ADVERTISEMENT

അടൂർ ∙ സ്കാനിങ് സെന്ററിൽ പരിശോധനയ്ക്കെത്തിയ യുവതി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ റേഡിയോഗ്രഫർക്കെതിരെ കൂടുതൽ കേസുകൾ വരും. അറസ്റ്റിലായ കൊല്ലം ചിതറ മടത്തറ നിധീഷ് ഭവനിൽ എ.എൻ.അൻജിത്ത് (24) സമാനമായ രീതിയിൽ നിരവധി യുവതികളുടെ ചിത്രങ്ങൾ  പകർത്തിയതിന്‍റെ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. ജനറൽ ആശുപത്രിക്കു സമീപത്തെ ദേവി സ്കാനിങ് ആൻഡ് ലാബിൽ നടന്ന സംഭവത്തിൽ വെള്ളിയാഴ്ച രാത്രിയാണ് ഇയാൾ അറസ്റ്റിലായത്. കാലിന്റെ എംആർഐ സ്കാൻ എടുക്കാൻ എത്തിയ യുവതിയുടെ പരാതി പ്രകാരമായിരുന്നു അറസ്റ്റ്. അൻജിത്തിൽ നിന്ന് പിടിച്ചെടുത്ത ഫോൺ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കും.

ഇയാളുടെ ഫോണിൽനിന്ന് സമാനമായ രീതിയിൽ നേരത്തേ എടുത്ത ഇരുപതോളം ചിത്രങ്ങൾ പൊലീസ് കണ്ടെടുത്തിരുന്നു. ഇതിന് മുൻപ് ജോലി ചെയ്ത സ്ഥലത്തും പ്രതി സമാനമായ കുറ്റകൃത്യം നടത്തിയതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. യുവതിയുടെ സമയോചിതമായ ഇടപെടലാണ് പ്രതിയെ കുടുക്കിയത്. മുറിയിലെ അലമാരയ്ക്കുള്ളിൽ അടുക്കി വച്ചിരുന്ന തുണികൾക്കിടയിലായിരുന്നു ക്യാമറ ഓണാക്കിയ നിലയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചിരുന്നത്.

വസ്ത്രം മാറിക്കഴിഞ്ഞ് സംശയം തോന്നിയ യുവതി മുറിയാകെ പരിശോധിച്ചപ്പോഴാണ് അലമാരയിലെ തുണികൾക്കിടയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ വസ്ത്രം മാറുന്ന ദൃശ്യം ഫോണിൽ കണ്ടെത്തി. അപ്പോൾ തന്നെ യുവതി ആ ദൃശ്യം നീക്കം ചെയ്തു. തുടർന്ന് ഇക്കാര്യം യുവതി നഗരസഭാ അധ്യക്ഷൻ ഡി.സജിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.

സ്കാനിങ്ങിനായി സ്ഥാപനത്തിന്റെ പ്രത്യേക വസ്ത്രം ധരിക്കുമ്പോഴാണ് ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നത്. അലമാരയിൽ ഫോൺ സ്ഥാപിക്കുന്നതാണ് പ്രതിയുടെ രീതി. ഇത്തരത്തിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ മറ്റാർക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നും അന്വേഷിക്കും. ഇതേ സ്ഥാപനത്തിന്റെ തിരുവനന്തപുരം ശാഖയിലും പ്രതി ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തിയ സംഘടനകൾ സ്ഥാപനത്തെ ആക്രമിച്ചിരുന്നു.

English Summary: Radiographer arrested for filming woman patient undressing in scanning room 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com