‘ഹൈക്കോടതിയുടേത് സഖാക്കള്‍ക്കായുള്ള തൊഴിലുറപ്പ് പദ്ധതിക്കെതിരായ വിധി’
Mail This Article
തിരുവനന്തപുരം∙ സര്‍വകലാശാല നിയമനങ്ങളില്‍ യുജിസി മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് നടത്തിയ സിപിഎം അതിപ്രസരണത്തിനും വഴിവിട്ട ഇടപെടലുകള്‍ക്കും കൈകടത്തലുകള്‍ക്കും കിട്ടിയ കനത്ത പ്രഹരമാണ് പ്രിയാ വര്‍ഗീസിന്റെ നിയമനക്കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം വിഭാഗത്തില്‍ ചട്ടങ്ങള്‍ മറികടന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയായ പ്രിയാ വര്‍ഗീസിനെ അസോ. പ്രഫസറായി നിയമിക്കാന്‍ യോഗ്യതയില്ലെന്നും നിയമന പട്ടിക പുനഃപരിശോധിക്കണം എന്നുമുള്ള ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണ്. സ്വജനപക്ഷപാതം ബോധ്യപ്പെട്ട ഗവര്‍ണ്ണര്‍ പ്രിയയുടെ നിയമന നടപടികള്‍ക്കെതിരെ പ്രതികരിച്ചപ്പോള്‍ അതിനെ വിമര്‍ശിച്ച് പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് പരസ്യപിന്തുണയാണ് മുഖ്യമന്ത്രിയും സിപിഎമ്മും പ്രഖ്യാപിച്ചത്. ഓര്‍ഡിന്‍സിലൂടെയും ബില്ലിലൂടെയും വൈസ് ചാന്‍സലര്‍ പദവി ഗവര്‍ണറില്‍നിന്നു നീക്കം ചെയ്യാനുള്ള കുത്സിത നീക്കം എല്‍ഡിഎഫും സിപിഎമ്മും നടത്തുന്നത് ഇത്തരം പിന്‍വാതില്‍ നിയമനത്തിലൂടെ സഖാക്കളുടെ ബന്ധുമിത്രാദികള്‍ക്കു സര്‍ക്കാര്‍ ജോലി നല്‍കുന്നതിനു വേണ്ടിയാണ്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ തൊഴില്‍ നയത്തിനു പ്രഥമ ഉദാഹരണമാണ് പ്രിയാ വര്‍ഗീസിന്റെ നിയമനം. കെടിയു, കുഫോസ് വിസി നിയമനം റദ്ദാക്കിയ കോടതി നടപടിയും ഈ സര്‍ക്കാരിന്റെ രാഷ്ട്രീയ ഇടപെടലുകള്‍ തുറന്നു കാട്ടുന്നതായിരുന്നു. സഖാക്കള്‍ക്കായി പിന്‍വാതില്‍ തുറന്നു വച്ചാണ് പിണറായി സര്‍ക്കാരിന്റെ ഭരണം. സര്‍വകലാശാലകള്‍ക്ക് പുറമേ മിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സിപിഎം പാര്‍ട്ടി ഓഫിസിലെ പട്ടിക അനുസരിച്ചാണു നിയമനം നല്‍കുന്നത്. അതിനു തെളിവാണ് തിരുവനന്തപുരം മേയറുടെയും സിപിഎം ജില്ലാ സെക്രട്ടറിയുടെയും പുറത്തു വന്ന നിയമന ശുപാര്‍ശ കത്തുകള്‍. വിദ്യാർഥികളുടെ ഭാവിയെക്കാള്‍ ഇടതു സര്‍ക്കാരിനു താല്‍പ്പര്യം സഖാക്കളുടെ കുടുംബസുരക്ഷയാണ്. യുവാക്കളെ വഞ്ചിക്കുകയും അവരുടെ ആത്മാഭിമാനത്തെ ഇതുപോലെ വെല്ലുവിളിക്കുകയും ചെയ്ത നാറിയ ഭരണം കേരളം കണ്ടിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.
പ്രിയയെ നിയമന റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിക്കാന്‍ വഴിവിട്ട ഇടപെടലുകളാണ് കണ്ണൂര്‍ വിസി നടത്തിയത്. ഗവര്‍ണറെ സ്വാധീനിച്ച് മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്‍ പുനര്‍നിയമനം നേടിയ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ കൂടിയായ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സിലക്‌ഷന്‍ കമ്മിറ്റിയാണു പ്രിയയെ അഭിമുഖം നടത്തിയത്. അസോ. പ്രഫസര്‍ തസ്തികയിലേക്ക് മതിയായ യോഗ്യതയില്ലാഞ്ഞിട്ടും രാഷ്ട്രീയതാല്‍പ്പര്യത്തിന്റെ പേരിലാണ് അഭിമുഖ പരീക്ഷയില്‍ പോലും പ്രിയയെ പങ്കെടുപ്പിച്ചത്. എട്ടുവര്‍ഷം അധ്യാപന പരിചയവും റിസര്‍ച്ച് സ്‌കോറും കുറവായിരുന്നിട്ടും അഭിമുഖത്തില്‍ ഉയര്‍ന്ന മാര്‍ക്കാണ് സിലക്‌ഷന്‍ കമ്മിറ്റി നല്‍കിയത്. ഇത്രയേറെ ആക്ഷേപം ഉയര്‍ന്നിട്ടു പോലും അഭിമുഖത്തിന്റെ വിഡിയോ പുറത്തു വിടാന്‍ കണ്ണൂര്‍ സര്‍വകലാശാല തയാറായില്ല. അടിസ്ഥാന യോഗ്യത പോലുമില്ലാത്തവരെ പരിഗണിക്കരുതെന്നു മേല്‍ക്കോടതികള്‍ വിവിധ കേസുകളിലായി വിധി പറഞ്ഞിട്ടും അതെല്ലാം കാറ്റില്‍പ്പറത്തി പ്രത്യേക പരിഗണനയാണ് പ്രിയയ്ക്കു നല്‍കിയത്. വിസി തന്നെ യുജിസി ചട്ടം ലംഘിക്കാന്‍ കൂട്ടുനില്‍ക്കുകയായിരുന്നു. അതുകൊണ്ട് തന്നെ വിധിയുടെ പശ്ചാത്തലത്തില്‍ സ്വജനപക്ഷപാതത്തിന് കൂട്ടുനിന്ന കണ്ണൂര്‍ വിസിയെ പുറത്താക്കി വിജിലന്‍സ് കേസെടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ഗുണമേന്‍മ തകര്‍ത്തത് ഇടതു ഭരണമാണ്. അധ്യാപന രംഗത്ത് കഴിവും പ്രാപ്തിയുമുള്ളവരെ പടിക്കു പുറത്തു നിര്‍ത്തി അടിസ്ഥാന യോഗ്യത പോലുമില്ലാത്ത സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും വഴിവിട്ട നിയമനം നല്‍കുകയാണ്. സര്‍വകലാശാലകളിലെ ക്രമവിരുദ്ധ നിയമനവുമായി ബന്ധപ്പെട്ട് വിവാദമായ ചില സഖാക്കളുടെ ഭാര്യമാരുടെ യോഗ്യത പരിശോധിച്ചാല്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യക്ഷമത കൂടുതല്‍ വ്യക്തമാകും. രാജ്യത്തെ സര്‍വകലാശാലകളുടെ പട്ടികയില്‍നിന്നും കേരളത്തിലെ സര്‍വകലാശാലകള്‍ പുറത്താകുന്നത് ഇത്തരം രാഷ്ട്രീയ അധ്യാപക നിയമനങ്ങളുടെ ഫലമാണെന്നും സുധാകരന്‍ പറഞ്ഞു.
English Summary: K Sudhakaran about the High Court verdict on Priya Varghese's appointment row