ADVERTISEMENT

ന്യൂഡൽഹി ∙ സ്വർണ കള്ളക്കടത്തു കേസ് അട്ടിമറിക്കാൻ കേരള സർക്കാരും പൊലീസും വൻശ്രമങ്ങൾ നടത്തുന്നുവെന്ന ആരോപണം ആവർത്തിച്ചും തുടർവിചാരണ കേരളത്തിൽ നിന്നു മാറ്റണമെന്ന ആവശ്യത്തിലുറച്ചും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. ഇഡിയുടെ ആവശ്യം നവംബർ മൂന്നിനു പരിഗണിക്കാനിരിക്കെയാണിത്. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ, ഹർജിയിൽ പുതിയ സത്യവാങ്മൂലത്തിന് ഇഡി കൂടുതൽ സമയം തേടിയിരുന്നു. 

അന്വേഷണം അട്ടിമറിക്കാനും തെളിവുകൾ നശിപ്പിക്കാനും സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നു ശ്രമങ്ങൾ ഉണ്ടായെന്നാണ് ഇഡിയുടെ പ്രധാന ആരോപണം. അന്വേഷണം ആവശ്യപ്പെട്ടു നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ചിലതു മൂടിവയ്ക്കാനും വിശ്വാസ്യത വർധിപ്പിക്കാനുമായിരുന്നു ഇത്. അല്ലാതെ സർക്കാർ അന്വേഷണത്തോടു സഹകരിച്ചില്ല. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ പങ്കു വ്യക്തമായതോടെ കേസ് അട്ടിമറിക്കാനാണ് സംസ്ഥാന പൊലീസ് ഉൾപ്പെടെ സർക്കാർ സംവിധാനങ്ങൾ ശ്രമിച്ചത്. തുടങ്ങിയ ആരോപണങ്ങളാണ് ഇഡിയുടെ ഡപ്യൂട്ടി ഡയറക്ടർ നൽകിയ സത്യവാങ്മൂലത്തിലുള്ളത്. വിചാരണ അട്ടിമറിച്ചു ഉന്നതരെ സംരക്ഷിക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടെന്ന ആരോപണവും ഇഡി ഉന്നയിക്കുന്നു. 

ഇതിനിടെ, കേസിൽ നിർണായകമാണെന്ന് ഇഡി നേരത്തെ തന്നെ ചൂണ്ടിക്കാട്ടുന്ന സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി രാഷ്ട്രീയ ലക്ഷ്യമിട്ടുള്ളതല്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. രഹസ്യമൊഴി നൽകിയതിൽ നിന്നു തന്നെ ഇതു മാറ്റാരുടെയും സ്വാധീനത്തിൽ അല്ല നൽകിയതെന്നു വ്യക്തമാണെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു. കേസിൽ ശിവശങ്കർ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇഡി വിശദീകരിച്ചു. 

കേസിലെ 1 മുതൽ 3 വരെ പ്രതികളായ പി.എസ്. സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ സംസ്ഥാന സർക്കാരും കേരള പൊലീസിലെ ഉന്നതരും ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിക്കുന്നുവെന്ന ആരോപണവും ഇഡി ആവർത്തിക്കുന്നുണ്ട്. നാലാം പ്രതിയും സർക്കാരിലെ ഉന്നതനുമായ എം.ശിവശങ്കറിന്റെ നിർദേശപ്രകാരമാണിതെന്നും ചൂണ്ടിക്കാട്ടുന്നു. ഇഡി ഫയല്‍ചെയ്ത ട്രാന്‍സ്ഫര്‍ ഹര്‍ജി നവംബര്‍ മൂന്നിന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. 

കേരളത്തിനു പുറത്തേക്ക് വിചാരണ മാറ്റാൻ ഇഡി ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ:

∙ ജുഡീഷ്യൽ കസ്റ്റഡിയിലായിരിക്കെ ഉന്നതരുടെ പേര് പറയാതിരിക്കാൻ സ്വപ്നയെ പൊലീസ്, ജയിൽ അധികൃതർ ഭീഷണിപ്പെടുത്തി. മൂന്നാം പ്രതി സന്ദീപ് നായർ ഇഡി ഉദ്യോഗസ്ഥർക്കെതിരെ വ്യാജ പരാതി നൽകി, തുടർന്നു കേരള പൊലീസ് കേസെടുത്തു, ഒന്നാം പ്രതി സരിത്തിനും തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഭീഷണി നേരിടേണ്ടി വന്നു.

∙ കേസിലെ 1 മുതൽ 3 വരെ പ്രതികളായ പി.എസ്.സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ സംസ്ഥാന സർക്കാരും കേരള പൊലീസിലെ ഉന്നതരും ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിക്കുന്നു. നാലാം പ്രതിയും സർക്കാരിലെ ഉന്നതനുമായ എം.ശിവശങ്കറിന്റെ നിർദേശപ്രകാരമാണിത്.

∙ ഉന്നത ബന്ധമുള്ളതു കൊണ്ടു സ്വപ്ന സുരേഷ് നേരത്തെ ഇഡിക്കു നൽകിയ മൊഴികൾ പിൻവലിപ്പിക്കാൻ വലിയ സമ്മർദമുണ്ട്. അടുത്തിടെ മജിസ്ട്രേട്ടിനു മുന്നിൽ നൽകിയ രഹസ്യമൊഴിയിൽ ഇക്കാര്യം വ്യക്തമാണ്.

∙ കേസ് കേരളത്തിൽ തന്നെ തുടർന്നാൽ ആരോപണവിധേയരായ ഉന്നതർ അന്വേഷണം അട്ടിമറിക്കാനുള്ള തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ തെറ്റായ ആരോപണങ്ങളും പരാതികൾക്കുമുള്ള സമ്മർദവുമുണ്ട്.

∙ വ്യാജ ആരോപണങ്ങൾ വഴി അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനാണു പൊലീസ് ശ്രമിക്കുന്നത്. കേസിന്റെ വിചാരണ കേരളത്തിൽ തുടരുന്നതു സ്ഥിതി ഗുരുതരമാക്കും.

∙ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാ‍ഞ്ച് കേസ് റജിസ്റ്റർ ചെയ്തതു തന്നെ സർക്കാർ സംവിധാനത്തെ ദുരുപയോഗം ചെയ്തതിന്റെ തെളിവാണ്. സംസ്ഥാന പൊലീസ് ഇഡിയെ ചോദ്യം ചെയ്യുന്നതു കീഴ്‍വഴക്കമില്ലാത്തതാണ്. ഈ സാഹചര്യത്തിൽ സുതാര്യമായ വിചാരണ അസാധ്യമാകും.

∙ ഇഡിയുടെ ഹർജിയിൽ, ക്രൈംബ്രാ‍ഞ്ചിന്റെ എഫ്ഐആറുകൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയെങ്കിലും ശേഖരിച്ച വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതും അന്വേഷണത്തെയും വിചാരണയേയും തടസ്സപ്പെടുത്തുന്നു.

∙ കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച അന്വേഷണം ശരിയാണോയെന്നു പരിശോധിക്കാൻ ഏകാംഗ കമ്മിഷനെ വയ്ക്കുന്ന അസംബന്ധ നടപടിയും സർക്കാരിൽ നിന്നുണ്ടായി.

∙ മൂന്നാം പ്രതി സന്ദീപ് നായർ ശിവശങ്കരന്റെ ഉപകരണമായി പ്രവർത്തിക്കുന്നുവെന്ന ഇഡിയുടെ വാദം ശരിവയ്ക്കുന്നതാണ് ഇയാൾ കസ്റ്റഡിയിൽ നിന്നു പുറത്തുവന്നശേഷം പറഞ്ഞ കാര്യങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയൻ, കെ.ടി.ജലീൽ, പി. ശ്രീരാമകൃഷ്ണൻ എന്നിവരുടെ പേരുകൾ പറയാൻ ഇഡി നിർബന്ധിച്ചു, ശിവശങ്കരൻ നിരപരാധിയാണ് എന്നിങ്ങനെയാണ് സന്ദീപ് പറഞ്ഞത്.

English Summary: Enforcement Directorate on gold smuggling case Trial Transfer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com