ADVERTISEMENT

തിരുവനന്തപുരം∙ പീഡനക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെ  അച്ചടക്ക നടപടിയെടുത്തും, സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളിൽ പ്രക്ഷോഭത്തിന് തയാറെടുത്തും സിപിഎമ്മിനെ പ്രതിരോധത്തിലാക്കാൻ കോൺഗ്രസ്. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ലൈംഗിക ആരോപണങ്ങൾ ഉയർന്നിട്ടും സിപിഎം മൗനം പാലിക്കുന്നതിനെ തുറന്നുകാട്ടാനാണു കോൺഗ്രസ് തീരുമാനം.

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്നയുടെ വെളിപ്പെടുത്തലുകളിൽ സർക്കാരിനെതിരെ സമരമുഖം തുറക്കാൻ ആലോചിക്കുമ്പോഴാണ് പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കി എൽദോസ് കുന്നപ്പിള്ളിയുടെ പീഡനക്കേസുണ്ടായത്. എൽദോസിനെതിരെ കടുത്ത നടപടിയെടുക്കുമെന്ന് പറഞ്ഞെങ്കിലും മുൻകൂർ ജാമ്യം ലഭിച്ചതോടെ കോൺഗ്രസ് അയഞ്ഞു. ഇതിനിടെയാണ് കടകംപള്ളി സുരേന്ദ്രനും ശ്രീരാമകൃഷ്ണനുമെതിരെ ലൈംഗികാരോപണവുമായി സ്വപ്ന എത്തുന്നത്. ഇത് ആയുധമാക്കാൻ തീരുമാനിച്ച കോൺഗ്രസ്, എൽദോസിനെതിരെ അച്ചടക്കനടപടി സ്വീകരിച്ച് സിപിഎമ്മിന് ‘ചെക്ക്’ വച്ചു.

കടകംപള്ളി എംഎൽഎയും ശ്രീരാമകൃഷ്ണൻ നോർക്കയുടെ റസിഡന്റ് വൈസ് ചെയർമാനുമാണ്. ഇരുവരും സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളും. സ്വന്തം എംഎൽഎയ്ക്കെതിരെ നടപടിയെടുത്തതോടെ മുഖം രക്ഷിക്കാൻ കഴിഞ്ഞെന്ന് വിശ്വസിക്കുന്ന കോൺഗ്രസ്, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ വെളിപ്പെടുത്തലുകളിൽ പ്രത്യക്ഷ സമരത്തിന് തയാറെടുക്കുകയാണ്. സ്വർണക്കടത്ത്, കോവിഡ് പിപിഇ കിറ്റ് അഴിമതി, വിദേശയാത്ര ധൂർത്ത് എന്നിവയിൽ മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും നേരിട്ട് ആക്രമിക്കാനാണു തീരുമാനം. 

‘നടപടി അംഗീകരിക്കുന്നു; നിരപരാധിത്വം തെളിയിക്കും’

പീഡനക്കേസിൽ നിരപരാധിത്വം തെളിയിക്കുമെന്ന് എൽദോസ് കുന്നപ്പിളളി പറഞ്ഞു. കെപിസിസിയുടെ അച്ചടക്കനടപടി അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെപിസിസി അംഗത്വത്തിൽ നിന്ന് ആറുമാസത്തേക്കാണ് എൽദോസിനെ സസ്പെൻഡ് ചെയ്തത്. കെപിസിസിയുടെയും ഡിസിസിയുടെയും പ്രവർത്തനങ്ങളിൽനിന്ന് മാറ്റിനിർത്തും.

എൽദോസ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും ജനപ്രതിനിധി എന്ന നിലയിൽ ജാഗ്രത പുലർത്തിയില്ലെന്നും വിലയിരുത്തിയായിരുന്നു കെപിസിസിയുടെ നടപടി. ആറുമാസം നിരീക്ഷണക്കാലയളവ് ആയിരിക്കുമെന്നും അതിനുശേഷം തുടർനടപടിയുണ്ടാകുമെന്നും കെപിസിസി വ്യക്തമാക്കി.

English Summary: Swapna Suresh sexual misconduct allegations Congress to defend CPM 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com