ADVERTISEMENT

ശ്രീനഗർ∙ ഭീകരത തുടരുന്ന പാക്കിസ്ഥാനുമായി ചർച്ചയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പകരം ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ കശ്മീരിലെ യുവാക്കളോടാണ് സംസാരിക്കുക, പാക്കിസ്ഥാനോടല്ലെന്നും അമിത് ഷാ പറഞ്ഞു. ബാരാമുള്ളയിലെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുല്ല, മുഫ്തി കുടുംബങ്ങൾ കശ്മീരിൽ ഭീകരതയെയും വിഘടനവാദത്തെയുമാണ് പിന്തുണച്ചിരുന്നത്. എന്നാൽ ബിജെപി തൊഴിൽ സൃഷ്ടിക്കാനുള്ള നിക്ഷേപമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘പാക്കിസ്ഥാനോട് സംസാരിക്കാൻ അവരെന്നോട് ആവശ്യപ്പെടുന്നു. എന്നാൽ ഞാൻ സംസാരിക്കില്ല. കശ്മീരിലെ യുവാക്കളോടാണ് ഞാൻ സംസാരിക്കുക. ഗുജ്ജർ, ബകർവാൾ, പഹാരി ജനങ്ങളോട്. കശ്മീരിൽ ആരെങ്കിലും കൊല്ലപ്പെട്ടാൽ അതിന്റെ വേദന എനിക്കുണ്ടാകും. സ്വന്തം മകന്റെ ശവപ്പെട്ടി തോളിൽ വഹിക്കുക എന്നതാണ് ഒരാളുടെ ഏറ്റവും വലിയ സങ്കടം. കശ്മീരിൽ ഏതെങ്കിലും രാഷ്ട്രീയക്കാരുടെ മക്കൾ കൊല്ലപ്പെട്ടിട്ടുണ്ടോ?. ഗുപ്കർ മോഡൽ മുന്നോട്ടുവയ്ക്കുന്ന ഭീകരതയും വിഘടനവാദവും കേന്ദ്ര സർക്കാർ അംഗീകരിച്ചുതരില്ല.

പുൽവാമ സംഭവത്തിനു കാരണം ഗുപ്കർ മോഡൽ ആണ്. എന്നാൽ മോദി ആശുപത്രി പണിതു. ഗുപ്കറിന്റെ സമയത്ത് ബന്ദുകളും സമരങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ മോദിയുടെ മോഡലിൽ ഐഐടികളും ഐഐഎമ്മുകളും എയിംസും ഉണ്ടായി. ഭീകരതയിലേക്കു പോയ യുവാക്കൾ തിരിച്ചു മുഖ്യധാരയിലെത്തി. തീവ്രവാദം കശ്മീരിന് ഗുണകരമാകില്ല. വ്യവസായങ്ങളാണ് കശ്മീരിനെ വികസനത്തിലേക്കു നയിക്കുക.

വോട്ടർ പട്ടിക പൂർത്തിയായാൽ സുതാര്യമായ രീതിയിൽ കശ്മീരിൽ തിരഞ്ഞെടുപ്പ് നടത്തും. ഓരോ സമയവും ഓരോ കുടുംബങ്ങളാണ് ജമ്മു കശ്മീർ ഭരിച്ചിരുന്നത്. ഇനി മുതൽ നിങ്ങളെ ഭരിക്കുന്നവരെ നിങ്ങൾക്കു തിരഞ്ഞെടുക്കാം’’ – അമിത് ഷാ കൂട്ടിച്ചേർത്തു.

English Summary: Not Pakistan, Will Talk To Kashmir Youth, HM Amit Shah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com