേ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി മന്ത്രി ജോർണർ സെൽനെസ് സ്കെജറൻ പറഞ്ഞു. ‘ഞങ്ങളുടെ സഹകരണത്തിന്റെ ഒരു പ്രധാന ഭാഗം കൊച്ചിൻ ഷിപ്പ്‌യാർഡിലെ കപ്പലുകളുടെ നിർമാണമാണ്’ എന്ന് അദ്ദേഹം പറഞ്ഞു. ഈ സഹകരണം വികസിപ്പിക്കാൻ നോർവേ തയാറാണെന്നും അത് കൂടുതൽ മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

വ്യവസായ മന്ത്രി പി.രാജീവ് മാരിടൈം ക്ലസ്റ്ററിന്റെ പ്രാധാന്യം അടിവരയിടുകയും ഈ മേഖലയിലെ സാങ്കേതിക സഹകരണത്തിന്റെ ആവശ്യകത വിവരിക്കുകയും ചെയ്തു. മറൈൻ അക്വാ കൾച്ചർ മേഖലയിൽ കേരളവും നോർവേയും തമ്മിലുള്ള സഹകരണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ സംസാരിച്ചു.

കേരള സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപഴ്സൻ ഡോ. വി.കെ.രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ്, ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി വേണു രാജാമണി, ഫിഷറീസ് ആൻഡ് ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസ് എന്നിവരടങ്ങിയതായിരുന്നു പ്രതിനിധി സംഘം.

∙ ‘കേരളത്തിന്റെ ആവശ്യം ഗൗരവത്തോടെ പരിഗണിക്കും’

ലോക സമാധാന സമ്മേളനം വിളിച്ചുചേർക്കാനുള്ള കേരള സർക്കാരിന്റെ ആവശ്യം ഗൗരവമായി പരിഗണിക്കുമെന്ന് നൊബേൽ പീസ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ കെജെർസ്റ്റി ഫ്ലോഗ്സ്റ്റഡ്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ ഉറപ്പു നൽകിയത്. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകുന്ന സ്ഥാപനമാണ് നോർവെയിലെ നൊബേൽ പീസ് സെന്റർ.

കേരള സർക്കാരിന്റെ കഴിഞ്ഞ ബജറ്റിൽ ലോക സമാധാന സമ്മേളനം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടിക്കാഴ്ചയിൽ നൊബേൽ പീസ് സെന്ററുമായി സഹകരിച്ച് ഇത്തരമൊരു കൂട്ടായ്മ സംഘടിപ്പിക്കാൻ മുഖ്യമന്ത്രി താൽപര്യം പ്രകടിപ്പിച്ചു. ഒരു സർക്കാർ ഇത്തരമൊരു സമ്മേളനം വിളിച്ചുചേർക്കുന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്ന് ഫ്ലോഗ്സ്റ്റാഡ് കൂട്ടിച്ചേർത്തു.

സമാധാനത്തിനുള്ള നൊബേൽ സമ്മാനം വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് തിരക്കുകൾ മാറ്റിവച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിക്കാഴ്ചയ്ക്ക് തയാറായത്. കേരളത്തിന്റെ ഔദ്യോഗിക നിർദേശം ഈ വിഷയത്തിൽ ലഭിക്കുകയാണെങ്കിൽ അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പീസ് സെന്ററിന്റെ നേരിട്ടുള്ള നേതൃത്വത്തിലല്ലാതെ മറ്റു സ്ഥാപനങ്ങളുമായി സഹകരിച്ച് ഇത്തരം പരിപാടികൾ സംഘടിപ്പിക്കാറില്ല. ഒരു സംസ്ഥാന ഭരണകൂടം ഈ നിർദേശവുമായി മുന്നോട്ടുവന്ന സാഹചര്യത്തിൽ സഹകരിക്കുന്ന കാര്യം ചർച്ച ചെയ്യുമെന്ന് അവർ വ്യക്തമാക്കി.

English Summary: Norway's help to Maritime Cluster, Fisheries and Aquaculture projects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA