ADVERTISEMENT

കണ്ണൂര്‍∙ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ സിപിഎം നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. തെളിവുകൾ വച്ചുള്ള ആരോപണങ്ങളാണു സ്വപ്ന ഉന്നയിക്കുന്നത്. സിപിഎമ്മിലെപ്പോലെ ലൈംഗികാതിക്രമങ്ങള്‍ വേറെ ഏതെങ്കിലും പാർട്ടിയിൽ ഉണ്ടോ? സിപിഎം നേതാക്കൾ പ്രതികരിക്കാത്തത് എന്തെന്നും സുധാകരൻ ചോദിച്ചു.
ലൈംഗിക ആരോപണം, സ്പ്രിൻക്ലർ കരാർ, കെ ഫോൺ പദ്ധതി എന്നിവയിലെ കമ്മീഷൻ ഇടപാടും ഡേറ്റ കച്ചവടവും ഉൾപ്പെടെ സിപിഎം നേതാക്കള്‍ക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ചിട്ടുള്ള വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്നും കെ.സുധാകരന്‍ എംപി കണ്ണൂരിൽ പറഞ്ഞു.

ഉന്നയിച്ച ആരോപണം കളവാണെന്നു തെളിയിക്കാന്‍ അവര്‍ സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും, ലൈംഗിക ആരോപണം നേരിടുന്ന മുന്‍മന്ത്രിമാരായ തോമസ് ഐസക്കിനേയും കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എയേയും മുന്‍ സ്പീക്കറും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ ശ്രീരാമകൃഷ്ണനെയും വെല്ലുവിളിക്കുന്നുണ്ട്. അത് ഏറ്റെടുക്കാന്‍ അവര്‍ക്ക് ധൈര്യവും ചങ്കൂറ്റവും ഉണ്ടോയെന്നാണു കേരളീയ സമൂഹം ഉറ്റുനോക്കുന്നത്.

സമാന ആരോപണത്തിന്‍റെ പേരില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎൽഎയുടെ പേരില്‍ കേസെടുത്ത പൊലീസ് സിപിഎം നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താന്‍ മടിക്കുന്നത് എന്താണ്. എല്‍ദോസിനും സിപിഎമ്മും നേതാക്കള്‍ക്കും വ്യത്യസ്ത നിയമമാണോ കേരളത്തില്‍. എല്‍ദോസ് വിഷയം ഉയര്‍ന്നു വന്നപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും നേതൃത്വവും അതിനോട് പ്രതികരിക്കാന്‍ തയാറായി. എന്നാല്‍ മുഖ്യമന്ത്രിയോ സിപിഎമ്മോ, അവരുടെ പാര്‍ട്ടി സെക്രട്ടറിയോ സ്വപ്നയുടെ ആരോപണത്തോട് പ്രതികരിക്കാന്‍ പോലും തയാറാകുന്നില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

എല്‍ദോസ് കുന്നപ്പിള്ളി വിഷയത്തില്‍ ശക്തമായി പ്രതികരിച്ച സിപിഎം നേതാക്കള്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല. ഇത്തരം ലൈംഗിക ആരോപണങ്ങള്‍ സിപിഎമ്മിനു പുത്തരിയല്ല. കാലങ്ങളായി സിപിഎം നേതാക്കള്‍ പങ്കാളികളായ പീഡന പരമ്പരകളുടെ പട്ടിക വലുതാണ്. സിപിഎം നേതാക്കള്‍ നടത്തിയിട്ടുള്ള ലൈംഗിക അതിക്രമം വേറാരും നടത്തിയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഡേറ്റാ കച്ചവടവുമായി ബന്ധപ്പെട്ട തെളിവുകള്‍ നല്‍കിയിട്ടും മോദി സര്‍ക്കാരിന്‍റെ അന്വേഷണ ഏജന്‍സികള്‍ സിപിഎം മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കാത്തതും തെളിവുകള്‍ മുക്കുന്നത് എന്തിനാണെന്നും ബിജെപി ദേശീയ-സംസ്ഥാന നേതൃത്വം വിശദീകരിക്കണം. ഇരുപാര്‍ട്ടികളും തമ്മിലുള്ള നല്ല ബന്ധത്തിനു തെളിവാണിത്. സ്വപ്നയുടെ വെളിപ്പെടുത്തല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. എല്‍ദോസിന്‍റെ വിശദീകരണവും കോടതി ജാമ്യം നല്‍കിയ സാഹചര്യവും പരിശോധിച്ച ശേഷം മുതിര്‍ന്ന നേതാക്കളുമായി കൂടി ആലോചിച്ച് നടപടിയുണ്ടാകുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സുധാകരന്‍ പറഞ്ഞു.

പൊലീസ് സ്റ്റേഷനുകള്‍ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളായി മാറി

പിണറായി ഭരണത്തില്‍ കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍ സെമി കോണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍ക്ക് സമാനമായെന്നും കെ.സുധാകരന്‍ പറഞ്ഞു. നിരപരാധികളെ തല്ലിച്ചതയ്ക്കുന്ന അക്രമി സംഘങ്ങളായി കേരളാ പൊലീസ് മാറി. പരാതിപറയാന്‍ പൊലീസ് സ്റ്റേഷനുകളില്‍ കയറാന്‍ പോലും സാധാരണ ജനങ്ങള്‍ക്ക് ഭയമാണ്. ആരോപണ വിധേയരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്ന പൊലീസുകാരെയും സംരക്ഷിക്കുകയാണ് സര്‍ക്കാര്‍. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലും മടിക്കുന്നു. ഇത്തരം നടപടികൾ കുറ്റവാസനയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രോത്സാഹനമാകുന്നുവെന്നും ഇത് വളരെ അപകടരമാണെന്നും സുധാകരന്‍ പറഞ്ഞു.

English Summary: K Sudhakaran demands probe against CPM leaders on Swapna Suresh's allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com