ആലപ്പുഴ∙ അപൂർവരോഗത്തെ ആത്മബലം കൊണ്ട് നേരിട്ട പ്രഭുലാൽ പ്രസന്നൻ (25) മരണത്തിന് കീഴടങ്ങി. പല്ലന കൊച്ചുതറ തെക്കതിൽ പ്രസന്നൻ -ബിന്ദു ദമ്പതികളുടെ മകനാണ്. അർബുദം ബാധിച്ച് ചികിത്സയിൽ ഇരിക്കെ ബുധനാഴ്ച രാവിലെയാണ് മരണം.
മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്തമറുകും ഒപ്പമുള്ള രോഗാവസ്ഥകളും സൃഷ്ടിച്ച പ്രതിസന്ധികളെ മറികടന്നാണ് പ്രഭുലാൽ സമൂഹമാധ്യമങ്ങളിലൂടെ ജനപ്രിയനായത്. മുഖത്തും ശരീരത്തും വളർന്നുകൊണ്ടിരിക്കുന്ന കറുത്ത മറുക് തൊലിയെ ബാധിച്ച ക്യാൻസറാണെന്ന് വളരെ വൈകിയാണ് കണ്ടെത്തിയത്.
കഴിഞ്ഞ മാർച്ചിലാണ് പ്രഭുലാലിന്റെ വലത് തോൾഭാഗത്ത് കാണപ്പെട്ട മുഴ പഴുക്കുകയും അസ്സഹനീയമായ വേദനയാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. തുടർന്ന് വിദഗ്ധ പരിശോധനയിൽ അർബുദമാണെന്നു സ്ഥിരീകരിക്കുകയായിരുന്നു.
ചികിത്സിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടിയ പ്രഭുലാൽ, ചെലവേറിയ ഇമ്മ്യുണോ തെറാപ്പി ചികിത്സ സുമനസുകളുടെ സഹായത്തോടെ മുന്നോട്ടു കൊണ്ടുപോകുന്നതിനിടെയാണ് മരണം കവരുന്നത്. പാട്ടുകാരനും ചിത്രകാരനും പ്രഭാഷകനുമായി പ്രഭുലാൽ, നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ട്. ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
English Summary: Prabhulal Prsannan Dies