ADVERTISEMENT

ബെയ്ജിങ് ∙ ചൈനയിൽ കോവിഡ് ബാധിത പ്രദേശത്ത് പ്രഖ്യാപിച്ച ലോക്ഡൗണിൽ കുടുങ്ങി ചികിത്സ കിട്ടാതെ മൂന്നു വയസ്സുകാരൻ മരിച്ചതിനു പിന്നാലെ വൻ വിവാദം. സീറോ–കോവിഡ് പോളിസിയുടെ ഭാഗമായി കോവിഡ് ബാധിത പ്രദേശങ്ങളിൽ ചൈന കർശന നിയന്ത്രണം നടപ്പാക്കുന്നതിനിടെയാണ് ഗാൻഷു പ്രവിശ്യയുടെ തലസ്ഥാനമായ ലാൻഷുവിൽ മൂന്നു വയസ്സുകാരൻ ചികിത്സ കിട്ടാതെ മരിച്ചത്. വിവാദം കടുത്തതോടെ, ജില്ലാ ഭരണകൂടം കുട്ടിയുടെ മരണത്തിൽ അനുശോചിച്ചും ചികിത്സ വൈകിയതിൽ ഖേദം പ്രകടിപ്പിച്ചും രംഗത്തെത്തി.

വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായ കുട്ടിക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും, കോവിഡ് വ്യാപനം തടയുന്നതിനായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ പുറത്തു പോകാൻ അനുവദിച്ചില്ലെന്ന് കുട്ടിയുടെ പിതാവ് സമൂഹമാധ്യമങ്ങളിലൂടെ ആരോപിച്ചു. കോവിഡ് വ്യാപിച്ചതിനെ തുടർന്ന് ഒക്ടോബർ ആദ്യ ആഴ്ച മുതൽ ലാൻഷുവിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.

കുട്ടിയുടെ മരണത്തിനു കാരണം കോവിഡ് നിയന്ത്രണങ്ങൾ നിമിത്തം ചികിത്സ വൈകിയതാണെന്ന് പിതാവ് വെളിപ്പെടുത്തിയതിനു പിന്നാലെ, ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയിൽ ഉൾപ്പെടെ കടുത്ത വിമർശനം ഉയർത്തി ഒട്ടേറെപ്പേരാണ് രംഗത്തെത്തിയത്. 

ഭാര്യയ്ക്കും കുട്ടിക്കും ചൊവ്വാഴ്ച മുതൽ സുഖമില്ലായിരുന്നുവെന്നാണ് ഇയാൾ പറയുന്നത്. വിഷവാതകം ശ്വസിച്ചതിന്റെ ലക്ഷണങ്ങൾ കാട്ടിയ കുട്ടി അധികം വൈകാതെ അബോധാവസ്ഥയിലായി. കുട്ടിയുടെ പിതാവ് പൊലീസിനെയും ആംബുലൻസ് ഡ്രൈവർമാരെയും സഹായത്തിനായി ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും ആരോഗ്യ പ്രവർത്തകർ തടഞ്ഞു.

ആരോഗ്യ പ്രവർത്തകരുടെ ശക്തമായ എതിർപ്പിനിടെ ഒരുവിധം പുറത്തെത്തിയ പിതാവ്, ടാക്സി വിളിച്ച് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സ വൈകിയതാണ് കുട്ടിയുടെ മരണത്തിനു കാരണമായതെന്നാണ് പിതാവിന്റെ ആരോപണം.

ഇതിനിടെയാണ് അസാധാരണ നടപടിയിലൂടെ ജില്ലാ  ഭരണകൂടം സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തും കുട്ടിയുടെ മരണത്തിൽ ഖേദം പ്രകടിപ്പിച്ചും രംഗത്തെത്തിയത്. സംഭവിച്ചത് എന്തെന്ന് വിശദമായി സമൂഹമാധ്യമങ്ങളിൽ കുറിച്ചാണ് ഭരണകൂടം ഖേദം പ്രകടിപ്പിച്ചത്.

English Summary: Backlash against China’s Covid policy after 3-year-old boy dies in lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com