ADVERTISEMENT

ബിജെപിയുടെ വാടാത്ത താമരപ്പാടമാണ് ഗുജറാത്ത്; മൂന്നു പതിറ്റാണ്ടോളമായി പാർട്ടിയുടെ കിരീടത്തിലെ പൊൻതൂവൽ. ഗുജറാത്ത് ഭരിച്ചവർതന്നെ രാജ്യഭരണവും കയ്യാളുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും പാർട്ടി അവിടെ ലക്ഷ്യമിടുന്നില്ല. മൂന്നു ദശകത്തോളം ബിജെപി– കോൺഗ്രസ് പോരാട്ടം നടന്ന സംസ്ഥാനത്ത് ഇത്തവണ വീറോടെ പോരാടുന്ന മറ്റൊരു കൂട്ടരുണ്ട്– ആം ആദ്മി പാർട്ടി (എഎപി). ത്രികോണ മത്സരത്തിന്റെ പൊടിപാറുമ്പോഴും ‘ഒരു താമര പോലും കൊഴിയില്ലെന്ന’ ആത്മവിശ്വാസത്തിലാണു ബിജെപി. തൂത്തുവാരുമെന്നു വെല്ലുവിളിച്ച് എഎപിയും നിലയുറപ്പിക്കുന്നു.

ഗുജറാത്തികളുടെ മനമറിയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഈ തിരഞ്ഞെടുപ്പിലും ബിജെപിയുടെ തുറുപ്പുചീട്ട്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഗുജറാത്തിൽ പലകുറി സന്ദർശനം നടത്തി കോടികളുടെ പദ്ധതികളാണു പ്രഖ്യാപിച്ചത്. അതെല്ലാം വോട്ടായി മാറുമെന്നാണു ഭരണപക്ഷത്തിന്റെ പ്രതീക്ഷയും. ഉത്തർപ്രദേശിലും ‌ഉത്തരാഖണ്ഡിലുമൊക്കെ സംഭവിച്ചതുപോലെ ഗുജറാത്തിലും മോദി മാജിക്കിൽ ഭരണവിരുദ്ധ വികാരം മാഞ്ഞുപോകുമെന്നാണു കണക്കുകൂട്ടൽ. എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌‍‌രിവാളിന്റെ സാന്നിധ്യം കാര്യങ്ങൾ എളുപ്പമാക്കില്ലെന്ന തിരിച്ചറിവും ബിജെപിക്കുണ്ട്.

∙ ഗധ്‌വിയിലൂടെ അട്ടിമറിക്ക് എഎപി

2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ ആകെയുള്ള 182 സീറ്റിൽ ബിജെപി 99 സീറ്റാണു നേടിയത്; കോൺഗ്രസ് 77 ഉം. ബിടിപി 2, എൻസിപി 1, സ്വതന്ത്രർ 3 എന്നിങ്ങനെയായിരുന്നു മറ്റുള്ളവർ. കോൺഗ്രസിൽനിന്നും മറ്റും എംഎൽഎമാർ കൂറുമാറിയതോടെ നിലവിൽ 111 പേരാണ് ബിജെപിക്കുള്ളത്; കോൺഗ്രസിന് 63 ഉം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചിത്രത്തിൽ കാര്യമായില്ലാതിരുന്ന എഎപി 29 സീറ്റുകളിലാണു മത്സരിച്ചത്. ഭൂരിപക്ഷം സീറ്റിലും കെട്ടിവച്ച കാശു പോയി. 25 ലേറെ സീറ്റുകളില്‍ നോട്ടയ്ക്കും പിന്നിലായി.

മോദിക്കെതിരെ മോശം ഭാഷയിൽ സംസാരിച്ചെന്ന ആരോപണമുള്ള ഗോപാല്‍ ഇറ്റാലിയ സംസ്ഥാന അധ്യക്ഷനായുണ്ടെങ്കിലും കേജ്‍രിവാളാണ് എഎപിയുടെ മുഖം. ഡൽഹിക്കു പിന്നാലെ പഞ്ചാബിലും സർക്കാർ രൂപീകരിച്ചത് എഎപിയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. ഡൽഹിയിലെ പോലെ സദ്ഭരണമാണ് ഗുജറാത്തിലും കേജ്‍‌‌രിവാളിന്റെ വാഗ്ദാനം. പ്രമുഖ മാധ്യമ പ്രവർത്തകനും ആംആദ്മി പാർട്ടി ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറിയുമായ ഇസുദാൻ ഗധ്‌വിയാണ് (40) ഗുജറാത്തിലെ മുഖ്യമന്ത്രി സ്ഥാനാർഥി. പഞ്ചാബിൽ നടത്തിയതുപോലെ സമൂഹമാധ്യമങ്ങളിലൂടെ ജനതാൽപര്യം ആരാഞ്ഞ ശേഷമായിരുന്നു ഗധ്‌‌വിയെ നിശ്ചയിച്ചത്.

അരവിന്ദ് കേജ്‌രിവാൾ (Photo - Twitter/@ArvindKejriwal)
അരവിന്ദ് കേജ്‌രിവാൾ (Photo - Twitter/@ArvindKejriwal)

വോട്ടെടുപ്പിൽ പങ്കെടുത്ത 16 ലക്ഷം പേരിൽ 73% പേരാണ് ഗധ്‌‌വിയെ നിർദേശിച്ചത്. ‌ദ്വാരക ജില്ലയിലെ കർഷക കുടുംബാംഗമായ ഗധ്‌‌വി പിന്നാക്ക വിഭാഗക്കാരനാണ്. ദൂരദർശൻ അടക്കമുള്ള ദൃശ്യമാധ്യമങ്ങളിൽ ജോലി ചെയ്ത ഗധ്‌‌വി, ദാങ് ജില്ലയിലെ 150 കോടി രൂപയുടെ വനംകൊള്ള പുറത്തുകൊണ്ടു വന്നതോടെയാണ് ശ്രദ്ധേയനായത്. പാർട്ടിയുടെ ജനകീയമുഖമായ ഗധ്‌‌വിയിലൂടെ ഭരണം പിടിക്കുമെന്നാണ് പ്രചാരണം. കോൺഗ്രസിനെ അട്ടിമറിച്ചു മുഖ്യപ്രതിപക്ഷമെങ്കിലും ആകാനാണ് എഎപി കഠിനാധ്വാനം ചെയ്യുന്നത്. അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎമ്മും മത്സരം ശക്തമാക്കാൻ രംഗത്തുണ്ട്.

∙ മോദിയും കേജ്‍‌രിവാളും നേർക്കുനേർ

നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തിലെ ചെറിയ പരാജയം പോലും ബിജെപിക്കു സഹിക്കാനാകില്ല. മോദിയുടെ മാത്രമല്ല, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും മണ്ണാണ് ഗുജറാത്ത്. കഴിഞ്ഞ വർഷം വിജയ് രൂപാണിയെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടായിരുന്നു. പ്രമുഖരെയെല്ലാം പിന്തള്ളിയാണ്, ആദ്യമായി നിയമസഭാംഗമായ ഭൂപേന്ദ്ര പട്ടേൽ സ്ഥാനമേറ്റത്. തിരഞ്ഞെടുപ്പിൽ നിർണായക സ്വാധീനമുള്ള പട്ടിദാർ അഥവാ പട്ടേൽ സമുദായത്തിലെ അംഗമാണ് എന്നതായിരുന്നു ഭൂപേന്ദ്രയ്ക്കു നറുക്കു വീഴാനുള്ള കാരണം.

‘നരേന്ദ്ര–ഭൂപേന്ദ്ര’ ഡബിൾ എൻജിൻ സർക്കാരെന്ന മന്ത്രം ജനങ്ങൾ ഏറ്റെടുത്തെന്ന കണക്കുകൂട്ടലിലാണ് ബിജെപി. 27 വർഷത്തെ ഭരണത്തിൽ ജനം മടുത്തെന്നും മാറ്റത്തിനായി വോട്ടു ചെയ്യുമെന്നും എഎപിയും കരുതുന്നു. കേജ്‍രിവാൾ, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ എന്നിവരാണ് ഗുജറാത്തിൽ സജീവമായി വോട്ടു തേടുന്നത്. ജനോന്മുഖ വികസനം എഎപി മുന്നോട്ടുവച്ചതോടെ ആ വഴിക്കാണ് ബിജെപിയുടെയും പ്രചാരണം. കഴിഞ്ഞ 6 തവണയും അധികാരത്തിലേറ്റിയ ഹിന്ദുത്വ കാർഡിനു പകരം വികസന മുദ്രാവാക്യമാണു ബിജെപിയും മുന്നോട്ടു വയ്ക്കുന്നത്.

ഓളമുണ്ടാക്കാൻ മാത്രമേ ആം ആദ്മി പാർട്ടിക്കാവൂ എന്നാണ് പഞ്ചാബ് തിരഞ്ഞെടുപ്പു വരെ നിരീക്ഷകർ കരുതിയിരുന്നത്. പക്ഷേ, ഏവരെയും ഞെട്ടിച്ച്, കോൺഗ്രസിനെ അട്ടിമറിച്ച് സർക്കാരുണ്ടാക്കിയാണ് എഎപി മറുപടി പറഞ്ഞത്. പഞ്ചാബിലെപ്പോലെ ഗുജറാത്തിലെ പ്രചാരണവും വാർത്താ തലക്കെട്ടുകളിൽ ഇടംപിടിക്കുമ്പോൾ, അവരെ നിസ്സാരമായി തള്ളാൻ ബിജെപിക്കു സാധിക്കാത്തതും ഈ മുന്നനുഭവത്തിലാണ്. നഗര കേന്ദ്രീകൃതമാണ് എഎപിയുടെ വോട്ടുബാങ്ക് എന്ന ധാരണയും പഞ്ചാബിൽ പൊളിഞ്ഞുവീണിരുന്നു.

പ‍ഞ്ചാബിൽ ആകെയുള്ള 117 സീറ്റുകളിൽ 77ഉം ഗ്രാമീണ മേഖലകളിലായിരുന്നു. 92 സീറ്റ് നേടിയാണ് എഎപി അധികാരം പിടിച്ചത്. ഗുജറാത്തിലാകട്ടെ 182 സീറ്റിൽ 143 ഉം ഗ്രാമീണ മേഖലയിലാണ്. 39 സീറ്റുകൾ മാത്രമേ നഗര മേഖലയിലുള്ളൂ. കഴിഞ്ഞ തവണ കടുത്ത മത്സരത്തിനൊടുവിൽ 35 നഗരസീറ്റുകളും ബിജെപിയാണു നേടിയത്. 143 ഗ്രാമീണ മണ്ഡലങ്ങളിൽ 64 ഇടത്തു മാത്രമെ ബിജെപിക്കു ജയിക്കാനായുള്ളൂ. അതായത്, നഗരമേഖലകളിൽ ശക്തമായിരിക്കുമ്പോഴും ഗ്രാമങ്ങളിൽ ബിജെപി ദൗർബല്യം നേരിടുന്നെന്നു ചുരുക്കം.

ഭഗവന്ത് മാന്‍ (Photo - Twitter/@BhagwantMann)
ഭഗവന്ത് മാന്‍ (Photo - Twitter/@BhagwantMann)

കർഷക, പട്ടേൽ പ്രക്ഷോഭങ്ങളുടെ ഭാഗമായി സൗരാഷ്ട്ര മേഖലയിലെ ചില ജില്ലകളിൽ 2017 ൽ ബിജെപി ചിത്രത്തിലേ ഉണ്ടായിരുന്നതുമില്ല. എന്നാൽ, അന്നത്തെ പട്ടിദാർ സമരനായകൻ ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ട് ഇപ്പോൾ ബിജെപിയോടൊപ്പമാണ്. മോദിക്കു തുല്യനായ എതിരാളിയെന്ന പരിവേഷം‌ ദേശീയ തലത്തിൽ ഊട്ടിയുറപ്പിക്കുകയാണ് കേജ്‍‌രിവാളിന്റെ ലക്ഷ്യങ്ങളിലൊന്ന്. അതാണ്, മോദിയുടെയും ബിജെപിയുടെയും ഈറ്റില്ലമായ ഗുജറാത്തിൽ കയറിക്കളിക്കാൻ കേജ്‍രിവാളിനെ പ്രേരിപ്പിക്കുന്നതും.

∙ ഭരണം മടുത്തോ ജനങ്ങൾക്ക്?

ഭരണവിരുദ്ധ വികാരമാണു ഗുജറാത്തിൽ ബിജെപിയുടെ പേടിയും എതിരാളികളുടെ പ്രതീക്ഷയും. 3 ദശകത്തോളം നീണ്ട ബിജെപി ഭരണം വിവിധ വിഭാഗങ്ങൾക്കിടയിലുണ്ടാക്കിയ അതൃപ്തി, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ചർച്ചയാണ്. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം മോർബി തൂക്കുപാലം അപകടമുണ്ടായത്. 135 പേർ മരിച്ച അപകടം സർക്കാരും കരാറുകാരും തമ്മിലുള്ള അവിശുദ്ധബന്ധം പുറത്തുകൊണ്ടുവന്നു. വികസനം എന്നത് ജനങ്ങൾക്കല്ലെന്നും കോർപറേറ്റുകൾക്കാണെന്നുമുള്ള പ്രതിപക്ഷ പ്രചാരണത്തിന് അപകടം ബലമേകുകയും ചെയ്തു.

ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നുണ്ടായ അപകടത്തിൽ കാണാതായവർക്കായി നടന്ന രക്ഷാപ്രവർത്തനം. ചിത്രം: Photo by Sam PANTHAKY / AFP
ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നുണ്ടായ അപകടത്തിൽ കാണാതായവർക്കായി നടന്ന രക്ഷാപ്രവർത്തനം. ചിത്രം: Photo by Sam PANTHAKY / AFP

സർക്കാർ ജോലികൾക്കുള്ള പരീക്ഷകളിലെ അപാകതയും ചർച്ചയാണ്. നിരന്തരമായ ചോദ്യപേപ്പർ ചോർച്ചയും റിക്രൂട്മെന്റ് നീട്ടിവയ്ക്കലും യുവാക്കൾക്കിടയിലുണ്ടാക്കിയ പ്രതിഷേധം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കും. ഗ്രാമങ്ങളിൽ വിദ്യാഭ്യാസ, ആരോഗ്യ സംവിധാനങ്ങളില്ലാത്തതും ക്ഷീണമാണ്. ‘ഗുജറാത്ത് മോഡൽ’ വലിയ പ്രചാരം നേടിയെങ്കിലും ഗ്രാമങ്ങളിലെ ദുരവസ്ഥ മാറിയിട്ടില്ലെന്ന് ആം ആദ്മി പാർട്ടി പറയുന്നു. രാജ്യതലസ്ഥാനത്തെ കർഷക സമരം അവസാനിച്ചെങ്കിലും കർഷകരോഷം തണുത്തെന്നു പറയാനാകില്ല. പ്രകൃതി ദുരന്തങ്ങൾക്കു നഷ്ടപരിഹാരം കിട്ടാത്തത്, അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ പ്രശ്നം, ഗോശാലകൾക്കു ധനസഹായം കിട്ടാത്തത് തുടങ്ങിയ പ്രശ്നങ്ങൾ നിരവധി.

മികച്ച റോഡുകളായിരുന്നു ഗുജറാത്ത് മോഡലിന്റെ മുഖമുദ്ര. കഴിഞ്ഞ 6 വർഷമായി റോഡുകളുടെ നിലവാരം ശോചനീയമാണ്. കുഴികളും അപകടങ്ങളും നിത്യസംഭവമായതോടെ ജനം പ്രതിഷേധത്തിലുമാണ്. രാജ്യത്ത് ഏറ്റവുമുയർന്ന വൈദ്യുതി നിരക്കുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ആം ആദ്മി പാർട്ടിയും കോൺഗ്രസും പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്യുന്നത് ഈ സാഹചര്യത്തിലാണ്. വ്യവസായികളും ഇതര സംസ്ഥാനങ്ങളിലെ കുറഞ്ഞ നിരക്കുകൾ ചൂണ്ടിക്കാട്ടുമ്പോൾ കണ്ടില്ലെന്നു നടിക്കാൻ ബിജെപിക്കു സാധിക്കില്ല.

സംഘപരിവാറിന്റെ ഹിന്ദുത്വ പരീക്ഷണശാലയാണ് ഗുജറാത്ത് എന്ന ആരോപണം കാലങ്ങളായി ഉള്ളതാണ്. ബിൽക്കിസ് ബാനു കൂട്ടപീഡനക്കേസിലെ പ്രതികളെ വിട്ടയച്ചതോടെ ഈ ആക്ഷേപത്തിന്റെ മൂർച്ച കൂടി. ബുള്ളറ്റ് ട്രെയിൻ ഉൾപ്പെടെ വിവിധ പദ്ധതികൾക്കായുള്ള ഭൂമിയേറ്റെടുക്കലിൽ ജനങ്ങൾക്കുള്ള രോഷവും പോളിങ് ബൂത്തിൽ പ്രകടമായാൽ ബിജെപിയുടെ പ്രതീക്ഷകൾ മങ്ങും. ഈ പ്രശ്നങ്ങൾക്കെല്ലാം നടുവിലും ബിജെപി കണ്ണടച്ച് ആശ്രയിക്കുന്ന ഒറ്റ ഘടകമേയുള്ളൂ– 2001 മുതൽ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ഇപ്പോഴത്തെ പ്രധാനമന്ത്രിയെ. നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിനു മുന്നിൽ വിവാദങ്ങളും പ്രശ്നങ്ങളും മാഞ്ഞുപോകുമെന്നാണ് അവരുടെ വിശ്വാസം.

∙ ‘നിശ്ശബ്ദ പ്രവർത്തനത്തിൽ’ കോൺഗ്രസ്

ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകൾ ജീവന്മരണ പോരാട്ടമാണു കോൺഗ്രസിന്. പുതിയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖർഗെയ്ക്കുള്ള ആദ്യ വെല്ലുവിളിയുമാണിത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയ്ക്കിടയിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കേണ്ടതും ആവശ്യം. 2017ൽ ഗുജറാത്തില്‍ ബിജെപിയെ വിറപ്പിക്കാനായതും നൂറിൽ താഴെ സീറ്റിലേക്കു ഒതുക്കാനായതും ദേശീയതലത്തിൽ കോൺഗ്രസിന് ആത്മവിശ്വാസം നൽകിയിരുന്നു. സൗരാഷ്ട്രയിലും കച്ചിലും മികച്ച പ്രകടനം കാഴ്ചവച്ചു. വടക്കൻ ഗുജറാത്തിൽ പകുതി സീറ്റും നേടാനായി.

എന്നാൽ, പിന്നീട് അൽപേഷ് ഠാക്കൂർ അടക്കം ഒരു ഡസനിലധികം നിയമസഭാംഗങ്ങളും പട്ടിദാർ നേതാവ് ഹാർദിക് പട്ടേലും കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് കൂടുമാറിയതോടെ കോൺഗ്രസിനു നിൽക്കക്കള്ളിയില്ലാതായി. പാർട്ടിക്ക് ഉയർത്തിക്കാട്ടാൻ സംസ്ഥാനത്ത് നിലവിൽ മുഖമില്ല. കോൺഗ്രസ് ശക്തമായ മേഖലകളിൽ എഎപി കാലുറപ്പിക്കുന്നതും പ്രഹരമാണ്. ബിജെപിക്കു മുൻപ് കാലങ്ങളോളം കോൺഗ്രസ് കയ്യടക്കിവച്ച സംസ്ഥാനമായിരുന്നു ഗുജറാത്ത്. ബിജെപിയുടെ തേരോട്ടത്തിൽ തകർന്നു പോയെങ്കിലും പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങൾ സജീവം. കോൺഗ്രസ് നിശ്ശബ്ദ പ്രവർത്തനത്തിലാണെന്നാണ് നേതാക്കൾ പറയുന്നത്.

രാഹുൽ ഗാന്ധി (Photo - Twitter/@INCIndia)
രാഹുൽ ഗാന്ധി (Photo - Twitter/@INCIndia)

ഭാരത് ജോഡോ യാത്ര തുടങ്ങിയ ശേഷം രാഹുൽ ഗാന്ധി ഗുജറാത്തിലേക്കു വന്നിട്ടില്ല. വൈകാതെ 5 യാത്രകൾ ഗുജറാത്തിൽ മാത്രമായി കോൺഗ്രസ് നടത്തുന്നുണ്ട് എന്നാണു മറുപടി. സംഘടനാ ദൗർബല്യങ്ങളും ജനങ്ങൾക്കുള്ള അവിശ്വാസവും മറികടന്നാലേ കോൺഗ്രസിനു വിജയിക്കാനാകൂ. ശക്തമായ ഭരണവിരുദ്ധ വികാരം, ചില ഗോത്രവർഗ മേഖലകളിലും ഗ്രാമങ്ങളിലും ഇപ്പോഴുമുള്ള സ്വാധീനം, ജിഗ്നേഷ് മേവാനിയെപ്പോലെ യുവനേതാക്കളുടെ സാന്നിധ്യം എന്നിവ കോൺഗ്രസിന്റെ കരുത്താണ്. തകർന്നു തരിപ്പണമായ സംഘടനാ സംവിധാനം, ജയിച്ചാൽ ബിജെപിയിലേക്കു പോകുമെന്ന പ്രചാരണം, ആം ആദ്മി പാർട്ടിയുടെ കടന്നുകയറ്റം എന്നിവ അവരുടെ ആത്മവിശ്വാസം ചോർത്തുന്നുമുണ്ട്.

∙ ഇടർച്ചയല്ല, തുടർച്ച തേടി ബിജെപി

മോദിയുടെ ജനപ്രീതി, അമിത് ഷായുടെ രാഷ്ട്രീയ കൗശലം‌– ഇതിലാണ് ബിജെപി സ്വപ്നം നെയ്യുന്നത്. ശക്തമായ സംഘടനാശേഷിയും മുതൽക്കൂട്ടാണ്. അകന്നുനിന്ന പട്ടിദാർ സമുദായത്തെയടക്കം കൂടെ നിർത്താനായത്, മാസങ്ങൾക്കു മുൻപേ തുടങ്ങിയ ഒരുക്കങ്ങൾ, ഹിന്ദുത്വത്തിൽ പൊതിഞ്ഞ വികസന തന്ത്രങ്ങൾ തുടങ്ങിയവയും ബലമാകും. ശക്തനായ പ്രാദേശിക നേതാവില്ലാത്തതും ഉൾപാർട്ടി തർക്കങ്ങളും തിരിച്ചടിയാണ്. അങ്കണവാടി ജീവനക്കാർ, വിമുക്തഭടന്മാർ, യുവാക്കൾ, ആശാ വർക്കർമാർ, പൊലീസ്, ഫോറസ്റ്റ് ഗാർഡുകൾ, കർഷകർ, ഗോത്രവർഗക്കാർ തുടങ്ങി വിവിധ വിഭാഗങ്ങൾക്കിടയിൽ ഭരണത്തോടുള്ള അതൃപ്തിയും വെല്ലുവിളിയാകുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയും സൗജന്യ വാഗ്ദാനങ്ങളും ഉൾപ്പെടെ എതിരാളികളുടെ തന്ത്രങ്ങളും നേരിടേണ്ടതുണ്ട്.

നരേന്ദ്ര മോദി, അമിത് ഷാ (Photo: PIB)
നരേന്ദ്ര മോദി, അമിത് ഷാ (Photo: PIB)

കോൺഗ്രസിനേക്കാൾ ബിജെപിക്ക് തലവേദനയാവുക ആം ആദ്മിയാണ്. അവരുടെ പ്രഖ്യാപനങ്ങൾക്കു പിന്നാലെ മോദിക്കു പോലും പോകേണ്ടി വന്നു. പഞ്ചാബിനു ശേഷം ഗുജറാത്ത് എന്ന ലക്ഷ്യവുമായാണ് കേജ്‌രിവാളിന്റെ വരവ്. യഥാർഥ ബദലാണെന്ന പ്രചാരണം, ഹിന്ദുത്വ രാഷ്ട്രീയത്തോടൊപ്പം നിൽക്കുമ്പോഴും മുസ്‌ലിം വിരുദ്ധരല്ലെന്ന പ്രതിച്ഛായ, മധ്യവർഗത്തെയും താഴേക്കിടയിലുള്ളവരെയും കയ്യിലെടുക്കുന്ന ക്ഷേമ പദ്ധതി വാഗ്ദാനങ്ങൾ എന്നിവ എഎപിയുടെ ഗ്രാഫ് ഉയർത്തുന്നു. ശക്തനായ പ്രാദേശിക നേതാവില്ലാത്തതും സംഘടനാ സംവിധാനത്തിന്റെ കുറവും നേതാക്കൾക്കെതിരായ അഴിമതി ആരോപണങ്ങളും എഎപിയെ പിന്നോട്ടുവലിക്കുന്നു.

ഗുജറാത്തിൽ ആകെയുള്ള 4.90 കോടി വോട്ടർമാരിൽ 4.61 ലക്ഷം പേർ കന്നി വോട്ടർമാരാണ്. എഎപിയുടെ വികസനമന്ത്രമാണോ ബിജെപിയുടെ ഹിന്ദുത്വമന്ത്രമാണോ ഇഷ്ടം എന്നതിനെപ്പറ്റി ഇതുവരെ മനസ്സു തുറക്കാത്ത ആ 4.61 ലക്ഷം പേർ നിർണായകഘടകമായി മാറുമെന്നുറപ്പ്.

English Summary: BJP, Congress and AAP's chances in Gujarat Assembly Elections 2022; Political Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com