രാജി ചോദിച്ച ഗവര്‍ണറോ ശരി?; കോടതിവിധി പടയ്ക്കിറങ്ങിയ സര്‍ക്കാരിന് രണ്ടാം പ്രഹരം

Arif Mohammed Khan, Pinarayi Vijayan File Photo: Manorama
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. File Photo: Manorama
SHARE

ചാൻസലർ പദവിയിൽനിന്നു ഗവർണറെ തുരത്താൻ കൊണ്ടുപിടിച്ചു ശ്രമിക്കുന്നതിനിടെ, തുടരൻ അടികളേറ്റ് ഇടതുസർക്കാർ. ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) വൈസ് ചാൻസലറായി ഡോ. കെ.റിജി ജോണിനെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കിയതാണു സർക്കാരിനു കിട്ടിയ ഒടുവിലത്തെ അടി. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ (കെടിയു) വിസി ഡോ. എം.എസ്.രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണു കുഫോസ് വിസിയെ ഹൈക്കോടതിയും പുറത്താക്കിയത്. ഇതോടെ മറ്റു സർവകലാശാലകളിലെ വിസിമാർ ഭയപ്പാടിലാണ്. സർവകലാശാലകളിൽ പിടിമുറുക്കാൻ ശ്രമിച്ച പിണറായി വിജയൻ സർക്കാരിന് കോടതികളിൽനിന്നുള്ള പ്രഹരം വലിയ ക്ഷീണമുണ്ടാക്കും. 

ചാൻസലർ പദവി ഉപയോഗിച്ച് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല തകർക്കാനാണു ഗവർണറുടെ ശ്രമമെന്നും ഇത് ആർഎസ്എസ് അജൻഡയുടെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടിയാണ് ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിൽ ഇടതുമുന്നണി സർക്കാർ പടയൊരുക്കുന്നത്. ഗവർണറുടെ ഇടപെടലുകൾ ശരിയല്ലെന്നും ഇല്ലാത്ത അധികാരങ്ങളാണ് ഉപയോഗിക്കുന്നതെന്നും പാർട്ടിയും സർക്കാരും ചൂണ്ടിക്കാട്ടുന്നു. ചട്ടം പാലിക്കാതെ നിയമിക്കപ്പെട്ട വിസിമാർക്കു മാന്യമായ രീതിയിൽ പടിയിറങ്ങാൻ താൻ അവസരം നൽകിയെന്നാണു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറയുന്നത്. ഗവർണറുടേതു വീൺവാക്കല്ലെന്നു കോടതി ഉത്തരവുകൾ സാക്ഷ്യം പറയുന്നു. നേർക്കുനേർ പോരടിക്കുന്ന സർക്കാരിനെ നോവിക്കാൻ ഗവർണർക്കുള്ള ആയുധമാണു കോടതിവിധികൾ.

∙ പുറത്താക്കുമോ? വിസിമാർക്കു ചങ്കിടിപ്പ്

വിസി നിയമനത്തിനുള്ള പട്ടികയിൽ ഉണ്ടായിരുന്ന എറണാകുളം കടവന്ത്ര സ്വദേശി ഡോ. കെ.കെ.വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളിലാണ്, കുഫോസ് വിസി ഡോ. കെ.റിജി ജോണിന്റെ നിയമനം ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. യുജിസി ചട്ടപ്രകാരം പുതിയ സേർച് കമ്മിറ്റി രൂപീകരിച്ചു നടപടിയെടുക്കാനും കോടതി നിർദേശിച്ചു. കുഫോസില്‍ ഫിഷറീസ് ഫാക്കല്‍റ്റി ഡീനായിരുന്ന ഡോ. കെ.റിജി ജോണിനെ 2021 ജനുവരിയിലാണ്  വിസിയായി നിയമിച്ചത്. വിസി നിയമനം സംബന്ധിച്ച് ഗവർണർ–സർക്കാർ പോര് മുറുകവേ നിർണായകമാണു ഹൈക്കോടതി വിധി. വിസി സ്ഥാനത്തുനിന്നു പുറത്താക്കാതിരിക്കാൻ കുഫോസ് വിസിക്കും ഗവർണർ കാരണംകാണിക്കൽ നോട്ടിസ് നൽകിയിരുന്നു.

Fisheries University | (Image Courtesy - http://kufos.ac.in/)
ഫിഷറീസ് സർവകലാശാല (Image Courtesy - http://kufos.ac.in/)

കാരണം കാണിക്കൽ നോട്ടിസ് ലഭിച്ച മറ്റു വിസിമാരുടെ കാര്യത്തിലും ഹൈക്കോടതി വിധി ബാധകമായേക്കുമെന്നു നിയമവിദഗ്ധർ പറഞ്ഞു. കമ്മിറ്റി ഏകകണ്ഠമായി റിജി ജോണിന്റെ പേര് നിർദേശിച്ചതു സർവകലാശാല നിയമത്തിനു വിരുദ്ധമാണെന്നും അക്കാദമിക യോഗ്യതയില്ലാത്തവരാണു കമ്മിറ്റിയിൽ ഉണ്ടായിരുന്നതെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. മൂന്നു പേരുള്ള പട്ടികയാണ് സേർച് കമ്മിറ്റി നൽകേണ്ടത്. അതിനു പകരം ഒരു പേരു മാത്രം നൽകിയത് നിയമവിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദങ്ങളും അംഗീകരിച്ചാണു ഹൈക്കോടതി ഉത്തരവ്.

∙ ചട്ടമില്ല, ചാട്ടവാറെടുത്ത് സുപ്രീംകോടതി

നിയമനം യുജിസി ചട്ടപ്രകാരമല്ലെന്നു കണ്ടെത്തിയാണു കെടിയു വൈസ് ചാൻസലർ രാജശ്രീയുടെ നിയമനം കഴിഞ്ഞ ഒക്ടോബറിൽ സുപ്രീം കോടതി റദ്ദാക്കിയത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മു‌ൻ ഡീൻ പി.എസ്.ശ്രീജിത്തിന്റെ ഹർജിയിൽ, ജസ്റ്റിസ് എം.ആർ.ഷാ അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു സുപ്രധാന വിധി.

രാജശ്രീയുടെ നിയമനം റദ്ദാക്കാൻ കോടതി നാലു കാരണങ്ങളാണ് എടുത്തു പറഞ്ഞത്.
1). 2015 ലെ എപിജെ അബ്ദുൽ കലാം സർവകലാശാലാ നിയമം അനുസരിച്ചും യുജിസി ചട്ടമനുസരിച്ചും വിസി നിയമനത്തിനായി മൂന്നിൽ കുറയാതെ പേരുകളുള്ള പാനലാണ് സേർച് കമ്മിറ്റി ചാൻസലർക്കു നൽകേണ്ടത്. ഇവിടെ ഒരു പേരു മാത്രമാണു നൽകിയത്.
2). സേർച് കമ്മിറ്റിയുടെ രൂപീകരണം യുജിസി ചട്ടങ്ങൾക്ക് അനുസൃതമല്ല.
3). 2010 ലെ യുജിസി ചട്ടം കേരളം അനുവർത്തിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് 2013 ൽ വന്ന ചട്ടഭേദഗതി പ്രത്യേകമായി അനുവർത്തിച്ചിട്ടില്ലെന്നതിനാൽ അതു ബാധകമല്ലെന്ന സംസ്ഥാനത്തിന്റെ വാദം അംഗീകരിക്കാനാവില്ല.
4). സംസ്ഥാന നിയമവും കേന്ദ്രനിയമവും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ കേന്ദ്ര നിയമമാകും ബാധകമെന്നു ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് യുജിസി ചട്ടമാണു ബാധകം.

Supreme Court  (Photo by Sajjad HUSSAIN / AFP)
സുപ്രീം കോടതി (Photo by Sajjad HUSSAIN / AFP)

സുപ്രീംകോടതിയുടെ വിധി കെടിയു വിസിക്കു മാത്രമാകില്ല ബാധകമാകുക എന്നതാണു സർക്കാരിനു തലവേദനയാകുന്നത്. കുഫോസ് വിസി നിയമനം ഹൈക്കോടതി റദ്ദാക്കിയത് ഇതിന്റെ തുടർച്ചയാണ്. സംസ്ഥാനത്ത് ആദ്യമായി കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുറത്തായ വിസിയാണു രാജശ്രീ. ബയോഡേറ്റ തെറ്റിച്ചു നൽകിയതിന്, സർക്കാർ ശുപാർശ അനുസരിച്ച് എംജി സർവകലാശാലാ വിസിയെ ഗവർണർ മുൻപു പുറത്താക്കിയിട്ടുണ്ട്. സാങ്കേതിക സർവകലാശാലയ്ക്കു പുറമേ സംസ്ഥാനത്തെ മറ്റ് 5 സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ നിയമിച്ചതും പാനൽ ഇല്ലാതെയാണ്. കണ്ണൂർ, സംസ്കൃതം, ഫിഷറീസ്, എംജി, കേരള സർവകലാശാലാ വിസി സ്ഥാനത്തേക്ക് ഒരു പേരു മാത്രമാണ് സേർച് കമ്മിറ്റി ശുപാ‍ർശ ചെയ്തിരുന്നത്. ഇവരി‍ൽ സംസ്കൃതം, ഫിഷറീസ് ഒഴികെയുള്ള വിസിമാരെ നിയമിച്ചതു മുൻ ഗവർണർ പി.സദാശിവം ആയിരുന്നു.

സുപ്രീം കോടതി വിധി രാജ്യത്തെ നിയമം ആയതിനാൽ ഇക്കാര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്ന നിലപാടു നിർണായകമാണ്. സംസ്കൃത സർവകലാശാലാ വിസി സ്ഥാനത്തേക്ക് ഒരു പേരു മാത്രം നിർദേശിച്ചപ്പോൾ അത് യുജിസി വ്യവസ്ഥകൾക്കു വിരുദ്ധമാണെന്നു ഗവർണർ ചൂണ്ടിക്കാട്ടിയിരുന്നു. ഫയലി‍ൽ ഒപ്പുവയ്ക്കാതെ അദ്ദേഹം 2 മാസത്തോളം മാറ്റിവച്ചു. ഒടുവിൽ സർക്കാരിന്റെ നിർബന്ധത്തെത്തുടർന്നാണ് ഒപ്പിട്ടത്. ഫിഷറീസ്, കണ്ണൂർ സർവകലാശാലകളിലെ വിസി നിയമനത്തിനെതിരെ കേസുണ്ട്. കണ്ണൂർ, സംസ്കൃതം, ഫിഷറീസ്, എംജി, കേരള സർവകലാശാലകളിലെ വിസി നിയമനം അസാധുവാക്കണമെന്നു സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയും ആവശ്യപ്പെട്ടു.

∙ പന്ത് ഗവർണറുടെ കോർട്ടിൽ

സർവകലാശാലാ നിയമനങ്ങളുടെ കാര്യത്തിൽ ഗവർണർ സ്വീകരിക്കുന്ന കടുത്ത നിലപാടിനു കരുത്തു നൽകുന്നതാണ് സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധികൾ. സാങ്കേതിക സർവകലാശാലാ വിസി രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന സംസ്ഥാന സർക്കാരിന്റെ കത്ത് ഗവർണർ അവസരമാക്കുകയും ചെയ്തു. സർക്കാരിന്റെ കത്ത് കിട്ടിയപാടെ, സംസ്ഥാനത്തെ മറ്റ് 9 വിസിമാരോടും ഗവർണർ രാജി ആവശ്യപ്പെട്ടു. കേരള സർവകലാശാല വിസി ഡോ. വി.പി.മഹാദേവൻ പിള്ളയെ ഗവർണർ ഫോണിൽ വിളിച്ച് രാജി ചോദിച്ചു. വിസി എന്ന നിലയിൽ മഹാദേവൻ പിള്ളയുടെ അവസാന പ്രവൃത്തിദിവസമായിട്ടും ഗവർണർ മയമൊന്നും കാണിച്ചില്ലെന്നതു ശ്രദ്ധേയം.

9 വിസിമാരുടെയും നിയമനങ്ങളിൽ ചട്ടവിരുദ്ധമായ നടപടികളു‍ണ്ടെന്നാണു രാജ്ഭവൻ കണ്ടെത്തിയത്. കണ്ണൂർ, സംസ്കൃതം, കുഫോസ്, എംജി, കേരള വിസിമാരുടെ സ്ഥാനത്തേക്ക് ഓരോ പേരു വീതമാണു സേർച് കമ്മിറ്റി ശുപാർശ ചെയ്തത്. 3–5 പേരുകൾ നിർദേശിക്കണമെന്നാണ് യുജിസി ചട്ടം. കാലിക്കറ്റ്, കുസാറ്റ് എന്നിവിടങ്ങളിലേക്ക് 3 പേരുടെ പട്ടികയും മലയാളം സർവകലാശാലയിലേക്ക് 2 പേരുകളടങ്ങിയ പട്ടികയും നൽകി. സേർച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധർ മാത്രമേ പാടുള്ളൂ എന്നു യുജിസി ചട്ടമുള്ളപ്പോൾ അക്കാദമിക് വിദഗ്ധനല്ലാത്ത ചീഫ് സെക്രട്ടറി ഉൾപ്പെട്ടു എന്നതും പാനൽ ചുരുങ്ങിയതും വിഷയമായി.

കേരള, എംജി, കണ്ണൂർ, കെടിയു സർവകലാശാലകളിലും ചീഫ് സെക്രട്ടറി സേർച് കമ്മിറ്റിയിൽ ഉൾപ്പെട്ടിരുന്നതായി രാജ്ഭവൻ പറയുന്നു. ഗവർണർക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്താൻ എൽഡിഎഫ് തീരുമാനിച്ചതിനു പിന്നാലെയാണ് വിസിമാർ രാജിവയ്ക്കണമെന്ന ആവശ്യവുമായി ഗവർണർ രംഗത്തെത്തിയത്. ചാൻസലർ എന്ന നിലയിൽ തന്റെ അധികാരങ്ങൾ എന്തെന്നു സർക്കാരിനെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യം കൂടി ഗവർണറുടെ നീക്കങ്ങൾക്കു പിന്നിലുണ്ട്. വിസിമാരുടെ മികവോ യോഗ്യതയോ അല്ല, വന്ന വഴിയാണു പ്രശ്നമാകുന്നത്. ചാൻസലർ പുറത്താ‍ക്കുന്ന ഒരു വിസിക്ക് രാജ്യത്തെ ഒരു അക്കാദമിക് ബോഡി‍യിലും അംഗത്വം ലഭിക്കില്ല. ഭരണഘടനാപരമായ പദവികളിൽ നിയമനം ലഭിക്കാനും തടസ്സമുണ്ടെന്നതു വിസിമാർക്കു ചങ്കിടിപ്പേറ്റുന്ന കാര്യമാണ്.

arif-mohammed-khan-media
ഡൽഹിയിലെത്തിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള ഹൗസിൽ മാധ്യമങ്ങളെ കാണുന്നു. ചിത്രം : മനോരമ

∙ ‘മാന്യമായി പടിയിറങ്ങാനുള്ള അവസരം’

ചട്ടം പാലിക്കാതെ നിയമിക്കപ്പെട്ട വൈസ് ചാൻസലർമാർക്കു മാന്യമായ രീതിയിൽ പടിയിറങ്ങാനാണ് താൻ അവർക്കു കത്തു നൽകിയതെന്നാണു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറയുന്നത്. രാജശ്രീക്കു പിന്നാലെ റിജി ജോണും സ്ഥാനഭ്രഷ്ടനായതു ഗവർണറുടെ വാക്കുകളുടെ മാനം വർധിപ്പിക്കുന്നു. രാജിവയ്ക്കണോ പുറത്താക്കപ്പെടണോ എന്ന ചോദ്യവുമായി വിസിമാർ എത്തുമ്പോൾ സർക്കാരിന്റെ കയ്യിൽ മറുപടിയൊന്നുമില്ല. മുൻപു പറഞ്ഞ 9 വിസിമാരുടെ കാര്യത്തിൽ മാത്രമല്ല, ഡിജിറ്റൽ സർവകലാശാല, ശ്രീനാരായണ ഓപ്പൺ സർവകലാശാല വിസിമാരുടെ നിയമനത്തിലും ചട്ടം പാലിച്ചില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറയുന്നു. ഈ സർവകലാശാലകളുടെ കാര്യത്തിൽ നിയമോപദേശം തേടിയെന്നും ഗവർണർ വ്യക്തമാക്കി.

‘‘സുപ്രീംകോടതി കോടതി ഉത്തരവാണു സംസ്ഥാനത്ത് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചത്. കേരളത്തിൽ മികച്ച വിസിമാരുണ്ട്. രണ്ടു മൂന്നു പേരുടെ കാര്യത്തിൽ എനിക്കു ദുഃഖമുണ്ട്. ഡോ.എം.വി.നാരായണൻ, ഡോ.എം.എസ്.രാജശ്രീ, സാബു തോമസ്, ഡോ.വി.പി.മഹാദേവൻ പിള്ള എന്നിവരുടെ അക്കാദമിക് യോഗ്യതയും സംഭാവനകളും മികച്ചതാണ്. സുപ്രീം കോടതി വിധി രാജ്യത്തിനു മുഴുവൻ ബാധകമാണ്. ചട്ടം പാലിച്ചുള്ള നിയമനം നടന്നത് ഒരു സർവകലാശാലയിൽ മാത്രം. യുജിസി നിബന്ധനകൾ പാലിക്കപ്പെട്ടതും ഇവിടെയാണ്. ഒരു വിസി നിയമനത്തിനു മാത്രം താൻ ഉത്തരവാദിയാണ്. എന്നാൽ ബാക്കി നിയമനങ്ങളെല്ലാം നേരത്തേ നടന്നതാണ്. എന്നെ സമ്മർദത്തിലാക്കിയാണു മറ്റു നിയമനങ്ങളും നടന്നത്.’’– ഗവർണറുടെ വാക്കുകൾ.

∙ കേരളത്തിൽ എന്ത് യുജിസി?

രാജ്യത്തെ സർവകലാശാലാ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള പരമോന്നത ബോഡിയായ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ (യുജിസി) നിയമമൊന്നും കേരളത്തിൽ പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം. സംസ്ഥാനത്തെ സർവകലാശാലകളിൽ 5 വിസിമാരുടെ നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന വിവാദത്തിനു പിന്നാലെ മറ്റു ചട്ടലംഘനങ്ങളും പുറത്തുവന്നു. കേരളയിൽ പുതിയ വിസിയെ നിയമിക്കുന്നതിനുള്ള സേർച് കമ്മിറ്റിയിലേക്ക് യുജിസി ചട്ടം അനുസരിച്ചു സെനറ്റ് പ്രതിനിധിയെ നിർദേശിക്കാതെ സർവകലാശാല ഒളിച്ചു കളിക്കുകയാണ്. കാർഷിക സർവകലാശാലയിൽ മുൻ വിസി ശമ്പള ഇനത്തിൽ 8.55 ലക്ഷം രൂപയാണ് അധികം കൈപ്പറ്റിയത്. ഇതു തിരിച്ചടയ്ക്കണമെന്ന ഫയൽ കാണാനില്ല. 2014 ൽ 244 അധ്യാപകർക്കു കൂട്ടപ്രമോഷൻ നൽകിയതു സംബന്ധിച്ചു കൃഷി വകുപ്പിന്റെ പരിശോധനാ വിഭാഗം നൽകിയ റിപ്പോർട്ടും അപ്രത്യക്ഷമായി.

pinarayi-vijayan-and-arif-mohammed-khan
പിണറായി വിജയൻ, ആരിഫ് മുഹമ്മദ് ഖാൻ

കാലിക്കറ്റിൽ അധ്യാപക ഒഴിവുകൾ യുജിസി വെബ്സൈറ്റിൽ അപ്‍‌ലോഡ് ചെയ്യണമെന്ന നിർദേശം പാലിക്കുന്നില്ല. പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ നിയമനത്തിന് ഇൻഡക്സ് മാർക്ക് നൽകിയത് യുജിസി നിബന്ധനയ്ക്കു വിരുദ്ധമാണെന്നു പരാതി ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ ഡോ. പ്രിയാ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോഷ്യേറ്റ് പ്രഫസറായി നിയമിക്കുന്നതു യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്ന ഹർജി ഹൈക്കോടതിയിലാണ്. എംജിയിലെ കോളജുകളിൽ ഹിന്ദി അസി.പ്രഫസർ നിയമനം സംബന്ധിച്ചു യുജിസി ചട്ടത്തിനു വിരുദ്ധമായി സർവകലാശാല 2021 ഒക്ടോബർ 30ന് ഉത്തരവു പുറപ്പെടുവിച്ചത് ഹൈക്കോടതി റദ്ദാക്കി. സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസിൽ അസി.പ്രഫസർ തസ്തികയിൽ നടത്തിയ നിയമനവും ഹൈക്കോടതി റദ്ദാക്കി. ഫിഷറീസ് സർവകലാശാല (കുഫോസ്) യുജിസി വ്യവസ്ഥകൾക്കു വിരുദ്ധമായി തസ്തിക സൃഷ്ടിച്ചു നിയമനം നടത്തിയതായി 2019-20 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.

∙ ‘ഈ ചാൻസലറെ പുറത്താക്കണം’

ഒരുപൊടിക്കു പോലും അടങ്ങില്ലെന്നു വാശിപിടിക്കുന്ന ആരിഫ് മുഹമ്മദ് ഖാനെതിരെ തുറന്ന പോരിനാണ് ഇടതുമുന്നണിയുടെ തീരുമാനം. ഉന്നതവിദ്യാഭ്യാസ രംഗത്തു ഗവർണർ നടത്തുന്ന ഇടപെടലിനെതിരെ നവംബർ 15നു രാജ്ഭവനു മുൻപിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ചാൻസലർ പദവി ഉപയോഗിച്ച് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല തകർക്കാനാണു ഗവർണറുടെ ശ്രമമെന്നാണു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവരുടെ ആരോപണം.

kanam-rajendran-2
കാനം രാജേന്ദ്രൻ. ചിത്രം: മനോരമ

‘‘ഗവർണർ കോടതിയാകാൻ ശ്രമിച്ചാൽ അംഗീകരിക്കില്ല. വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുന്നതിനുള്ള അജൻഡയാണു സംഘപരിവാർ നടപ്പാക്കുന്നത്. ഗവർണർ ആർഎസ്എസിന്റെ കുഴലൂത്തുകാരനാണ്. എല്ലാ സർവകലാശാലകളെയും ഒറ്റയടിക്ക് അനാഥമാക്കാനുള്ള ഗവർണറുടെ നീക്കം ശരിയല്ല. അധികാരമില്ലാത്ത കാര്യങ്ങളാണ് ഗവർണർ ചെയ്തുകൊണ്ടിരിക്കുന്നത്...’’– മുന്നണിയും സർക്കാരും ഉയർത്തുന്ന ആരോപണപ്പട്ടിക നീണ്ടതാണ്. രൂക്ഷമായ ഭാഷയിലാണു മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കൊമ്പുകോർക്കുന്നതും.

ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു നീക്കുന്നതിനു സർക്കാരിന് അനുമതി നൽകിയ സിപിഎം, നിയമവഴിയിലൂടെയും ജനകീയസമരത്തിലൂടെയും പ്രക്ഷോഭം കടുപ്പിക്കാനാണു തീരുമാനിച്ചത്. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു മാറ്റാൻ ഓർഡിനൻസ് കൊണ്ടുവന്നത് ഇതിന്റെ ഭാഗമായാണ്. ഉന്നത വിദ്യാഭ്യാസരംഗത്തെ സംരക്ഷിക്കാനാണ് ഓർഡിനൻസ് എന്നാണു മന്ത്രി ആർ.ബിന്ദു പറയുന്നത്. തുടക്കമെന്നോണം, കൽപിത സർവകലാശാലയായ കേരള കലാമണ്ഡലത്തിന്റെ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ മാറ്റുകയും ചെയ്തു. തന്നെ മാറ്റാൻ സർക്കാരിനു സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ഗവർണറുടെ പ്രതികരണം.

mv-govindan
എം.വി.ഗോവിന്ദൻ

സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു തന്നെ നീക്കുന്ന ഓർഡിനൻസ് കണ്ടിട്ടില്ലെന്നും ഗവർണറെയാണു ലക്ഷ്യമിടുന്നതെങ്കിൽ അതിൽ താൻ തീരുമാനമെടുക്കാതെ രാഷ്ട്രപതിക്ക് അയച്ചു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ മാറ്റുകയെന്നതല്ല, ചാൻസലർ ആരാകണമെന്നതാണു നിയമ നിർമാണത്തിനു പിന്നിലെ ലക്ഷ്യമെന്നാണു മന്ത്രി പി.രാജീവിന്റെ അഭിപ്രായം. ഉന്നത വിദ്യാഭ്യാസ രംഗത്തു പരിഷ്കരണം നടപ്പാക്കണമെന്നതു സർക്കാരിന്റെ നയമാണ്. അതിൽ ഒരു ഭാഗം മാത്രമാണു ഓർഡിനൻസിലൂടെ പുറത്തിറക്കിയത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇനിയും മാറ്റങ്ങൾ വേണ്ടിവരുമെന്നും രാജീവ് പറയുന്നു.

‘വിത്ഡ്രോവൽ ഓഫ് പ്ലഷർ’ എന്ന വാക്ക് താൻ ഉപയോഗിച്ചതിന്റെ അർഥം മന്ത്രിമാരെ പിരിച്ചുവിടും എന്നല്ലെന്ന് ഗവർണർ പറഞ്ഞപ്പോൾ വലിയൊരു വിവാദത്തിനാണ് അടുത്തിടെ തിരശ്ശീല വീണത്. മന്ത്രി അപമര്യാദയായി പെരുമാറിയാൽ അവരെ പിരിച്ചുവിടുമെന്നല്ല, അതിലുള്ള തന്റെ അസംതൃപ്തി കേരള ജനതയെ അറിയിക്കും എന്നു മാത്രമാണ് അർഥമാക്കിയതെന്നും ഗവർണർ പറഞ്ഞു. എന്നാൽ, വിസി നിയമനങ്ങളിൽ ‘പ്ലഷർ’ നഷ്ടപ്പെട്ട് കോടതി ഇടപെടുമ്പോൾ, ജനങ്ങൾക്കുള്ള അസംതൃപ്തി നേരിടാൻ സർക്കാർ ഏറെ വിയർപ്പൊഴുക്കേണ്ടി വരുമെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

English Summary:
Court nullifies VC appointment in KTU and KUFOS; Governor Arif Mohammed Khan’s battle with Kerala government continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS