‘ഗർഭപാത്രത്തിൽ 9.5 സെ.മീ കീറൽ, എന്റെ കുട്ടി മരിച്ചത് രക്തം വാർന്ന്; അവസാനം വരെയും മറച്ചുവച്ചു’

aiswarya
ഐശ്വര്യ
SHARE

പാലക്കാട് ∙ യാക്കര തങ്കം ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കെതിരെയും ആശുപത്രിക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. ജൂലൈ ആദ്യവാരം ചിറ്റൂർ തത്തമംഗലം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും നവജാതശിശുവും മരിച്ചത് ചികിത്സാ പിഴവു മൂലമാണെന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് ഡോക്ടർമാരെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടു.

ഐശ്വര്യയും കുഞ്ഞും മരിക്കാൻ കാരണം ഡോക്ടർമാരുടെ അനാസ്ഥയാണെന്നും അറസ്റ്റിലായ ഡോക്ടർമാരെ ഐഎംഎയിൽനിന്ന് പുറത്താക്കണമെന്നും നടപടിയെടുക്കണമെന്നും ഐശ്വര്യയുടെ കുടുംബം ആവശ്യപ്പെട്ടു. രക്തം കൊണ്ടുവരാൻ ആംബുലൻസ് ആവശ്യപ്പെട്ടപ്പോൾ തകരാറിലാണെന്നും വിട്ടുതരാൻ സാധിക്കില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഐശ്വര്യയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് അറിഞ്ഞിട്ടും സി–സെക്‌ഷൻ ചെയ്യാൻ തയാറായില്ല. ആശുപത്രിയിൽനിന്ന് ഒന്നര കിലോമീറ്റർ മാത്രം ദൂരെ താമസിക്കുന്ന ഡോ. പ്രിയദർശിനി എത്തിയത് പ്രസവം നടന്ന് ഒരു മണിക്കൂറിനു ശേഷമാണെന്നും കുടുംബം ആരോപിച്ചു.

ഡോ. അജിത്ത് സത്യാനന്ദനെതിരെ നേരത്തെയും കേസുകൾ ഉണ്ടായിട്ടുണ്ട്. നിരവധി നവജാത ശിശുക്കൾ മരണപ്പെട്ടിട്ടുണ്ട്. വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുത്തതു മൂലം ഐശ്വര്യയുടെ ഗർഭപാത്രത്തിൽ 9.5 സെന്റിമീറ്റർ കീറൽ ഉണ്ടായി. ഇത് കേസ് ഷീറ്റിൽ പറയുന്നില്ലെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് കുഞ്ഞിന്റെയും അമ്മയുടെയും മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊണ്ടുപോകുമ്പോൾ, എടുത്തുമാറ്റിയ ഗർഭപാത്രം നൽകിയില്ല. പൊലീസ് ഇടപെട്ടാണ് ഗർഭപാത്രം പോസ്റ്റ്മോർട്ടം ചെയ്യാൻ കൊടുത്തതെന്നും അവർ പറയുന്നു. പ്രസവശേഷം ആദ്യ മണിക്കൂറിൽ ഐശ്വര്യയ്ക്ക് ലഭിക്കേണ്ട ചികിത്സകൾ നൽകിയിട്ടില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.

സിസേറിയൻ ആവശ്യപ്പെട്ടിട്ടും ഡോക്ടർമാർ തയാറായില്ലെന്ന് ഐശ്വര്യയുടെ ചേച്ചി അശ്വതി ആരോപിക്കുന്നു. സംഭവത്തെക്കുറിച്ച് അശ്വതി ‘മനോരമ ഓണ്‍ലൈനോ’ട് പറഞ്ഞതിങ്ങനെ:

‘‘നേരത്തെ സ്കാൻ ചെയ്യാൻ പോയപ്പോൾ കുട്ടി ബ്രീച് പൊസിഷനിൽ ആണ്, ഓപ്പറേഷൻ വേണ്ടി വരുമെന്ന് ഡോ. നിള പറഞ്ഞു. ജൂൺ 23 ന് സിസേറിയനായി വരാൻ പറഞ്ഞു. തുടക്കത്തിൽ ഡോ. പ്രിയദർശിനി ആണ് ഐശ്വര്യയെ പരിശോധിച്ചിരുന്നത്. അവരില്ലാത്ത സമയത്ത് ഡോ. നിളയെയും കാണിക്കാറുണ്ട്.

23 ന് സിസേറിയനുള്ള തയാറെടുപ്പുകളോടെ ആശുപത്രിയിലേക്ക് പോയി. ഐശ്വര്യയുടെ ഭർത്താവ് രഞ്ജിത്തും അവരുടെ മാതാപിതാക്കളും എന്റെ അമ്മയും ഉണ്ടായിരുന്നു. അന്ന് ഡോ. പ്രിയദർശിനി ആയിരുന്നു ഉണ്ടായിരുന്നത്. കുട്ടിയുടെ പൊസിഷനിൽ മാറ്റമുണ്ടെന്നും അടുത്ത ആഴ്ച വന്നാൽ മതിയെന്നും പറഞ്ഞ് അവരെ തിരിച്ചയച്ചു.

ജൂണ്‍ 29 ന് ഉച്ചയ്ക്ക് 2 മണിയോടെ ഞങ്ങൾ ആശുപത്രിയിലെത്തി. ഐശ്വര്യയെ അഡ്മിറ്റ്‌ ചെയ്യാൻ പറഞ്ഞു. 30 ന് പ്രസവ വേദനയ്ക്കായി രാവിലെ 5 മണിക്കും 6.45 നും ഗുളിക നൽകി. എന്നാൽ ആ ദിവസം അവൾക്ക് വേദന ഉണ്ടായില്ല. ജൂലൈ 1നും ഇത് ആവർത്തിച്ചു. പക്ഷേ ഫലമുണ്ടായില്ല. ജൂലൈ 2 നും മരുന്നു നൽകിയെങ്കിലും വേദന വന്നില്ല. കുട്ടി നോർമൽ പൊസിഷനിൽ ആണ്, ഓപ്പറേഷൻ വേണ്ടെന്ന നിലപാടിലായിരുന്നു അവർ. ഞങ്ങൾക്ക് അവർ പറയുന്നതല്ലേ വിശ്വസിക്കാനാകൂ..

aswathy-aiswarya
ഐശ്വര്യ കുടുംബത്തിനൊപ്പം

ആ ദിവസം അവളുടെ വയർ കഴുകി. അന്ന് ഡോ. പ്രിയദർശിനി ആയിരുന്നു ഉണ്ടായിരുന്നത്. ഇടയ്ക്ക് അവളെ കാണാൻ ഞാൻ ലേബർ റൂമിൽ പോയപ്പോൾ വേദന വരാനായി ഫ്ലൂയിഡ് പൊട്ടിച്ചതായി ഐശ്വര്യ പറഞ്ഞു. അക്കാര്യം ഡോക്ടർ ഞങ്ങളെ അറിയിച്ചിരുന്നില്ല. ചെറിയ വേദന വന്നെങ്കിലും വീണ്ടും പഴയ പോലെ തന്നെയായി. അപ്പോഴേക്കും അവൾ ക്ഷീണിതയായി. പ്രസവിക്കാനുള്ള ആരോഗ്യം പോലും അവൾക്കില്ലായിരുന്നു. വീണ്ടും ഐശ്വര്യയെ കാണാൻ ലേബർ റൂമിലേക്ക് പോയപ്പോഴാണ് രണ്ടാമതും ഫ്ലൂയിഡ് പൊട്ടിച്ച കാര്യം അവൾ പറയുന്നത്. വൈകിട്ടോടെ അവളെ നോക്കിയ ഡോക്ടർമാർ ആശുപത്രി വിട്ടു. പിന്നീട് ഡോ. അജിത്ത് സത്യാനന്ദനാണ് വന്നത്. രാത്രി 8.45 ഓടെ എത്തിയ ഡോ. അജിത്ത് അവളെ 2 തവണ പരിശോധിച്ചു. കുഞ്ഞിന്റെ പൊസിഷൻ 4 സെന്റിമീറ്ററിൽ നിന്ന് 7 ആയെന്നും കാത്തിരിക്കാമെന്നും ഡോക്ടർ പറഞ്ഞു. എന്നാൽ അതുവേണ്ട, സിസേറിയൻ മതിയെന്ന് ഞങ്ങൾ ഡോക്ടറോട് പറഞ്ഞു. എന്നാൽ അവർ സമ്മതിച്ചില്ല. 10 മണിയോടെ ലേബർ റൂമിലേക്ക് ഡോക്ടർ എത്തി. ‘കുഞ്ഞിന്റെ പൊസിഷൻ 16 സെന്ററിമീറ്റർ ആയി. എല്ലാം ഓക്കെ ആണ്, ഞങ്ങൾ പ്രസവം എടുക്കാൻ പോവുകയാണ്’ എന്ന് ഞങ്ങളോട് പറഞ്ഞ ശേഷം വാതിലടച്ചു.

10.30 ഓടെ പ്രസവം നടന്നു. ആൺ കുട്ടിയാണ്, പക്ഷേ കുഞ്ഞു കുറച്ചു മാത്രമേ കരയുന്നുള്ളൂ, ഹൃദയമിടിപ്പ് ഉണ്ട്. എൻഐസിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഡോക്ടർ അറിയിച്ചു. ഐശ്വര്യയുടെ കാര്യം ചോദിച്ചപ്പോൾ അവൾക്ക് കുഴപ്പമില്ലെന്നാണ് പറഞ്ഞത്. എന്നാൽ ഏറെ സമയമായിട്ടും ഐശ്വര്യയെ കാണാൻ അനുമതി ലഭിച്ചില്ല. 2 മണിക്കൂറിനു ശേഷം പീഡിയാട്രിഷ്യൻ വിളിച്ചു. ജനിച്ചതു മുതൽ കുട്ടി കരഞ്ഞിട്ടില്ലെന്നും പ്രതീക്ഷ വയ്ക്കരുതെന്നും അവർ പറഞ്ഞു. കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിയല്ലെന്ന സമ്മതപത്രത്തിൽ ഒപ്പിടാൻ അവർ ആവശ്യപ്പെട്ടു. അതു ചോദ്യം ചെയ്തപ്പോൾ, ‘പ്രസവമൊക്കെ അവരല്ലേ, കുഞ്ഞിന്റെ കാര്യം മാത്രമല്ലേ ഞങ്ങൾ നോക്കുന്നത്’ എന്ന് പീഡിയാട്രിഷ്യൻ പറഞ്ഞു. ഒടുവിൽ ഞങ്ങൾ ഒപ്പിട്ടു കൊടുത്തു. മണിക്കൂറുകൾക്കു ശേഷം, കുട്ടി മരിച്ചെന്ന് അവർ അറിയിച്ചു.

ഈ സമയമത്രയും നഴ്‌സുമാരെല്ലാം വെപ്രാളത്തിലായിരുന്നു. ഐശ്വര്യ എവിടെ, എന്തായെന്നു ഞങ്ങൾ ചോദിച്ചു. അപ്പോഴാണ് അവൾക്ക് രക്തസ്രാവം ഉണ്ടെന്ന് ഞങ്ങളെ അറിയിച്ചത്. എല്ലാം അവർ മറച്ചുവയ്ക്കുകയായിരുന്നു. അവളുടെ ബ്ലഡ്‌ ഗ്രൂപ്പ്‌ ഒ നെഗറ്റീവ് ആയതിനാൽ ലഭിക്കാൻ പ്രയാസം ആണ്. ബ്ലഡ്‌ വേണമെന്നോ മറ്റു കാര്യങ്ങളോ ഞങ്ങളെ അറിയിച്ചില്ല. ഒടുവിൽ അവളെ കാണാൻ അകത്തുകയറി. ഓക്സിജൻ മാസ്ക് വച്ച് കിടക്കുകയായിരുന്നു. വാർന്ന രക്തം മുഴുവൻ ബോട്ടിലിൽ നിറച്ചുവച്ചിരിക്കുന്നു. ഇതെല്ലാം പ്രസവ സമയം തന്നെ തുടങ്ങിയതാണെന്നത് വ്യക്തമായിരുന്നു. രക്തസ്രാവത്തിന്റെ ഉറവിടം കണ്ടെത്താൻ അജിത്തിന് കഴിയാതെ വന്നതോടെയാണ് ഒരു മണിക്കൂറിനു ശേഷം ഡോ. പ്രിയദർശിനിയെ വിളിച്ചു വരുത്തിയത്. എന്റെ കുഞ്ഞിനെ ഇതുവരെ പരിശോധിക്കാത്ത അജിത്ത് ആണ് പ്രസവം എടുത്തത്. കാര്യങ്ങൾ നോർമൽ ആണെന്നു പറഞ്ഞിട്ട്, കുഞ്ഞിനെ പുറത്തെടുക്കാൻ വാക്വം ഉപയോഗിച്ചു. ഇത് കുഞ്ഞിന്റെ കഴുത്തിൽ കുടൽ കുരുങ്ങാൻ കാരണമായി.

aiswarya-thangam
തങ്കം ആശുപത്രിക്ക് മുൻപിൽ ഐശ്വര്യയുടെ ബന്ധുക്കൾ (ഫയൽചിത്രം)

പിന്നീട് രക്തസ്രാവം കണ്ടെത്താൻ ഐശ്വര്യയെ ഓപ്പറേഷൻ തിയറ്ററിലേക്ക് മാറ്റുകയാണെന്ന് അറിയിച്ചു. അപ്പോഴേക്കും അവളുടെ ശരീരത്തിൽനിന്ന് ഒരുപാടു രക്തം നഷ്ടപ്പെട്ടിരുന്നു. ഒന്നര മണിക്കൂറിനു ശേഷം വീണ്ടും ഞങ്ങളെ വിളിപ്പിച്ചു. രക്‌തസ്രാവം എവിടെ നിന്നാണെന്ന് കണ്ടെത്താനായില്ല, വയർ കീറി നോക്കിയാൽ മാത്രമേ കണ്ടെത്താനാകൂ എന്ന് അവർ പറഞ്ഞു. ഞങ്ങളുടെ കുട്ടിക്ക് ഒന്നും സംഭവിക്കരുതെന്നു പറഞ്ഞ്, ഞങ്ങൾ അതിനു സമ്മതിച്ചു. എല്ലാം കഴിഞ്ഞ ശേഷം ഞങ്ങളെ വീണ്ടും വിളിപ്പിച്ചു. ‘ഞങ്ങൾ സ്റ്റിച് ഇട്ടു, രക്തം കട്ട പിടിക്കാനുള്ള മരുന്നു വച്ചു നോക്കി. എന്നിട്ടും രക്തസ്രാവം നിൽക്കുന്നില്ല. അതുകൊണ്ട് യൂട്രസ് എടുത്തുകളയേണ്ടി വരും’ എന്ന് പറഞ്ഞു. എന്നാൽ അവരത് നേരത്തേ നീക്കം ചെയ്തിരുന്നു.

യൂട്രസ് നീക്കം ചെയ്തതിനു ശേഷം രക്തസ്രാവം നിന്നതായി അവർ പറഞ്ഞു. എന്നാൽ അവളുടെ മരണം വരെയും അവർ കള്ളം മാത്രമാണ് പറഞ്ഞത്. ഞങ്ങളോട് സത്യാവസ്ഥ പറയണമെന്നും ആരോടും പറയില്ലെന്നും ഒരു ഡോക്ടറോട് ഐശ്വര്യയുടെ ഭർത്താവ് രഞ്ജിത്ത് പറഞ്ഞു. അവൾക്ക് ബ്ലീഡിങ് ഇപ്പോഴും ഉണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്. ആരോഗ്യ‌സ്ഥിതി വളരെ മോശമായതോടെ അവളെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. രാത്രിയോടെ തന്നെ എന്റെ അനിയത്തി മരിച്ചിരിക്കണം. അതു പറയാൻ അവർക്ക് പേടിയായിരുന്നു. ജൂലൈ 4ന് രാവിലെ ഡിഎംഒ വന്നു പരിശോധിച്ചു. കുട്ടി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും എന്താ ചെയ്യേണ്ടതെന്നും ഞങ്ങളോട് ചോദിച്ചു. നാട്ടുകാരും വീട്ടുകാരും ആശുപത്രിയിൽ എത്തിയിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിലാണ് അവളുടെ മരണം ഞങ്ങളെ അറിയിച്ചത്.’’ – അശ്വതി പറഞ്ഞു.

English Summary: Palakkad mother and infant death: Aiswarya family against doctors.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}