ADVERTISEMENT

പാരിസ്∙ സ്റ്റീവൻ സ്പീൽബർഗിന് ദി ടെർമിനൽ എന്ന ചിത്രമെടുക്കാൻ പ്രചോദനമായ മെഹ്റാൻ കരീമി നാസ്സെറി (70) അന്തരിച്ചു. നാട്ടിലേക്കു മടങ്ങാനാകാതെ 18 വർഷമായി പാരിസ് വിമാനത്താവളം വീടാക്കി താമസിക്കുകയായിരുന്നു ഇറാൻ പൗരനായ നാസ്സെറി. നയതന്ത്രപ്രശ്നങ്ങൾ മൂലമായിരുന്നു നാസ്സെറിക്ക് വിമാനത്താവളത്തിന്റെ 2എഫ് ടെർമിനൽ വീടാക്കേണ്ടിവന്നത്. നാസ്സെറിയുടെ ജീവിതത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് 2004ൽ പുറത്തിറങ്ങിയ ദി ടെർമിനൽ എന്ന ചിത്രത്തിൽ ടോം ഹാങ്ക്സ് ആണ് നായകനായി അഭിനയിച്ചത്.

1999ൽ ഫ്രാൻസിൽ അഭയം അനുവദിച്ചെങ്കിലും 2006ൽ രോഗബാധിതനായി ആശുപത്രിയിലേക്കു മാറ്റുന്നതുവരെ വിമാനത്താവളത്തിൽ തന്നെയാണ് കഴിച്ചുകൂട്ടിയിരുന്നത്. സിനിമയിലൂടെ ലഭിച്ച പണം ഉപയോഗിച്ച് കുറച്ചുനാൾ ഒരു ഹോസ്റ്റലിൽ നാസ്സെറി താമസിച്ചിരുന്നു. എന്നാൽ കുറച്ച് ആഴ്ചകൾക്കുമുൻപ് ഇദ്ദേഹം തിരിച്ചെത്തുകയായിരുന്നുവെന്ന് വിമാനത്താവള അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

1945ൽ ഇറാനിലെ ഖുസെസ്താൻ പ്രവിശ്യയിൽ ജനിച്ച നാസ്സെറി അമ്മയെ തിരഞ്ഞ് ആദ്യം യൂറോപ്പിലേക്കാണ് പോയത്. കുറച്ചുവർഷങ്ങൾ ബെൽജിയത്തിൽ താമസിച്ചു. എന്നാൽ കൃത്യമായ രേഖകൾ ഇല്ലാത്തതിനാൽ യുകെ, നെതർലൻഡ്സ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽനിന്ന് നാസ്സെറിയെ പുറത്താക്കിയിരുന്നു. തുടർന്നാണ് ഫ്രാൻസിലേക്കു പോകുകയും വിമാനത്താവളത്തിൽ കഴിയുകയും ചെയ്തത്.

ദി ടെർമിനൽ പുറത്തുവന്നതിനു പിന്നാലെ ഒരു ദിവസം ആറ് അഭിമുഖങ്ങൾ വരെ അദ്ദേഹം നൽകിയിരുന്നു.

English Summary: Iranian who made Paris airport home for 18 years dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com