ADVERTISEMENT

മുംബൈ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) എംഎൽഎ ആദിത്യ താക്കറെ. മഹാരാഷ്ട്രയിലെ കലംനുരിയിൽ വെള്ളിയാഴ്ച വൈകിട്ടാണ് ആദിത്യ താക്കറെ യാത്രയ്ക്കൊപ്പം ചേർന്നത്. നേതാക്കളായ അംബദാസ് ദൻവെ, സച്ചിൻ അഹിർ എന്നിവരും ഒപ്പമുണ്ടായിരുന്നു. 

ശിവസേന പിളരുകയും ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കുകയും ചെയ്ത സാഹചര്യത്തിൽ, ഉദ്ധവ് താക്കറെ പക്ഷത്തുള്ളവർ കോൺഗ്രസിനോട് ചേർന്നു നിൽക്കുന്നത് പ്രധാനത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്. 

അതേസമയം, സാമ്പത്തിക കുറ്റകൃത്യക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ബിജെപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിനെ പ്രശംസിച്ച് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് എംപി രംഗത്തെത്തി. ബിജെപിയല്ല, ശിവസേനയെ പിളർത്തി മുഖ്യമന്ത്രിയായ ഏക്നാഥ് ഷിൻഡെയാണ് തൽക്കാലം പ്രധാന എതിരാളിയെന്ന സൂചന നൽകുന്നതായിരുന്നു റാവുത്തിന്റെ വാക്കുകൾ.

പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയ്ക്കൊപ്പമാണ് റാവുത്ത് വാർത്താസമ്മേളനം നടത്തിയതും. തൊട്ടടുത്ത ദിവസമാണ് ശിവസേനയുടെ യുവമുഖവും മുൻ മന്ത്രിയുമായ ആദിത്യ താക്കറെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തത്.

എൻസിപി നേതാവ് സുപ്രിയ സുളെ കഴിഞ്ഞ ദിവസം യാത്രയിൽ പങ്കെടുത്തിരുന്നു. ശരദ് പവാർ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അനാരോഗ്യം മൂലം പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഉദ്ധവ് താക്കറെയും യാത്രയിൽ പങ്കുചേരുമെന്ന് സൂചനയുണ്ട്. 

English Summary: Aaditya Thackeray Joins Bharat Jodo Yatra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com