ADVERTISEMENT

കൊല്ലം ∙ തഴുത്തലയിൽ യുവതിയെയും മകനെയും വീട്ടിൽനിന്ന് ഇറക്കിവിട്ട കുടുംബത്തിനെതിരെ കടുത്ത ആരോപണങ്ങളുമായി മൂത്ത മരുമകളും രംഗത്ത്. ഭർതൃവീട്ടുകാർ കൊല്ലാൻ ശ്രമിച്ചതായും വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്നും മൂത്ത മരുമകൾ വിമി ആരോപിച്ചു. തന്റെ സ്വർണവും പണവും ഭർതൃവീട്ടുകാർ കൈവശപ്പെടുത്തിയെന്നും വിമി ആരോപിച്ചു. ഇന്നലെ വൈകിട്ട് വീട്ടിൽനിന്ന് ഇറക്കിവിട്ട അതുല്യയുടെ ഭർത്താവ് പ്രതീഷ് കുമാറിന്റെ ചേട്ടൻ പ്രസീദ് കുമാറിന്റെ ഭാര്യയാണ് വിമി.

തഴുത്തല സ്വദേശിനി അതുല്യ, അഞ്ചു വയസ്സുകാരനായ മകൻ എന്നിവരെയാണ് വീട്ടുകാർ ഇന്നലെ വൈകിട്ട് പുറത്താക്കിയത്. വീടിനു പുറത്തായതോടെ അമ്മയും മകനും രാത്രി കഴിച്ചുകൂട്ടിയത് വീടിന്റെ സിറ്റൗട്ടിലാണ്. സ്ത്രീധനത്തിന്റെ പേരിൽ തുടരുന്ന പീഡനത്തിന്റെ തുടർച്ചയായാണ് വീട്ടിൽനിന്ന് ഇറക്കവിട്ടതെന്ന് അതുല്യ മനോരമ ന്യൂസിനോടു പ്രതികരിച്ചിരുന്നു. നിലവിൽ ഗുജറാത്തിലുള്ള ഭർത്താവ് പ്രതീഷ് കുമാർ പ്രശ്നത്തിൽ ഇടപെട്ടിട്ടില്ലെന്നാണ് അതുല്യ നൽകുന്ന വിവരം.

അതിനിടെ, പൊലീസ് ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് നാട്ടുകാരും പൊലീസുമായി വാക്കേറ്റമുണ്ടായി. എന്നാൽ, ഇവരെ വീട്ടിൽ കയറ്റാതിരിക്കാനുള്ള അനുമതി ഭർതൃമാതാവ് അജിതകുമാരി 2017ൽത്തന്നെ കോടതിയിൽനിന്ന് വാങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് ഭാഷ്യം. കോടതി ഉത്തരവ് അവരുടെ കയ്യിലിരിക്കെ നിയമപരമായി നീങ്ങുന്നതിന് പരിമിതിയുണ്ടെന്ന് പൊലീസ് പറയുന്നു. ഈ സാഹചര്യത്തിൽ വീട് ഉള്ളിൽനിന്നും പൂട്ടിയ ഭർതൃമാതാവുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാമെന്നും പൊലീസ് പറയുന്നു.  

ഇന്നലെ വൈകിട്ട് സ്കൂളിൽനിന്നു വന്ന മകനെ കൂട്ടാനായി പുറത്തിറങ്ങിയപ്പോഴാണ് ഭർതൃവീട്ടുകാർ ഗേറ്റ് പൂട്ടിയത്. തന്റെ പണവും സ്വർണവും ഉപയോഗിച്ച് നിർമിച്ച വീട്ടിൽനിന്ന് ഇറക്കിവിട്ടുവെന്ന ആരോപണമാണ് അതുല്യ ഉന്നയിക്കുന്നത്. ഇതേ ആരോപണം തന്നെയാണ് ചേട്ടന്റെ ഭാര്യ വിമിയും ഉന്നയിക്കുന്നത്. ഇതേ വളപ്പിൽത്തന്നെ ഭർതൃവീട്ടുകാർ പണിതിരിക്കുന്ന മറ്റൊരു വീട് തന്റെ പണവും സ്വർണവും ഉപയോഗിച്ച് നിർമിച്ചതാണെന്ന് വിമി ചൂണ്ടിക്കാട്ടുന്നു. അതിനുശേഷം ആ വീട്ടിൽനിന്ന് തന്നെ ഇറക്കിവിട്ടുവെന്നാണ് വിമിയുടെ ആരോപണം.
English Summary: Elder Daughter-In-Law Too Complains Against Family In Kottiyam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com