കപ്പൽ നൈജീരിയയുടെ നിയന്ത്രണത്തിൽ; നാവികരുടെ മോചനശ്രമം തുടരുന്നു: മുരളീധരൻ

Mail This Article
ന്യൂഡൽഹി∙ ഇക്വിറ്റോറിയൽ ഗിനിയിൽ പിടിയിലായ നാവികരുടെ മോചനശ്രമം തുടരുന്നതായി കേന്ദ്രമന്ത്രി വി.മുരളീധരൻ. കപ്പൽ ഇപ്പോൾ നൈജീരിയയുടെ നിയന്ത്രണത്തിലാണ്. തുറമുഖത്തെത്തിയാൽ നാവികരെ ഉദ്യോഗസ്ഥർ സന്ദർശിക്കും. നയതന്ത്ര നീക്കങ്ങളുടെ പുരോഗതി അതിനുശേഷമേ വ്യക്തമാകൂവെന്നും മുരളീധരൻ പറഞ്ഞു.
കപ്പലിന്റെ ഉടമകളും അഭിഭാഷകരും ഇതിനോടകം നൈജീരിയയിൽ എത്തിച്ചേർന്നിട്ടുണ്ടെന്ന വിവരം ബന്ധുക്കൾക്കു ലഭിച്ചു. നൈജീരിയൻ അംബാസഡർ കപ്പലിൽ എത്തുന്നുണ്ടെന്നും സൂചനയുണ്ട്. നൈജീരിയൻ നാവികസേനയ്ക്കു കൈമാറിയ ശേഷം നാവികരുമായി ബന്ധപ്പെടാൻ ബന്ധുക്കൾക്കു സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇവരുടെ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നാണു നിഗമനം. നാവികരെ കൊണ്ടുപോയതു നൈജീരിയയിലെ ബോണി തുറമുഖത്തേക്കാണെന്നു വിവരം ലഭിച്ചു.
കപ്പൽ ജീവനക്കാരെ നൈജീരിയയിൽ എത്തിച്ച ശേഷമാകും ഏതൊക്കെ കുറ്റങ്ങൾ ചുമത്തി വിചാരണ ചെയ്യുമെന്ന തീരുമാനം ഉണ്ടാവുക. ജീവനക്കാരെ നാട്ടിലെത്തിക്കാൻ നൈജീരിയയിലെ ഇന്ത്യൻ എംബസി മുഖേന വിദേശകാര്യ വകുപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ജീവനക്കാരെ വിചാരണ ചെയ്യണമെന്ന വാശിയിലാണു നൈജീരിയൻ അധികൃതർ.
English Summary: Captivated Indian sailors in Guinea release efforts