ADVERTISEMENT

ചെന്നൈ∙ തമി‌ഴ്‌നാട്ടിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി വിവിധ വിഷയങ്ങളിൽ നിരന്തരം കൊമ്പുകോർക്കുന്ന ഗവർണർ ആർ.എൻ.രവിയെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കു സംയുക്ത നിവേദനം നൽകാൻ തമി‌ഴ്‌നാട് സർക്കാർ. ബില്ലുകള്‍ ഒപ്പിടാതെ മാറ്റിവയ്ക്കുന്ന ഗവര്‍ണറെ തിരിച്ചു വിളിക്കാനുള്ള നീക്കത്തിനു കോണ്‍ഗ്രസും എംഡിഎംകെയും സിപിഎമ്മും അടക്കമുള്ള സഖ്യകക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ചു. രാഷ്ട്രപതിക്ക് സമർപ്പിക്കുന്ന നിവേദനത്തില്‍ ഒപ്പുവയ്ക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ ട്രഷററും മുതിര്‍ന്ന നേതാവുമായ ടി.ആര്‍.ബാലു കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള സഖ്യകക്ഷികള്‍ക്കും ബിജെപി, അണ്ണാ ഡിഎംകെ ഉള്‍പ്പെടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും കത്ത് നല്‍കി. 

കോയമ്പത്തൂർ കാർ സ്ഫോടനക്കേസിൽ  മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടിയിട്ടും സംസ്ഥാന സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ പൊതുവേദിയില്‍ പരസ്യവിമര്‍ശനം ഉന്നയിച്ചതാണ് ഡിഎംകെയെ പ്രകോപിപ്പിച്ച ഒടുവിലത്തെ സംഭവം. കോണ്‍ഗ്രസും എംഡിഎംകെയും  സിപിഎമ്മും ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചു. ഡിഎംകെ ആസ്ഥാനത്തിൽ എത്തി എംഡിഎംകെ അധ്യക്ഷൻ വൈകോ സംയുക്ത നിവേദനത്തിൽ ഒപ്പുവച്ചു.  

കേരളത്തിലും ഗവര്‍ണര്‍ നടത്തുന്നതും ഭരണഘടനാ വിരുദ്ധ നടപടികളാണെന്നും കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ചുനിന്ന് ഇതിനെ ചെറുക്കുമെന്നാണു പ്രതീക്ഷയെന്നു ഡിഎംകെ വക്താവ് ടി.കെ.എസ് ഇളങ്കോവന്‍ മനോരമ ന്യൂസിനോടു പറഞ്ഞു. ഇന്നലെ വൈകുന്നേരം ചെന്നൈയിലെത്തിയ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ഡിഎംകെ നേതൃത്വം സംയുക്ത നീക്കം ചര്‍ച്ച ചെയ്തു. മമതയും ഒന്നിച്ചുനില്‍ക്കാമെന്ന് ഉറപ്പ് നല്‍കിയെന്നാണു സൂചനയെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. 

തമി‌ഴ്‌നാട്ടിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഗവർണർ ആർ.എൻ.രവിയും തമ്മിലുള്ള പോര് സംസ്ഥാനത്തെ 13 സർവകലാശാലയിലെ വിസി നിയമനവുമായി ബന്ധപ്പെട്ടുണ്ടായതാണ്. വിസി നിയമനാധികാരം സർക്കാരിൽ നിക്ഷിപ്തമാക്കാനുള്ള ബിൽ കഴിഞ്ഞ ഏപ്രിലിൽ നിയമസഭാ പാസാക്കി ഗവർണർക്ക് അയച്ചതാണ്. ആറുമാസമായിട്ടും ബിൽ പരിഗണനയിൽ വച്ചിരിക്കുന്ന ഗവർണർ അളഗപ്പ സർവകലാശാലാ, മനോൻമന്യം സുന്ദരനാർ സർവകലാശാലാ, തിരുവള്ളൂർ സർവകലാശാലാ എന്നിവിടങ്ങളിൽ കൂടി വൈസ് ചാൻസലറെ നിയമിച്ചാണു സർക്കാരിന് മറുപടി നൽകിയത്. 

ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനു വൈസ് ചാൻസലറെ നിയമിക്കാനുള്ള അധികാരമില്ലാത്തത് ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നായിരുന്നു സ്റ്റാലിന്റെ പക്ഷം. ഗവർണറുമായുള്ള പരിപാടി മന്ത്രിമാർ ബഹിഷ്കരിക്കലും ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ പ്രതിഷേധിക്കലും വരെ എത്തി കാര്യങ്ങൾ. 

English Summary: DMK to send memo to President Droupadi Murmu to sack governor R N Ravi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com