ADVERTISEMENT

കെനിയയിൽ രണ്ട് ഇന്ത്യക്കാരെയും സ്വദേശി ഡ്രൈവറെയും കാണാതായ സംഭവത്തിൽ ദുരൂഹത. തലസ്ഥാനമായ നയ്റോബിയിൽ ജൂലൈ 22 നാണ് ഇവരെ കെനിയയിലെ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് (ഡിസിഐ) സംഘം എന്നു സംശയിക്കുന്നവർ തട്ടിക്കൊണ്ടുപോയത്. ഇവരെ കണ്ടെത്താനോ തട്ടിക്കൊണ്ടുപോയവരെ തിരിച്ചറിയാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ടു മാസത്തിനുശേഷം ഒൻപതു പൊലീസുകാരെ സസ്പെൻഡ് ചെയ്തതൊഴിച്ചാൽ കൂടുതൽ നടപടികളും ഉണ്ടായിട്ടില്ല. അന്വേഷണ പുരോഗതി നിരീക്ഷിക്കുകയാണെന്ന് ഇന്ത്യ പ്രതികരിച്ചു.

മുംബൈ ആസ്ഥാനമായ ബാലാജി ടെലിഫിലിംസ് സിഒഒ സുൾഫിക്കർ അഹമ്മദ് ഖാൻ (48), ദുബായിൽ ജീവിക്കുന്ന ലക്നൗ സ്വദേശി മുഹമ്മദ് സെയ്ദ് സമി കിദ്വായ് (36) എന്നിവരെയാണു കെനിയൻ ഡ്രൈവർക്കൊപ്പം അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. കെനിയയിൽ നടന്ന തിരഞ്ഞെടുപ്പിലെ രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ് ഇതെന്നാണ് റിപ്പോർട്ടുകൾ.‌

അതേസമയം, വ്യവസായ ആവശ്യത്തിനാണ് സുൾഫിക്കൽ കെനിയയിൽ പോയതെന്നും ജൂലൈ 24ന് ഇന്ത്യയിൽ എത്തിയശേഷം മടങ്ങുമെന്ന് പറഞ്ഞിരുന്നുവെന്നും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറയുന്നു. കിദ്വായി പോയത് വിനോദസഞ്ചാരത്തിനാണെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു.

‌∙ കാണാതായത് ജൂലൈ 22ന്

ജൂലൈ 22 രാത്രി നയ്റോബിയിലെ ഒരു പ്രമുഖ ക്ലബിൽനിന്ന് ഇറങ്ങിയ സുൾഫിക്കറും കിദ്വായിയും ഒരു ക്യാബിൽ കയറി. മിനിറ്റുകൾക്കുള്ളിൽ ഡിസിഐ സ്പെഷൽ സർവീസ് യൂണിറ്റിന്റെ ഒരു വാഹനം കാറിനു കുറുകെയിട്ട് തടയുകയും അതിൽനിന്നിറങ്ങിയ ചിലർ ഇരുവരെയും ഡ്രൈവറെയും കാറിൽനിന്നു വലിച്ചിറക്കി ഡിസിഐയുടെ വാഹനത്തിൽ കയറ്റി പോകുകയും ചെയ്തു. ബാറിലെ സിസിടിവിയിൽനിന്ന് ഇതിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. (ക്രിമിനൽ‌ പ്രവർത്തനങ്ങളുടെ പേരിൽ നിരവധി ആരോപണങ്ങളെത്തുടർന്ന് ഡിസിഐയുടെ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്).

താമസിച്ചിരുന്ന ഹോട്ടലിൽനിന്ന് ബാറിലേക്കു പോകാൻ 22 ന് രാത്രി 10.45 ന് ഇരുവരും ഇറങ്ങിയെന്ന് കുടുംബാംഗങ്ങൾ പറയുന്നു. എപ്പോൾ തിരിച്ചുവരുമെന്ന ഭാര്യയുടെ എസ്എംഎസിന്, 15 മിനിറ്റിനുള്ളിൽ എന്നു കിദ്വായി മറുപടി നൽകി. ഉറങ്ങിപ്പോയ ഇവർ മൂന്നു മണിക്ക് എഴുന്നേറ്റപ്പോഴും ഭർത്താവ് തിരികെയെത്തിയില്ലെന്നു കണ്ടു. ഭർത്താവിന്റെയും ഡ്രൈവറുടെയും നമ്പറുകളിൽ മാറിമാറി വിളിച്ചിട്ടും സ്വിച്ച്ഡ് ഓഫ് എന്നായിരുന്നു മറുപടി. നയ്റോബിയിലെ മറ്റു സുഹൃത്തുക്കളെ വിളിച്ചെങ്കിലും ആരും കണ്ടിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. പിറ്റേദിവസം പൊലീസിൽ പരാതി നൽകി. ബാറിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് തട്ടിക്കൊണ്ടുപോയെന്നു മനസ്സിലായത്. പിന്നീട് ആ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തി. 70 ദിവസങ്ങൾക്കുശേഷവും അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിനാൽ, പ്രധാനമന്ത്രി മോദി വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർഥിച്ച് കുടുംബവും സുഹൃത്തുക്കളും പരാതി തയാറാക്കിയിരുന്നു. 10,000ൽ അധികംപേർ ഇതിൽ ഇപ്പോൾ ഒപ്പിട്ടിട്ടുണ്ട്.

∙ ഇന്ത്യയുടെ ഇടപെടൽ

കാണാതായവരെ നിഴൽ രഹസ്യാന്വേഷണ സംഘം കൊലപ്പെടുത്തിയിരിക്കാമെന്ന് കെനിയൻ പ്രസിഡന്റ് വില്യം റൂത്തോയുടെ അടുത്ത സുഹൃത്തും ഡിജിറ്റൽ തന്ത്രജ്ഞനുമായ ഡെന്നിസ് ഇട്ടുംബി ഫെയ്സ്ബുക് കുറിപ്പിൽ ആരോപിച്ചിരുന്നു. തുടർന്ന് സംഭവത്തിൽ നടപടിയെടുക്കണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം കെനിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

നയ്റോബിയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ നംഗ്യ ഖാംപ, പ്രസിഡന്റ് റുത്തോയെ കണ്ട് അന്വേഷണം വേഗത്തിലാക്കണമെന്ന് അഭ്യർഥിച്ചിരുന്നു. ഒക്ടോബർ 23ന് ഇന്ത്യയിലെ കെനിയൻ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ആശങ്ക അറിയിക്കുകയും ചെയ്തു. ഇതിനിടെ, കെനിയൻ കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്തതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

സമ്മർദ്ദം ശക്തമായതിനെത്തുടർന്ന് ഡിസിഐ ഉദ്യോഗസ്ഥരടക്കം നിരവധിപ്പേരെ കെനിയൻ പൊലീസിലെ ആഭ്യന്തര അന്വേഷണ യൂണിറ്റ് കസ്റ്റഡിയിൽ എടുത്തിരുന്നു. നിലവിൽ 12 എസ്എസ്‌യു ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം ചുരുങ്ങിയിട്ടുണ്ട്. കുറ്റകൃത്യത്തിനും തട്ടിക്കൊണ്ടുപോകലിനും ഇവരിൽ നാലു പേരുടെ മേൽ കുറ്റം ചുമത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് കെനിയയുടെ പബ്ലിക് പ്രോസിക്യൂഷൻസ് ഡയറക്ടർ നൂർദിൻ എം. ഹാജി അറിയിച്ചിരിക്കുന്നത്. എന്നാൽ കേസിൽനിന്നു പിന്മാറിയില്ലെങ്കിൽ തന്നെ കൊല്ലുമെന്ന് ചില സർക്കാർ ഉദ്യോഗസ്ഥരും പൊലീസുകാരും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും നൂർദിൻ പറഞ്ഞു.

∙ എല്ലുകളും വസ്ത്രവും ബെൽറ്റും കണ്ടെത്തി

മൂവരെയും തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്നു 150 കിലോമീറ്റർ അകലെ നയ്റോബിയിലെ അബെർഡേർ വനമേഖലയിൽനിന്ന് ഇവരുടേതെന്നു കരുതപ്പെടുന്ന എല്ലുകളും വസ്ത്രങ്ങളും ബെൽറ്റുകളും കണ്ടെടുത്തു. സംശയിക്കപ്പെടുന്ന നാല് ഉദ്യോഗസ്ഥരാണ് അബേർഡേറിൽ മൃതദേഹങ്ങൾ കൊണ്ടിട്ടതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

∙ റുത്തോയുടെ പ്രചാരണത്തിൽ സഹായിച്ചു?

സുൾഫിക്കറും കിദ്വായിയും കെനിയൻ പ്രസിഡന്റ് റുത്തോയുടെ ഡിജിറ്റൽ പ്രചാരണത്തിൽ സഹായിച്ചുവെന്നാണ് മാധ്യമറിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗികമായി കെനിയൻ സർക്കാർ പ്രതികരിക്കുന്നില്ല. സമൂഹമാധ്യമ പ്രചാരണത്തിന് ഇവർ സഹായിച്ചെന്നും ഇവരുമായി നയ്റോബിയിൽ വച്ചു കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഡെന്നിസ് ഇട്ടുംബി ബിബിസിയോട് പ്രതികരിച്ചിരുന്നു. ‘‘ഇവർ എവിടെയാണ് താമസിച്ചിരുന്നതെന്ന് അറിയാം. അവരുൾപ്പെടുന്ന ടെലഗ്രാം ഗ്രൂപ്പിൽ ഞാനുമുണ്ടായിരുന്നു. എന്നാൽ ഇവരെ പ്രചാരണത്തിന്റെ ഭാഗമാക്കിയിരുന്നില്ല. ഇവർ നൽകിയതിൽ ചില ആശയങ്ങൾ ഞങ്ങൾ ഉപയോഗിച്ചിട്ടുണ്ട്’’ – ഇട്ടുംബിയെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു.

തിരഞ്ഞെടുപ്പിൽ സമൂഹമാധ്യമ പ്രചാരണത്തിൽ ഇവർ സഹായിച്ചിരുന്നതായി കാണാതായവരുടെ കുടുംബാംഗങ്ങൾക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകൻ അഹമ്മദ്നാസ്സിർ അബ്ദുല്ല പറഞ്ഞു. ‘‘രാഷ്ട്രീയ റാലികളെക്കുറിച്ചുള്ള ചെറു വിഡിയോകൾ നിർമിക്കുന്നതിൽ വിദഗ്ധരായിരുന്നു ഇവരെന്നാണു മനസ്സിലാക്കുന്നത്. പ്രചാരണത്തിന് വളരെ ചെറിയ സഹായങ്ങൾ മാത്രമേ ഇവർ നൽകിയിട്ടുള്ളൂ എന്നാണ് വ്യക്തമാകുന്നത്’’ – അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിൽ ജയിച്ച റുത്തോ സെപ്റ്റംബർ 13ന് അധികാരത്തിൽ കയറി. എന്നാൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ‌ ഇൻഡിപെൻഡന്റ് ഇലക്ടറൽ ആൻഡ് ബൗണ്ടറീസ് കമ്മിഷൻ (ഐഇബിസി) പോർട്ടൽ ഹാക്ക് ചെയ്തുവെന്നും ഫലം റുത്തോയ്ക്ക് അനുകൂലമാക്കിയെന്നും ആരോപിച്ച് കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഇതിൽ 19 വിദേശികളുടെയും 2 കെനിയക്കാരുടെയും പേരുകൾ ഉൾപ്പെടുന്നുവെന്നാണു റിപ്പോർട്ടുകൾ. കെനിയയെ ആഗോള ടെക്നോളജി പവർഹൗസ് ആക്കുമെന്നു പ്രഖ്യാപിച്ച് പ്രചാരണം നടത്തിയ റൂത്തോയുടെ ഡിജിറ്റൽ പ്രചാരണത്തിനു നിരവധി സോഫ്റ്റ്‌വെയർ പ്രോഗ്രാമർമാരെയും ഡവലപ്പർമാരെയും ഐടി വിദഗ്ധരെയും റിക്രൂട്ട് ചെയ്തിരുന്നു. ഓരോ മേഖലയിലെയും വിദഗ്ധരെയാണ് ഇത്തരത്തിൽ ഉപയോഗിച്ചിരുന്നത്. സുൾഫിക്കറും കിദ്വായിയും ഈ പ്രചാരണ സംഘത്തിലെ അംഗങ്ങളായിരുന്നുവെന്നാണു വിവരം.

∙ എന്തുകൊണ്ട് ഡിസിഐ അടച്ചുപൂട്ടി?

കെനിയയിൽ കുറ്റകൃത്യങ്ങൾ ക്രമാതീതമായി പെരുകിയപ്പോൾ 1999ൽ സ്ഥാപിച്ചതാണ് ഡിസിഐയുടെ എസ്എസ്‌യു യൂണിറ്റ്. ആയുധങ്ങളും വെടിക്കോപ്പുകളും അനധികൃതമായി കടത്തുന്നതു തടയുകയായിരുന്നു എസ്എസ്‌യുവിന്റെ ആദ്യ ചുമതല. പിന്നീട് ലഹരിമരുന്ന്, കൊള്ള, ചരക്കു തട്ടിയെടുക്കൽ, മനുഷ്യക്കടത്ത് തുടങ്ങിയവയും അന്വേഷിച്ചുതുടങ്ങി. കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച യൂണിറ്റ് പിന്നീട് ഒരു സായുധ സംഘമായി മാറുകയും നിയമം അനുശാസിക്കുന്നതിനു പുറത്തുള്ള ശിക്ഷാരീതികളും കൊലപാതകങ്ങളും നടത്തി കുപ്രസിദ്ധി നേടുകയും ചെയ്തു. കെനിയൻ പൗരന്മാരെയും വിദേശികളെയും (കൂടുതലും നൈജീരിയൻ പൗരന്മാർ) ഇവർ കൊലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നാലു വർഷത്തിനിടെ 600ൽ അധികം പേരെ ഇങ്ങനെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് സന്നദ്ധ സംഘടനകൾ പറയുന്നത്. സുൾഫിക്കറിനെയും കിദ്വായിയെയും ഡ്രൈവറെയും ഇവർ കൊന്നുവെന്നാണ് കരുതുന്നത്.

(Photo - FB/Zulfiqar Ahmad Khan)
(Photo - FB/Zulfiqar Ahmad Khan)

∙ ഉത്തരമില്ലാത്ത ചോദ്യങ്ങൾ

ഓരോ ദിവസം ചെല്ലുന്തോറും സുൾഫിക്കറിന്റെയും കിദ്വായിയുടെയും തിരോധാനത്തിൽ ദുരൂഹതയേറുകയാണ്. അന്വേഷണം കാര്യമായി മുന്നോട്ടുപോകാത്തതും സംശയമുണർത്തുന്നു. സംഭവം നടന്ന് ഇത്രയും നാളായിട്ടും എന്തുകൊണ്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല? സുൾഫിക്കറും കിദ്വായിയും തമ്മിൽ നേരത്തേ പരിചയം ഉണ്ടായിരുന്നോ? അവർ കെനിയയിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു വേണ്ടി പ്രവർത്തിച്ചിരുന്നോ? കണ്ടെടുത്ത എല്ലുകളും മറ്റും ഫൊറൻസിക് വിഭാഗത്തിലേക്കു പരിശോധനയ്ക്ക് എന്തുകൊണ്ട് അയച്ചില്ല. അങ്ങനെ അയച്ചെങ്കിൽ എന്താണ് ഫലം? അവരുടെ കൊലപാതകങ്ങളെക്കുറിച്ച് ഇട്ടുംബി സംശയം പറഞ്ഞിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് പൊലീസ് അവ അന്വേഷിക്കാത്തത്. കെനിയൻ പ്രോസിക്യൂട്ടറെ ഭീഷണിപ്പെടുത്തിയ സർക്കാർ ഉദ്യോഗസ്ഥരും പൊലീസുകാരും ആരൊക്കെ? എസ്എസ്‌യു എന്തിനാണ് സുൾഫിക്കറിനെയും കിദ്വായിയെയും ലക്ഷ്യമിട്ടത്. ഈ ടെക്കികളുമായുള്ള ബന്ധം എന്താണെന്നതിൽ റുത്തോ സർക്കാർ എന്തുകൊണ്ട് നിശബ്ദത പാലിക്കുന്നു? എന്നിങ്ങനെ ചോദ്യങ്ങൾ പലതാണ്.
 

English Summary: Why two Indians disappeared on a July night in Kenya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com