ADVERTISEMENT

ഭുവനേശ്വർ∙ ഒഡീഷയിൽ താൻ പഠിച്ച സ്കൂൾ സന്ദർശിക്കുന്നതിനിടെ വികാരഭരിതയായി രാഷ്ട്രപതി ദ്രൗപദി മുർമു. ഒഡീഷ പര്യടനത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച, 1970 കളിൽ 8 മുതൽ 11 വരെ പഠിച്ച ഭുവനേശ്വറിലെ യൂണിറ്റ്-II ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളും, താമസിച്ചിരുന്ന കുന്തള കുമാരി സബത്ത് ആദിവാസി ഹോസ്റ്റലും രാഷ്ട്രപതി സന്ദർശിച്ചു. 

Droupadi Murmu Odisha School Visit | Photo: Twitter, @rashtrapatibhvn
ഭുവനേശ്വറിലെ യൂണിറ്റ്-II ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർഥികൾക്കൊപ്പം രാഷ്ട്രപതി ദ്രൗപദി മുർമു. (Photo: Twitter, @rashtrapatibhvn)

ഹോസ്റ്റലിൽ ഉറങ്ങാൻ ഉപയോഗിച്ചിരുന്ന കട്ടിലിൽ ഇരുന്ന രാഷ്ട്രപതി, പിന്നാലെ വികാരാധീനയായി. 1970 മുതൽ 1974 വരെ നാലു വർഷം താമസിച്ചിരുന്ന ഹോസ്റ്റലിന്റെ പരിസരത്ത് രാഷ്ട്രപതി വൃക്ഷത്തൈ നട്ടു. 13 സഹപാഠികളുമായി കൂടിക്കാഴ്ച നടത്തി.

സഹപാഠികൾ, സ്കൂളിലെ വിദ്യാർഥികൾ, അധ്യാപകർ എന്നിവരെ കാണാനായതിൽ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. തന്നെ കാണാൻ രാവിലെ മുതൽ ആകാംക്ഷയോടെ കാത്തുനിന്ന കുട്ടികൾക്കിടയിലേക്ക് കൈകാണിച്ചു കൊണ്ടാണ് രാഷ്ട്രപതി എത്തിയത്. സ്‌കൂൾ പരിസരത്ത് തന്റെ മൺശിൽപം ഒരുക്കിയതിലും രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു.

നഗരത്തിലെ ഖണ്ഡഗിരിയിലെ തപബാന ഹൈസ്‌കൂൾ സന്ദർശിച്ചാണ് രാഷ്ട്രപതി വെള്ളിയാഴ്ചത്തെ പര്യടനം തുടങ്ങിയത്. സ്കൂൾ കാലം ഓർത്തെടുത്ത രാഷ്ട്രപതി, ഉപർബേഡ ഗ്രാമത്തിലാണ് സ്കൂള്‍ വിദ്യാഭ്യാസം ആരംഭിച്ചതെന്നു പറഞ്ഞു. അവിടെ സ്കൂൾ കെട്ടിടം ഇല്ലായിരുന്നുവെന്നും ഓല മേഞ്ഞ വീട്ടിലായിരുന്നു പഠിച്ചിരുന്നതെന്നും ഓർത്തെടുത്തു.

വിദ്യാർഥികളുമായുള്ള ആശയവിനിമയത്തിനിടെ, ഇന്നത്തെ കുട്ടികളെ ഭാഗ്യവാന്മാർ എന്ന് വിശേഷിപ്പിച്ചാണു രാഷ്ട്രപതി സംസാരിച്ചത്. ‘‘ഞങ്ങൾ ക്ലാസ് മുറികളും സ്കൂൾ പരിസരവും വൃത്തിയാക്കിയിരുന്നു. സ്വതന്ത്രമായ മനസ്സോടെയാണ് ഞങ്ങൾ പഠിച്ചത്. കഠിനമായി പ്രയത്നിക്കാനും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നിങ്ങളോട് അഭ്യർഥിക്കുന്നു.

ഞങ്ങൾ പഠിക്കുന്ന കാലത്ത് ലോകത്തെക്കുറിച്ച് അറിയാൻ ഇന്റർനെറ്റ്, ടെലിവിഷൻ തുടങ്ങിയ സൗകര്യങ്ങളൊന്നും ഇല്ലായിരുന്നു. മുത്തശ്ശിയായിരുന്നു എന്റെ റോൾ മോഡൽ. മറ്റുള്ളവരെ, പ്രത്യേകിച്ച് പ്രദേശത്തെ സ്ത്രീകളെ എങ്ങനെയാണ് അവർ സഹായിക്കുന്നതെന്ന് കണ്ടു. മാനസികമായി വളരെ ശക്തയായിരുന്നു മുത്തശ്ശി. അവരുടെ ജീവിതത്തിൽനിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു’’– രാഷ്ട്രപതി പറഞ്ഞു.

രാഷ്ട്രപതി ദ്രൗപദി മുർമു, ഭുവനേശ്വറിലെ യൂണിറ്റ്-II ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർഥികൾ നൽകിയ ഉപഹാരവുമായി. (Photo: Twitter, @rashtrapatibhvn)
രാഷ്ട്രപതി ദ്രൗപദി മുർമു, ഭുവനേശ്വറിലെ യൂണിറ്റ്-II ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർഥികൾ നൽകിയ ഉപഹാരവുമായി. (Photo: Twitter, @rashtrapatibhvn)

സന്ദർശനത്തിനു ശേഷം രാഷ്ട്രപതി ട്വീറ്റ് ചെയ്തു: ‘‘ഇന്ന് ഞാൻ ഭുവനേശ്വറിലെ ഗവ. ഗേൾസ് ഹൈസ്‌കൂളും കുന്തള കുമാരി സബത്ത് ആദിവാസി ഗേൾസ് ഹോസ്റ്റലും സന്ദർശിച്ചത് ഗൃഹാതുരമായ നിമിഷമായിരുന്നു. സന്ദർശനം എന്റെ വിദ്യാർഥി ജീവിതത്തിന്റെ ഒരുപാട് ഓർമകൾ തിരികെ കൊണ്ടുവന്നു’’.

English Summary: President Droupadi Murmu Gets Emotional As She Visits Her School In Odisha - Photo Features

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com