ADVERTISEMENT

ന്യൂഡൽഹി ∙ വായു മലിനീകരണത്തിൽ ശ്വാസംമുട്ടി ഡൽഹി. വായു മലിനീകരണം ഗുരുതരാവസ്ഥയിലെത്തിയ സാഹചര്യത്തിൽ കർശന പ്രതിരോധ നടപടികളുമായി വായു നിലവാര മാനേജ്മെന്റ് കമ്മിഷൻ രംഗത്തെത്തി. ഡൽഹിയിലേക്കുള്ള ട്രക്കുകളുടെ പ്രവേശനം വിലക്കി. ദേശീയ തലസ്ഥാന മേഖലയിലെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള നാലുചക്ര വാഹനങ്ങൾ ഡൽഹിയിൽ പ്രവേശിക്കുന്നതു തടയണമെന്നും നിർദേശിച്ചിട്ടുണ്ട്. വായു മലിനീകരണം ഗുരുതരാവസ്ഥയിലെത്തുമ്പോൾ നടപ്പാക്കേണ്ട നാലാംഘട്ട പ്രതിരോധ നടപടികളാണു പ്രഖ്യാപിച്ചിരിക്കുന്നത്.

നിർദേശങ്ങൾ ഇങ്ങനെ

∙ അവശ്യ വസ്തുക്കളുമായി എത്തുന്നവ അല്ലാത്ത എല്ലാ ട്രക്കുകൾക്കും നഗരത്തിൽ പ്രവേശിക്കുന്നതിനു വിലക്ക്.
∙ ഡൽഹിയിൽ റജിസ്റ്റർ ചെയ്ത ഡീസൽ ഉപയോഗിക്കുന്ന മീഡിയം ഗുഡ്സ് വെഹിക്കിൾ, ഹെവി ഗുഡ്സ് വെഹിക്കിൾ എന്നിവയ്ക്കു വിലക്ക്.
∙ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഡീസൽ കാറുകളും മറ്റും നഗരത്തിൽ പ്രവേശിക്കുന്നതിനു വിലക്ക്. ബിഎസ് 6 നിലവാരത്തിലുള്ള വാഹനങ്ങൾക്കു വിലക്കില്ല
∙ ദേശീയ തലസ്ഥാന മേഖലയിലെ എല്ലാ വ്യവസായ കേന്ദ്രങ്ങൾക്കും പ്രവർത്തന വിലക്ക്. പിഎൻജി ഇന്ധനം ലഭ്യമല്ലാത്ത സ്ഥലമാണെങ്കിൽ പോലും വിലക്കു ബാധകം. പാൽ, മരുന്ന്, ജീവൻരക്ഷാ സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്കു വിലക്കു ബാധകമല്ല.
∙ ഹൈവേ, റോഡ്, മേൽപാലം തുടങ്ങിയ എല്ലാത്തരം നിർമാണപ്രവർത്തനങ്ങൾക്കും വിലക്ക്.

വായുമലിനീകരണം രൂക്ഷമായതിനാൽ ശനിയാഴ്ച മുതൽ ഡൽഹിയിലെ പ്രൈമറി സ്കൂളുകൾ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ, ക്ലാസിന് പുറത്തുള്ള പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നും കേജ്‌രിവാൾ വ്യക്തമാക്കി. ഡൽഹിയോട് ചേർന്നുകിടക്കുന്ന ഉത്തർപ്രദേശിലെ നോയിഡ, ഗ്രേറ്റർ നോയിഡ എന്നിവിടങ്ങളിലെ ഒന്ന് മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഈമാസം ഒൻപതുവരെ ഓൺലൈൻ ക്ലാസുകൾ മാത്രമാക്കി.

പുകഞ്ഞുതീരുമോ...?

ശക്തമായ പുകമഞ്ഞ് നിറഞ്ഞുനിൽക്കുന്ന സാഹചര്യമായിരുന്നു ഇന്നലെ നഗരത്തിൽ. പലർക്കും തലവേദന, കണ്ണിനു നീറ്റൽ, ശരീരത്തിൽ ചൊറിച്ചിൽ തുടങ്ങിയ സാഹചര്യങ്ങളുണ്ടായി. വായുനിലവാര സൂചിക (എക്യുഐ) ഇന്നലെ രാവിലെ 426 എന്ന ഗുരുതരാവസ്ഥയാണു രേഖപ്പെടുത്തിയത്. ആനന്ദ് വിഹാർ, ജഹാംഗീർപുരി എന്നിവിടങ്ങളിലാണ് വായു ഏറ്റവും ഗുരുതര സ്ഥിതി രേഖപ്പെടുത്തിയത്; എക്യുഐ 460.

കൃഷി അവശിഷ്ടം കത്തിക്കൽ

സംസ്ഥാനത്തെ വായു മലിനീകരണത്തിന്റെ 38% കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്നതിനെ തുടർന്നെന്ന് കണക്കുകൾ. ശ്വാസകോശത്തെ ബാധിക്കുന്ന പാർട്ടിക്കുലേറ്റ് മാറ്റർ 2.5ന്റെ നില അപകടനിലയിലെത്താൻ കാരണം പഞ്ചാബ്, ഹരിയാന, യുപി സംസ്ഥാനങ്ങളിൽ കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്ന സംഭവങ്ങളാണെന്നാണു വിലയിരുത്തൽ.

വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് കർശന നിർദേശങ്ങൾ നൽകിയ ശേഷവും ഇന്നലെ ജലന്തറിൽ കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്നു. ചിത്രം: പിടിഐ
വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് കർശന നിർദേശങ്ങൾ നൽകിയ ശേഷവും ഇന്നലെ ജലന്തറിൽ കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്നു. ചിത്രം: പിടിഐ

ബുധനാഴ്ച പഞ്ചാബിൽ മാത്രം 3,634 കത്തിക്കൽ സംഭവങ്ങളാണു റിപ്പോർട്ട് ചെയ്തത്. സീസണിലെ ഏറ്റവും വലിയ കണക്കാണിത്. ചൊവ്വാഴ്ച ഇതു 1,842 ആയിരുന്നു. തിങ്കളാഴ്ച 2131, ഞായറാഴ്ച 1,761. ദീപാവലി ദിവസമായ ഒക്ടോബർ 24നു പിഎം 2.5ന്റെ 8% മാത്രമായിരുന്നു കത്തിക്കുന്നതിനെ തുടർന്നുള്ള പൊടി. ഇതാണ് ഏതാനും ദിവസങ്ങൾ കൊണ്ടു വർധിച്ചത്. അതേസമയം ഹരിയാനയിൽ 112 സംഭവങ്ങളും യുപിയിൽ 43 സംഭവങ്ങളുമാണ് ഇന്നലെ സ്ഥിരീകരിച്ചത്.

വലഞ്ഞ് ജനം, ആയുധമാക്കി പാർട്ടികൾ

വായു മലിനീകരണത്തിൽ നഗരവാസികൾ വലയുമ്പോഴും വിഷയത്തിൽ രാഷ്ട്രീയപ്പോര് തുടരുകയാണ്. ആംആദ്മി പാർട്ടിക്കെതിരെ കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് കഴിഞ്ഞ ദിവസം ആരോപണവുമായി രംഗത്തെത്തി. മറുപടിയുമായി കേജ്‍രിവാൾ തിരിച്ചടിച്ചു. പഞ്ചാബിൽ കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്ന സംഭവങ്ങൾ വർധിക്കാൻ കാരണം കേന്ദ്രസർക്കാരാണെന്നും വായു മലിനീകരണം നിയന്ത്രിക്കാനായില്ലെങ്കിൽ രാജിവയ്ക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പഞ്ചാബിലെ കത്തിക്കൽ സംഭവങ്ങൾ മുൻവർഷത്തേക്കാൾ കൂടുതലാണെന്ന് കേന്ദ്രമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വായു മലിനീകരണ നിയന്ത്രണ കമ്മിഷനും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

English Summary: Delhi Air Pollution - Visual Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com