ADVERTISEMENT

ഓസ്‌ലോ∙ ഈ വർഷത്തെ സമാധാന നൊബേൽ മനുഷ്യാവകാശ പ്രവർത്തകനും രണ്ടു മനുഷ്യാവകാശ സംഘടനകൾക്കും. ബെലാറൂസിലെ മനുഷ്യാവകാശ പ്രവർത്തകൻ അലെസ് ബിയാലിയറ്റ്സ്കിക്കും റഷ്യൻ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയൽ, യുക്രെയ്ൻ മനുഷ്യാവകാശ സംഘടനയായ സെന്റർ ഫോർ സിവിൽ ലിബർറ്റീസ് എന്നിവയ്ക്കുമാണ് പുരസ്കാരം. ഭരണകൂടത്തിന് എതിരായ പോരാട്ടത്തിന്റെ പേരിൽ രണ്ടു വർഷമായി തടവിലാണ് ബിയാലിയറ്റ്സ്കി.

അലെസ് ബിയാലിയറ്റ്സ്കി

1980കളുടെ മധ്യത്തിൽ ബെലാറൂസിൽ ഉരുത്തിരഞ്ഞുവന്ന ജനാധിപത്യ പോരാട്ടങ്ങളുടെ കാരണക്കാരില്‍ ഒരാളാണ് അലെസ് ബിയാലിയറ്റ്സ്കി. വിയസ്ന (വസന്തം) എന്ന മനുഷ്യാവകാശ സംഘടനയുടെ സ്ഥാപകനായ ഇദ്ദേഹത്തിന്റെ ജീവിതം സ്വന്തം രാജ്യത്തെ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കാനും സമാധാനപരമായ വികസനത്തിനുമായാണ് ചെലവിടുന്നത്. ബിയാലിയറ്റ്സ്കിയെ നിശബ്ദനാക്കാൻ ഭരണകൂടം പലവിധത്തിലുള്ള മാർഗങ്ങളും സ്വീകരിക്കുന്നതായി നൊബേൽ കമ്മിറ്റി വിലയിരുത്തി. വിചാരണ കൂടാതെയാണ് ഇദ്ദേഹത്തെ തടവിലാക്കിയിരിക്കുന്നത്. 

മെമ്മോറിയൽ

യുക്രെയ്നിലെ റഷ്യൻ അധിനിവേശം ഏഴു മാസമാകുമ്പോഴാണ് ഇരു രാജ്യങ്ങളിലെയും മനുഷ്യാവകാശ സംഘടനകൾക്ക് സമാധാന നൊബേൽ പുരസ്കാരം ലഭിക്കുന്നത്. നൊബേൽ സമ്മാന ജേതാവായ ആന്ദ്രെയ് സഖാറോവും മനുഷ്യാവകാശ പ്രവർത്തക സ്വെറ്റ്ലന ഗന്നുഷ്കിനയും ചേർന്ന് 1987ൽ രൂപീകരിച്ച സംഘടനയാണ് മെമ്മോറിയൽ. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു പിന്നാലെ റഷ്യയിലെ ഏറ്റവും വലിയ മനുഷ്യാവകാശ സംഘടനയായി മെമ്മോറിയൽ മാറി. റഷ്യയിൽ രാഷ്ട്രീയ തടവുകാരായി പിടികൂടുന്നവരെക്കുറിച്ചു വിശ്വസനീയമായ വിവരങ്ങൾക്ക് ആശ്രയിക്കാവുന്ന സംഘടനയാണ് മെമ്മോറിയൽ എന്നും നൊബേൽ കമ്മിറ്റി വിലയിരുത്തി. ചെച്ചൻ യുദ്ധങ്ങളുടെ കാലത്ത് റഷ്യൻ സൈന്യം നടത്തിയ യുദ്ധക്കുറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മെമ്മോറിയൽ ശേഖരിച്ചിരുന്നു. റഷ്യയുടെ വൻ വിരോധത്തിനു പാത്രമായിരുന്ന സംഘടനയുടെ ചെച്നിയ യൂണിറ്റിന്റെ അധ്യക്ഷ നതാലിയ എസ്റ്റെമിറോവ 2009ൽ കൊല്ലപ്പെട്ടിരുന്നു. 2021 ഡിസംബറിൽ സംഘടനയെ ഇല്ലാതാക്കാൻ ലിക്വിഡ‍േറ്റ് നടപടികൾ റഷ്യ എടുത്തു. ഓഫിസുകൾക്കു താഴിട്ടെങ്കിലും അടച്ചുപൂട്ടാൻ സംഘടന തയാറായിട്ടില്ല.

സെന്റർ ഫോർ സിവിൽ ലിബർട്ടീസ്

2007ൽ കീവിൽ രൂപീകരിച്ച സംഘടനയാണിത്. റഷ്യൻ അധിനിവേശത്തിനുപിന്നാലെ റഷ്യൻ സൈന്യം നടത്തുന്ന യുദ്ധക്കുറ്റങ്ങൾ കൃത്യമായി ഇവർ കണ്ടെത്തി പുറംലോകത്തെ അറിയിക്കുന്നു.

English Summary: Nobel peace prize given to human rights advocates in Ukraine, Russia, and Belarus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com