വിധി മാനിക്കുന്നു, തുടർനടപടി നിയമ വിദഗ്ധരുമായി ആലോചിച്ചശേഷം: പ്രിയ
Mail This Article
കണ്ണൂർ∙ യൂണിവേഴ്സിറ്റിയിലെ അസോഷ്യേറ്റ് പ്രഫസർ തസ്തികയിലെ നിയമനത്തിൽ കോടതിവിധി എതിരായതിൽ പ്രതികരണവുമായി പ്രിയാ വർഗീസ്. ഹൈക്കോടതി വിധി മാനിക്കുന്നുവെന്നും നിയമവിദഗ്ധരുമായി ആലോചിച്ച് തുടർനടപടി തീരുമാനിക്കുമെന്നും പ്രിയ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയാണ് പ്രിയാ വർഗീസ്.
കണ്ണൂർ സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു പ്രിയാ വർഗീസ് അവകാശപ്പെടുന്ന സേവനങ്ങൾ അധ്യാപന പരിചയം ആകില്ലെന്നു ഹൈക്കോടതി പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പ്രിയാ വർഗീസിനു യോഗ്യതയുണ്ടോ എന്നു സർവകലാശാല പുനഃപരിശോധിക്കണം. ലിസ്റ്റിൽ നിലനിർത്തണോ എന്നു പരിശോധിച്ച് തീരുമാനിച്ച ശേഷം മാത്രം റാങ്ക് ലിസ്റ്റിൽ തുടർനടപടി എടുക്കാനും കോടതി നിർദേശിച്ചു.
പ്രിയാ വർഗീസിനു യോഗ്യതയില്ലെന്ന് ആരോപിച്ച് ലിസ്റ്റിൽ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്ബി കോളജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്കറിയ നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
പ്രിയാ വര്‍ഗീസിന്റെ അയോഗ്യതകളായി ഹൈക്കോടതി പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ
1. സ്റ്റുഡന്റ് സര്‍വീസ് ഡയറക്ടര്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയ്ക്ക് തുല്യമല്ല.
2. എന്‍എസ്എസ്, സ്റ്റുഡന്‍റ് സര്‍വീസ് കോര്‍ഡിനേറ്റര്‍ പദവികള്‍ അനധ്യാപക തസ്തിക
3. ഗവേഷണകാലവും അധ്യാപനപരിചയമായി കണക്കാക്കാനാകില്ല
4. ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ പദവിയും അധ്യാപക പദവിയല്ല
സ്ക്രൂട്ടിനി കമ്മിറ്റി ഇത് പരിശോധിച്ചില്ലെന്നും യുജിസി മാനദണ്ഡങ്ങള്‍ മറികടക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
English Summary: Future plans will take after discussions with legal experts, says Priya Varghese