ADVERTISEMENT

തിരുവനന്തപുരം∙ ത്രിതല പഞ്ചായത്ത് സംവിധാനമായ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കോ, നഗരസഭകളിലേക്കോ ഉള്ള തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ ഇനി ആദായ നികുതി റിട്ടേൺ മാതൃകയിൽ ചെലവിന്റെ കണക്ക് ഓൺലൈനായി സമർപ്പിക്കണം. ആദായ നികുതിയുടെ പരിധിയിൽ വരുന്ന എല്ലാവരും പ്രതിവർഷം നിശ്ചിത സമയത്തിനകം റിട്ടേൺ സമർപ്പിക്കണം എന്നാണു വ്യവസ്ഥ. ആദായ നികുതി വകുപ്പിന്റെ പോർട്ടൽ വഴി ഓൺലൈനിലാണു ഇതിന്റെ സമർപ്പണം. ഇതു പോലെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ മത്സരിച്ചവർക്ക് ചെലവിന്റെ കണക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോർട്ടലായ www.sec.kerala.gov.in ൽ സമർപ്പിക്കാൻ സൗകര്യം ഒരുങ്ങി. 

സ്ഥാനാർഥികളാകാൻ നാമനിർദേശപത്രിക സമർപ്പിക്കുമ്പോൾ നൽകുന്ന മൊബൈൽ ഫോൺ നമ്പർ ആകും പോർട്ടലിലേക്കുള്ള യൂസർ ഐഡി. ഇത് നൽകുമ്പോൾ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് പാസ്‌വേഡ് സൃഷ്ടിച്ച് സൈറ്റിൽ കാൻഡിഡേറ്റ് റജിസ്ട്രേഷൻ നടത്താം. ഇതു സ്ഥാനാർഥിക്കു നേരിട്ടോ സേവന കേന്ദ്രങ്ങൾ വഴിയോ ചെയ്യാം. കണക്ക് യഥാസമയം അപ്‌ലോഡ് ചെയ്യുന്നവർക്ക് ഉടൻ ഓൺലൈനായി തന്നെ രസീത് ലഭിക്കും. അടുത്ത ഉപതിരഞ്ഞെടുപ്പ് മുതൽ സ്ഥാനാർഥികൾക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ ‘മനോരമ’യോടു പറഞ്ഞു. സംവിധാനം കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നു. 

ഫലപ്രഖ്യാപനം മുതൽ 30 ദിവസത്തിനകം സ്ഥാനാർഥികൾ നിശ്ചിത ഫോമിൽ കണക്ക് സമർപ്പിക്കണം. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കു (authorised officer) നേരിട്ടാണ് ഇപ്പോൾ കണക്ക് നൽകുന്നത്. കണക്ക് സമയത്തിനു സമർപ്പിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥരും സമയത്തു നൽകിയെന്നും പക്ഷേ, രസീത് ലഭിച്ചില്ലെന്നു സ്ഥാനാർഥികളും പരസ്പരം പഴിചാരുന്ന സ്ഥിതി നിലവിലുണ്ട്. സ്ഥാനാർഥി സമർപ്പിച്ച കണക്കിൽ ആവശ്യമായ തിരുത്തലുകൾ വരുത്താൻ ഉദ്യോഗസ്ഥനു നിർദേശിക്കാനും വ്യവസ്ഥ ഉണ്ട്. കണക്കുകളുടെ പരിശോധനാ നടപടികളിലാണ് ഏറെ കാലതാമസം നേരിടുന്നത്. കണക്ക് പരിശോധിച്ച് കമ്മിഷനിലേക്ക് നൽകേണ്ടത് മുൻപേ സൂചിപ്പിച്ച ഉദ്യോഗസ്ഥരാണ്. ആരൊക്കെ സമർപ്പിച്ചു, സമർപ്പിച്ചില്ല, എത്ര പേർ പരിധിയിൽ കൂടുതൽ തുക ചെലവാക്കി, അപാകതകൾ ഉള്ള റിട്ടേണുകൾ എത്ര എന്നിങ്ങനെ ഉള്ള കാര്യങ്ങൾ ഉദ്യോഗസ്ഥർ കമ്മിഷനെ അറിയിക്കണം. തുടർന്ന് കമ്മിഷൻ സ്ഥാനാർഥികൾക്ക് ആവശ്യമെങ്കിൽ കാരണം കാണിക്കൽ നോട്ടിസ് നൽകും. ഏതു തദ്ദേശ സ്ഥാപനത്തിന്റെ പരിധിയിലാണോ മത്സരിച്ചത് അവിടത്തെ സെക്രട്ടറി വഴിയാണ് നോട്ടിസ് നൽകുക. തുടർന്നു സ്ഥാനാർഥി വിശദീകരണം ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനു നൽകണം. ഇതു പരിശോധിച്ച് യുക്തമായ നടപടി ഒടുവിൽ സ്വീകരിക്കുക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനാണ്. 

ഉദ്യോഗസ്ഥരുടെയും സ്ഥാനാർഥികളുടെയും വീഴ്ചകൾ മൂലം നടപടികൾ പൂ‍ർത്തിയാക്കാൻ ഇപ്പോൾ രണ്ടു വർഷം വരെ വൈകുന്നുണ്ട്. ഇതു പരിഹരിക്കാനാണു ഓൺലൈൻ സംവിധാനം. കണക്കുകളുടെ സമർപ്പണം മുതൽ അന്തിമ നടപടി വരെ ഉള്ള ഓരോ ഘട്ടവും കൃത്യമായി നിരീക്ഷിക്കാമെന്നതാണ് സവിശേഷത. എവിടെയാണു നടപടികൾ വൈകുന്നതെന്നു പരിശോധിച്ച് ഉടനടി പരിഹാരം തേടാം. 

2020 ഡിസംബറിൽ നടന്ന തദ്ദേശ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ചവരും യഥാസമയം അപാകതകൾ കൂടാതെ കണക്ക് നൽകാത്തവരും ആയ 9016 സ്ഥാനാർഥികൾക്ക് അഞ്ചു വർഷത്തേക്ക് മത്സരിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി കമ്മിഷൻ വിജ്ഞാപനം ഇറക്കിയത് രണ്ടു മാസം മുൻപാണ്. അതായത് നടപടികൾക്ക് ഒന്നര വർഷത്തിലേറെ വേണ്ടി വന്നു. പുതിയ സംവിധാനത്തോടെ ഈ കാലതാമസം ഒഴിവായി ആറു മാസത്തിനകം നടപടികൾ പൂർത്തിയാക്കാനാകും എന്നാണു പ്രതീക്ഷ. 

ഇതു കൂടാതെ തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ആകസ്മിക ഒഴിവ് കമ്മിഷനെ അറിയിക്കാനുള്ള ഓൺലൈൻ സംവിധാനവും നിലവിൽ വന്നു. അംഗങ്ങൾ മരിക്കുമ്പോഴോ രാജിവയ്ക്കുമ്പോഴോ ഒഴിവ് വരികയും തുടർന്ന് ഉപതിരഞ്ഞെടുപ്പിലൂടെ ഇതു നികത്തുകയുമാണു ചെയ്യുക. ഒഴിവുകൾ നിയമപ്രകാരം ഏഴു ദിവസത്തിനകം ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാർ അറിയിക്കണം. ഇ മെയിലോ തപാലോ വഴിയോ ആണ് ഇപ്പോൾ ഇത് അറിയിക്കുന്നത്. ഇതും പല കാരണങ്ങളാൽ വൈകുന്ന അവസ്ഥയുണ്ട്. ഇതിനുള്ള പ്രത്യേക സംവിധാനവും പോർട്ടലിൽ ഏർപ്പെടുത്തി. കണക്ക് സമർപ്പിക്കാനും ഒഴിവുകൾ അറിയിക്കാനും ഉള്ള വ്യത്യസ്ത സോഫ്റ്റ‌്‍വെയർ തയാറാക്കിയത് നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററാണ്.

 

English Summary: Candidates should submit Election expenditure through online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com