ADVERTISEMENT

ചണ്ഡീഗഢ്∙ ബലാത്സംഗക്കേസിൽ ജയിലിലായ സ്വയംപ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹിം സംഗീത വിഡിയോ പുറത്തിറക്കി. ഇപ്പോൾ 40 ദിവസത്തെ പരോളിൽ പുറത്തിറങ്ങിയിരിക്കുകയാണ് ഗുർമീത്. ദീപാവലി ദിവസം പുറത്തിറക്കിയ വിഡിയോ യൂട്യൂബിൽ ഹിറ്റ് ലിസ്റ്റിൽ വന്നിട്ടുമുണ്ട്. ഒരു ദിവസത്തിനുള്ളിൽ 42 ലക്ഷം വ്യൂസ് ആണ് വിഡിയോയ്ക്ക് ലഭിച്ചത്. പരോളിൽ പുറത്തിറങ്ങിയതിനു പിന്നാലെ എല്ലാ ദിവസവും ഓൺലൈൻ വഴി സത്‌സംഗ് നടത്തുന്ന ഗുർമീത് സിങ്ങിന്റെ പരിപാടിയിൽ നിരവധി ബിജെപി നേതാക്കൾ പങ്കെടുക്കുകയും ചെയ്യുന്നുണ്ടെന്നാണു വിവരം.

ഉത്തർപ്രദേശിലെ ബാഗ്പേട്ടിൽ സ്ഥിതിചെയ്യുന്ന ദേരയിൽവച്ചാണ് 3.52 മിനിറ്റുള്ള പഞ്ചാബി വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഗുർമീത് അതിൽ അഭിനയിക്കുന്നുമുണ്ട്. തന്റെ ജയിൽ ശിക്ഷ ഒരു ‘ആധ്യാത്മിക യാത്രയുടെ’ ഭാഗമാണെന്നാണ് ഗുർമീത് പറയുന്നത്. അതിനെക്കുറിച്ച് പുസ്തകം എഴുതുന്നുണ്ടെന്നും ഗുർമീത് കൂട്ടിച്ചേർത്തു. വിഡിയോ പുറത്തിറക്കിയതിനു പിന്നാലെ അത്തരം 800 ഭജനുകൾക്കൂടി തയാറാക്കിയിട്ടുണ്ടെന്നും ഉടൻ പുറത്തുവിടുമെന്നും ഗുർമീത് അറിയിച്ചിരുന്നു. തന്റെ അനുയായികൾക്ക് അവരുടെ കുട്ടികൾക്ക് ഇടാനുള്ള പേരുകൾ ഉൾപ്പെടുത്തിയ ‘ഗസ് വാട്ട്സ് മൈ നെയിം’ എന്ന പുസ്തകവും പുറത്തിറക്കി.

∙ പരോൾ തിരഞ്ഞെടുപ്പിന് മുൻപ്

അതേസമയം, ഗുർമീതിന്റെ പരോൾ രാഷ്ട്രീയ വിവാദമായി. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ ഒരു വര്‍ഷം 90 ദിവസം വരെ തടവുപുള്ളിക്ക് പരോളിന് അർഹതയുണ്ടെന്ന് ജയിൽ അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ തിരഞ്ഞെടുപ്പിന് മുൻപായാണ് ഗുർമീതിന് എപ്പോഴും പരോൾ നൽകുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. 2021ൽ മൂന്നുവട്ടം പരോൾ നൽകിയിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയില്‍ 21 ദിവസവും ജൂണിൽ ഒരു മാസവും പരോൾ ലഭിച്ചിരുന്നു. ഇപ്പോൾ 40 ദിവസമാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.

ഫെബ്രുവരിയിൽ പഞ്ചാബ് തിരഞ്ഞെടുപ്പിന് മുൻപു പുറത്തിറങ്ങിയ ഗുർമീതിന് സെഡ് പ്ലസ് സുരക്ഷയാണ് ഏർപ്പെടുത്തിയത്. ജൂണിൽ 46 തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഗുർമീത് പരോളിൽ ഇറങ്ങിയത്. ഇപ്പോൾ ഹരിയാനയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുക്കുന്നു. മാത്രമല്ല, അദാംപുർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും അടുക്കുകയാണ്.

പരോളിനിറങ്ങിയതിനു പിന്നാലെ ദിവസവും ഗുർമീത് അനുയായികളുമായി ഓൺലൈനിൽ ഇടപഴകുന്നുണ്ട്. ഹരിയാന വിധാൻസഭ ഡപ്യൂട്ടി സ്പീക്കർ രൺബീർ ഗാങ്‌വ, കർനാൽ മേയർ രേണു ബാല ഗുപ്ത എന്നീ ബിജെപി നേതാക്കൾ ഗുർമീതിന്റെ അനുഗ്രഹം തേടി ഓൺലൈനിൽ എത്തിയിരുന്നു. ആദംപുർ ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി ജയ് പ്രകാശും ഗുർമീതിന്റെ ശിഷ്യനാണെന്നു വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

mahua-moitra-new
മഹുവ മൊയ്ത്ര (ഫയൽ ചിത്രം)

∙ അടുത്തത് ബലാത്സംഗികളുടെ ദിനം?

ഗുർമീത് റാം റഹീമിന്റെ പരോളിൽ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയും രംഗത്തെത്തി. ‘‘ഇനി ബിജെപി അടുത്തതായി ചെയ്യാൻ പോകുന്നത് ‘ബലാത്സംഗികളുടെ ദിനം’ ദേശീയ അവധിയാക്കുകയാണോ? ബലാത്സംഗത്തിന് ശിക്ഷിക്കപ്പെട്ട ഗുർമീതിന് വീണ്ടും പരോൾ ലഭിച്ചു, സത്സംഗുകൾ സംഘടിപ്പിക്കുന്നു, അവയിൽ ഹരിയാനയിലെ ബിജെപി നേതാക്കൾ പങ്കെടുക്കുന്നു’’ – മൊയ്ത്ര ട്വീറ്റ് ചെയ്തു.

യുഎസിലും ബ്രിട്ടനിലും ഉള്ള പരോൾ നിയമങ്ങളാണ് ഇന്ത്യയിൽ വേണ്ടതെന്നും ഇവിടെ നിലവിലുള്ള നിയമങ്ങൾ ഉദ്യോഗസ്ഥർക്ക് തോന്നുംപോലെ മാറ്റാമെന്നും മൊയ്ത്ര ട്വീറ്റിലൂടെ പറഞ്ഞു. തിരഞ്ഞെടുപ്പിനു മുൻപ് പരോൾ നൽകുന്നതിനു പകരം എന്തുകൊണ്ട് ബിജെപിക്ക് ഗുർമീതിനെ സ്ഥാനാർഥിയാക്കിക്കൂടായെന്നു മുതിർന്ന കോൺഗ്രസ് നേതാവ് ഉദിത് രാജ് ചോദിച്ചു. അങ്ങനെയെങ്കില്‍ ഇതുപോലെ രഹസ്യമായി വോട്ടു പിടിക്കേണ്ടായിരുന്നല്ലോയെന്നും ഉദിത് രാജ് കൂട്ടിച്ചേർത്തു.

Gurmeet Ram Rahim  (Photo by Chandan Khanna / AFP)
ഗുർമീത് റാം റഹിം (ഫയൽ ചിത്രം) (Photo by Chandan Khanna / AFP)

∙ ബലാത്സംഗം, കൊലപാതകം; 20 വർഷം ജയിൽ

ഹരിയാനയിലെ സിർസയിലെ തന്റെ ആശ്രമമായ ദേര സച്ചാ സൗദയിൽ വച്ച് രണ്ടു ശിഷ്യകളെ ബലാത്സംഗം ചെയ്തതിനെത്തുടർന്ന് 2017 ഓഗസ്റ്റിലാണ് പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി 20 വർഷത്തെ തടവിന് ഗുർമീതിനെ ശിക്ഷിച്ചത്. 2002ൽ മാധ്യമപ്രവർത്തകനായ റാം ചന്ദർ ഛത്രപതിയുടെ കൊലയ്ക്കു കാരണക്കാരനാണെന്നു ചൂണ്ടിക്കാട്ടി ഗുർമീതിനെയും മൂന്നുപേരെയും 2019ൽ ശിക്ഷിച്ചിരുന്നു. 2002ൽ വെടിയേറ്റു കൊല്ലപ്പെട്ട ദേരയുടെ മുൻ മാനേജർ രഞ്ജിത് സിങ്ങിന്റെ കൊലയ്ക്കു പിന്നിലും ഗുർമീതും മറ്റു നാലു പേരുമാണെന്നു കണ്ടെത്തി കഴിഞ്ഞവർഷം ശിക്ഷ വിധിച്ചിരുന്നു.

English Summary: Out On Parole, Rape Convict Ram Rahim Releases Diwali Music Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com