ചുവപ്പുനാട: കടം കയറി ആത്മഹത്യയ്ക്ക് അനുവാദം തേടി മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Anas A Anees | Pinarayi Vijayan
അനസ് എ. അസീസ്, മുഖ്യമന്ത്രി പിണറായി വിജയൻ
SHARE

കോട്ടയം∙ കേരളം വ്യവസായ സൗഹൃദമാകുന്നുവെന്ന സർക്കാരിന്റെ വാഗ്ദാനം വിശ്വസിച്ച് വിദേശ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി ബിസിനസ് തുടങ്ങിയ യുവ വ്യവസായികൾ ഇപ്പോൾ ആത്മഹത്യയുടെ വക്കിൽ. പത്തനംതിട്ട ഏഴംകുളം നെടുമണിൽ അജി ഭവനിൽ അനസ് എ. അസീസും സുഹൃത്തുക്കളും ആണ് സർക്കാരിന്റെ ചുവപ്പുനാടയും ബാങ്ക് വായ്പാ കുടിശികയും മൂലം മറ്റു വഴികളൊന്നുമില്ലാതെ ആത്മഹത്യയുടെ തീരത്ത് നിൽക്കുന്നത്. സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പരാതി നൽകിയിരുന്നു. എന്നാൽ പരാതി പഞ്ചായത്ത് സെക്രട്ടറിക്കു കൈമാറിയിട്ടുണ്ടെന്നും തീർപ്പാക്കുന്ന മുറയ്ക്ക് മറുപടി ലഭിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

തനിക്കും അച്ഛനും അമ്മയും വല്യമ്മയും ഉൾപ്പെടുന്ന ഏഴു പേരടങ്ങുന്ന കുടുംബത്തിനും ജീവിതം അവസാനിപ്പിക്കാനുള്ള സമ്മതം വസ്തു ലേലം ചെയ്യുന്ന ദിവസത്തിനുമുൻപ് നൽകണമെന്ന് അഭ്യർഥിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അനസ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.

മൂന്നാർ ദേവികുളം കല്ലാറിൽ റിസോർട്ട് പണിത് 70% പൂർത്തിയായപ്പോൾ നിരാക്ഷേപ സാക്ഷ്യപത്രം (നോ ഒബ്ജക്​ഷൻ സർട്ടിഫിക്കറ്റ് – എൻഒസി) ഇല്ലെന്നു പറഞ്ഞ് പള്ളിവാസൽ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകിയതോടെയാണു പ്രശ്നങ്ങൾക്കു തുടക്കം. 2016ലാണ് റിസോർട്ട് പണിയാനായി പള്ളിവാസൽ പഞ്ചായത്തിൽ കല്ലാറിൽ അനസും സുഹൃത്തുക്കുളും ചേർന്ന് 78 സെന്റ് സ്ഥലം വാങ്ങിയത്. അന്ന് എല്ലാ രേഖകളും നിയമപരമായി ലഭിച്ചിരുന്നു. പക്ഷേ 2018ൽ പെട്ടെന്നൊരു ദിവസം നിരാക്ഷേപ സാക്ഷ്യപത്രം ഇല്ലെന്ന പേരിൽ പണി നിർത്തിക്കുകയായിരുന്നു.

ഇതേത്തുടർന്ന് അനസും സുഹൃത്തുക്കളും കോടതിയിൽ കേസ് നൽകി. പ്രതിസന്ധി മറികടക്കാൻ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും കണ്ടു. കോടതി പഞ്ചായത്തിനോടു വിശദീകരണം തേടുകയും ചെയ്തു. നിർമാണാനുമതി അനുവദിച്ച സമയം കലക്ടറുടെ നിരാക്ഷേപ സാക്ഷ്യപത്രം വേണമെന്ന നിബന്ധന ഉണ്ടായിരുന്നില്ല. കെട്ടിടനിർമാണ ചട്ടങ്ങളിൽ പറയുന്ന ബാക്കി രേഖകൾ എല്ലാം പരിശോധിച്ചാണ് അനുമതി നൽകിയതെന്ന് പള്ളിവാസൽ പഞ്ചായത്ത് 2018 ഡിസംബറിൽ കോടതിയെ അറിയിച്ചു. കലക്ടറുടെ നിരാക്ഷേപ സാക്ഷ്യപത്രം നിർബന്ധമാക്കി 2018 ഏപ്രിൽ ഏഴിനാണ് ദേവികുളം ആർഡിഒ ഉത്തരവിട്ടതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോപ് മെമ്മോ നൽകിയതെന്നും സെക്രട്ടറി കോടതിയിൽ വിശദീകരണം നൽകി.

Pinarayi Vijayan (Photo - Manorama)
മുഖ്യമന്ത്രി പിണറായി വിജയൻ (ഫയൽ ചിത്രം: മനോരമ)

നടപടി പുനഃപരിശോധിക്കണമെന്ന കോടതി ഉത്തരവിന്മേൽ പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ട് ഇങ്ങനെ – നിലവിൽ ഉള്ള നിയമ ചട്ടങ്ങൾക്ക് അനുസൃതമായി ഹർജിക്കാർക്ക് കെട്ടിട നിർമാണാനുമതി അനുവദിച്ചുനൽകിയതിൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് അപാകതകൾ സംഭവിച്ചില്ല. എന്നാൽ റവന്യൂ വകുപ്പിന്റെ നിർദേശങ്ങൾ അതിന്റെ പ്രാധാന്യത്തോടെ പരിഗണിക്കേണം എന്നുള്ളതിനാലാണ് കെട്ടിട നിർമാണാനുമതി റദ്ദ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചത്. മറിച്ചൊരു നിർദേശം ലഭിക്കുന്നതുവരെ ഈ തീരുമാനം പുനഃപരിശോധിക്കേണ്ടതില്ല.

അതേസമയം, എന്തുകൊണ്ട് നിരാക്ഷേപ പത്രം തരുന്നില്ല എന്നതിനു വ്യക്തമായി അവർ മറുപടി പറയുന്നില്ലെന്ന് അനസ് മനോരമ ഓൺലൈനിനോടു പറഞ്ഞു. ‘‘സർക്കാർ നയമാണ് ഇതെന്നാണ് പറഞ്ഞത്. ഈ ഉത്തരവ് വന്നതിനുശേഷം ആർക്കും നിരാക്ഷേപ പത്രം ലഭിച്ചിട്ടില്ല. ഏതാണ്ട് 300ൽ അധികം പേരെ ഈ നടപടി ബാധിച്ചിട്ടുണ്ട്’’ – അനസ് കൂട്ടിച്ചേർത്തു.

സൗദിയിൽ ജോലി ചെയ്യവെയാണ് അനസും സുഹൃത്തുക്കളും മറ്റു കുടുംബാംഗങ്ങളും ചേർന്ന് സ്ഥലം വാങ്ങിയത്. കാനറാ ബാങ്ക് കൂത്താട്ടുകുളം ശാഖയിൽനിന്ന് 1.25 കോടി രൂപ 2017ൽ വായ്പ എടുക്കുകയും ചെയ്തു. റിസോർട്ട് തുറന്നുപ്രവർത്തിക്കാൻ രണ്ടു മാസം മാത്രം ബാക്കിനിൽക്കെ 2018 ഏപ്രിൽ 16നാണ് സ്റ്റോപ് മെമ്മോ വരുന്നത്. എന്നാൽ സ്റ്റോപ് മെമ്മോയിൽ പറഞ്ഞിരിക്കുന്ന കെട്ടിട നിർമാണ പെർമിറ്റ് ഇവരുടെ കെട്ടിടവുമായി ബന്ധമില്ലാത്തതാണെന്നും അത് 2016ൽ റദ്ദാക്കിയതാണെന്നും പരാതിക്കാർ പറയുന്നു.

കടങ്ങൾ വീട്ടാനും കേസ് നടത്തിപ്പിനുമായി കൈയിലുണ്ടായിരുന്ന സമ്പാദ്യം മുഴുവൻ തീർത്തു. വീടുകൾ വിറ്റ് ഇപ്പോൾ വാടകവീട്ടിലാണ് താമസം. ഈ ഘട്ടത്തിൽ പലിശയും മുതലും ചേർത്ത് 1.83 ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കണമെന്ന് ബാങ്ക് നോട്ടിസ് നൽകുകയും ചെയ്തു. ഇതോടെയാണ് സർക്കാരിന്റെ അടിയന്തര ഇടപെടൽ ഇല്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റൊരു വഴിയുമില്ലന്നെന്ന നിലപാടിലേക്ക് ഇവർ നീങ്ങുന്നത്.

English Summary: Is Kerala a business-friendly state?: Another entrepreneur on the verge of suicide due to red tape

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA