ഐങ്കൊമ്പ് ദുരന്തം, തീവ്രതയേറ്റി പെട്രോൾ, 22 മരണം; ‘ഉടമകളില്ലാതെ’ 100 ഗ്രാം സ്വർണം

ഐങ്കൊമ്പിൽ 22 പേരുടെ മരണത്തിന് ഇടയാക്കി അപകടത്തിൽപ്പെട്ട ബസ് രാമപുരത്ത് കാടു മൂടിയ നിലയിൽ.
SHARE

തിരുവനന്തപുരം ∙ 1998 ഒക്‌ടോബർ 22ന് കോട്ടയം പാലായിൽനിന്ന് തൊടുപുഴയ്ക്കു പോയ സ്വകാര്യ ബസ് ഐങ്കൊമ്പ് ആറാം മൈലിൽ അപകടത്തിൽപ്പെട്ട് 22 പേർക്ക് ജീവൻ നഷ്ടമായതിനെ തുടർന്നാണ് ബസുകളിൽ എമർജൻസി വാതിലുകൾ നിർബന്ധമാക്കിയത്. അന്ന് മരിച്ചവരിൽ 19 പേരും സ്‌ത്രീകളായിരുന്നതിനാൽ സ്‌ത്രീകളുടെ സീറ്റ് ബസിന്റെ പിൻവശത്തേക്കു മാറ്റി. സ്‌ത്രീകളുടെ എതിർപ്പിനെ തുടർന്ന് പിന്നീട് സീറ്റ് മുന്നിലേക്കുതന്നെ മാറ്റുകയായിരുന്നു.

അപകടത്തിൽപ്പെട്ട ബസിൽ ആരോ പെട്രോൾ കൊണ്ടുപോയതാണ് ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചത്. ഇതേത്തുടർന്ന് കൊല്ലപ്പള്ളിയിൽ പെട്രോൾ പമ്പ് അനുവദിച്ചു. അപകടത്തിൽ 34 പേർക്കു പരുക്കേറ്റിരുന്നു. സംസ്ഥാനത്തെ വലിയ ബസപകടങ്ങളിൽ ഒന്നായിരുന്നു ഐങ്കൊമ്പ് ദുരന്തം. രാവിലെ 11.30നു ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുൻപിലായിരുന്നു അപകടം.

റോഡിന്റെ ഇടതുവശത്തുണ്ടായിരുന്ന ടെലഫോൺ തൂണിലിടിച്ചശേഷം വലതുവശത്തെ തിട്ടയിലിടിച്ചു മറിഞ്ഞ ബസിനു പെട്ടെന്നു തീപിടിക്കുകയായിരുന്നു. 16 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ബസിനുള്ളിൽ കന്നാസിൽ സൂക്ഷിച്ചിരുന്ന പെട്രോളിനു തീപിടിച്ചതാണ് അപകടകാരണമെന്നു പിന്നീടു കണ്ടെത്തി. ഒരു പിഞ്ചുകുഞ്ഞും അപകടത്തിൽ മരണമടഞ്ഞു. ഒട്ടേറെപ്പേർ ഗുരുതരമായി പൊള്ളലേറ്റു ചികിത്സ തേടി. മൃതദേഹങ്ങൾ പലതും ദിവസങ്ങളെടുത്താണു തിരിച്ചറിഞ്ഞത്.

ദുരന്ത കാരണങ്ങളെക്കുറിച്ചും മറ്റും പിന്നീടു വിശദമായ അന്വേഷണങ്ങളും നിയമനടപടികളുമുണ്ടായി. 15 വർഷത്തോളം കോടതിയിൽ കേസ് നടന്നു. മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും സർക്കാർ സഹായങ്ങളും നഷ്ടപരിഹാരവും വിതരണം ചെയ്തു. മരിച്ചവരുടെ ആഭരണങ്ങൾ കൈപ്പറ്റാൻ ഉടമകളാരും എത്താത്തതിനെ തുടർന്ന് ഏറെക്കാലം സൂക്ഷിച്ചശേഷം സർക്കാരിലേക്കു കണ്ടുകെട്ടി. 100 ഗ്രാമിനു മുകളിൽ സ്വർണവും നാലിരട്ടിയോളം വെള്ളി ആഭരണങ്ങളുമാണ് ഉണ്ടായിരുന്നത്.

അന്നത്തെ മോട്ടർ ട്രാൻസ്‌പോർട്ട് കമ്മിഷണർ കെ.ജെ.ജോസഫ് നടത്തിയ അന്വേഷണത്തിൽ ഡ്രൈവറുടെ പരിചയക്കുറവും അശ്രദ്ധയും അപകടകാരണങ്ങളായി കണ്ടെത്തി. ഡ്രൈവർ ലൈസൻസ് എടുത്തിട്ട് ആറു വർഷം കഴിഞ്ഞിരുന്നെങ്കിലും കണ്ടക്‌ടറായിട്ടാണ് അധികവും പ്രവർത്തിച്ചിരുന്നത്. അപകടത്തിനു 12 ദിവസം മുൻപു മാത്രമാണ് ഇയാൾ ദുരന്തമുണ്ടായ ബസിൽ ജോലിക്കു കയറിയത്. ഡ്രൈവറുടെ ക്യാബിനിൽ ഇന്ധനം സൂക്ഷിച്ചിരുന്നതും അപകടകാരണമായി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

English Summary: Aikombu Bus Accident Tragedy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എന്നെ സിനിമ വേണ്ടെന്ന് വച്ചതല്ല, ഞാൻ സിനിമയെ വേണ്ടെന്നു വച്ചതാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}