ADVERTISEMENT

വാഷിങ്ടൻ∙ യുക്രെയ്നിന്റെ അതിർത്തിയോടു ചേർന്ന് കിഴക്കൻ പോളണ്ടിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. റഷ്യൻ മിസൈലുകളിൽ നിന്നാണ് സ്ഫോടനം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ലക്ഷ്യം തെറ്റിയെത്തിയ മിസൈൽ കിഴക്കൻ പോളണ്ടിലെ ഗ്രാമമായ പ്രസെവോഡോയിൽ പതിക്കുകയും സ്ഫോടനം ഉണ്ടാവുകയും ചെയ്തെന്നാണ് സൂചന. പിന്നാലെ, പോളണ്ട് പ്രധാനമന്ത്രി മറ്റിയൂസ് മൊറാവിക്കി അടിയന്തര യോഗം വിളിച്ചതായി പോളണ്ട് സർക്കാർ വക്താവ് പിയോറ്റർ മുള്ളർ ട്വീറ്റ് ചെയ്തു.

എന്നാല്‍, റഷ്യൻ മിസൈലുകൾ പോളണ്ടിൽ പതിച്ചുവെന്ന റിപ്പോർട്ടുകൾ റഷ്യയുടെ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. നാറ്റോ അംഗരാജ്യമായ പോളണ്ടിൽ മിസൈൽ പതിച്ചതിനു പിന്നാലെ നാറ്റോ സഖ്യകക്ഷികളുടെ അടിയന്തര യോഗം വിളിച്ചു. പോളണ്ട് പ്രസിഡന്‍റ് ആന്ദ്രേയ് ദൂദ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ച നടത്തി. സൈന്യത്തോട് സജ്ജമാകാന്‍ പോളണ്ട് ഭരണകൂടം നിര്‍ദേശിച്ചു.

നാറ്റോ സഖ്യത്തിലെ അംഗങ്ങളായ നോർവേ, ലിത്വാനിയ, എസ്റ്റോണിയ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് പറഞ്ഞു. ഇതു വളരെ ഗുരുതരമായ സംഭവമാണെന്നും പക്ഷേ ചിത്രം വ്യക്തമല്ലെന്നും നോർവീജിയൻ വിദേശകാര്യ മന്ത്രി ആനികെൻ ഹ്യൂറ്റ്ഫെൽഡ് പറഞ്ഞു. നാറ്റോ പ്രദേശത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കപ്പെടണമെന്ന് ലിത്വാനിയൻ പ്രസിഡന്റ് ഗിറ്റാനസ് നൗസേദ ട്വീറ്റ് ചെയ്തു.

ജി20 ഉച്ചകോടിയില്‍ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയതിനു പിന്നാലെ യുക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യ ആക്രമണം കടുപ്പിച്ചിച്ചിരുന്നു. തലസ്ഥാനമായ കീവ് അടക്കം പല ജനവാസ കേന്ദ്രങ്ങളിലും മിസൈല്‍ വര്‍ഷിച്ചു. കീവില്‍ പകുതിയോളം സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. എഴുപതോളം മിസൈലുകള്‍ റഷ്യ വര്‍ഷിച്ചതായി യുക്രെയ്ന്‍ ആരോപിച്ചു.

ചെര്‍ണീവ്, ലിവിവ്, മൈക്കലേവ്, ഹാര്‍ക്കീവ് എന്നിവിടങ്ങളിലും റഷ്യന്‍ ആക്രമണമുണ്ടായി. ജനങ്ങളോട് ഭൂഗര്‍ഭ അറകളില്‍ അഭയം തേടാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ഹേഴ്സണില്‍ നിന്ന് പിന്‍മാറിയ ശേഷം ആദ്യമായാണ് റഷ്യയുടെ ഭാഗത്തുനിന്ന് ഇത്രയും രൂക്ഷമായ ആക്രമണം ഉണ്ടാകുന്നത്. ജി 20 ഉച്ചകോടിയില്‍ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി റഷ്യക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇതിനു റഷ്യ പ്രതികാരം നടത്തുകയാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റിന്റെ ഓഫിസ് ആരോപിച്ചു.

അതിനിടെ, പോളണ്ടിനെതിരായ മിസൈൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജി20 ഉച്ചകോടിയിൽ നേതാക്കൾ ചർച്ച നടത്തുമെന്നാണ് വിവരം. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങിയവരെല്ലാം പോളണ്ട് ഭരണകൂടവുമായി ഫോണിൽ സംസാരിച്ചു.

English Summary: 2 Killed As Russian Missile Lands In Poland, Near Ukraine Border

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com