‘ഉള്ളത് ഒന്നിച്ചു ജീവിക്കാം എന്നൊരു കരാർ മാത്രം’: രാഗേഷിന്റെ പേര് ഉൾപ്പെടുത്തിയതിനെതിരെ പ്രിയ
Mail This Article
കണ്ണൂർ∙ കണ്ണൂർ സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസർ തസ്തിക വിവാദത്തിൽ കെ.കെ.രാഗേഷിന്റെ പേര് ഉൾപ്പെടുത്തിയതിനെതിരെ മാധ്യമങ്ങളെ വിമർശിച്ച് പ്രിയ വർഗീസ്. കെ. കെ. രാഗേഷുമായുള്ളത് അച്ഛൻ മകൾ ബന്ധമൊന്നുമല്ല. ഒന്നിച്ചു ജീവിക്കാം എന്നൊരു കരാർ മാത്രമാണ്. ആ കരാർ തങ്ങളിൽ ആരെങ്കിലും ഒരാൾ അവസാനിപ്പിച്ചാൽ പിന്നെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഭാര്യ എന്ന് സ്റ്റോറി കൊടുക്കാനുള്ള സ്കോപ്പ് അതോടെ അവസാനിക്കുമെന്ന് പ്രിയ വർഗീസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
‘പ്രിയാ വർഗീസ് എന്ന വ്യക്തിക്ക് സങ്കടപ്പെടാൻ മാത്രം ഒന്നുമില്ല. പൊന്നു തമ്പുരാന്റെ ചക്രമല്ല കേരള സർക്കാരിന്റെ ശമ്പളം മാസാമാസം വാങ്ങുന്ന ഒരാളാണ്. 2012ൽ അസിസ്റ്റന്റ് പ്രഫസർ ആയി ജോലിയിൽ പ്രവേശിച്ച ഒരാൾക്ക് അസോഷ്യേറ്റ് പ്രഫസർ ആകാൻ പുതിയ ഒരു നിയമനം തേടി പോകേണ്ട കാര്യമൊന്നുമില്ല. ജീവിച്ചിരിപ്പുണ്ടെങ്കിൽ അത് ആയിരിക്കും. പിന്നെ ഈ കളിയിൽ പന്തുരുട്ടാൻ തനിക്കുണ്ടായിരുന്ന ഒരു കൗതുകം ഈ തള്ളിമറിക്കുന്നവരെ മാന്താൻ തനിക്ക് പണ്ടേ ഇഷ്ടമായിരുന്നു എന്നതാണ്.’–പ്രിയാ വർഗീസ് പറഞ്ഞു.
‘എന്റെ ചരിത്രപ്രബന്ധം വായിക്കാത്ത ചരിത്രകാരന്മാർ ഭൂമിമലയാളത്തിൽ ഉണ്ടാവില്ല എന്നൊക്കെ ഗീർവാണമടിക്കുന്നത് കേട്ടപ്പോൾ, ആഹാ കൊള്ളാല്ലോ എന്ന് തോന്നിയ ഒരു തോന്നൽ. ഞാൻ പഠിപ്പിച്ച കുട്ടികളോ അവരുടെ പ്രായത്തിലുള്ള കുട്ടികളോ പങ്കെടുക്കുന്ന ഒരു മത്സരത്തിലും വർത്തമാനത്തിലും ഭാവിയിലും പങ്കെടുക്കുകപോലും ചെയ്യില്ല എന്ന ഉറച്ച തീരുമാനമെടുത്തിട്ടുള്ള ഒരാൾ എന്ന നിലയ്ക്ക് അത്തരം ധാർമിക പ്രശ്നങ്ങളൊന്നും ഈ പോരാട്ടത്തിന് തടസ്സവുമായില്ല. മാത്രമല്ല ആ റാങ്ക് പട്ടികയിൽ ഉള്ള ഏക സ്ത്രീ ഞാൻ ആയിരുന്നു. കണ്ണൂര് തന്നെ ഞാൻ ആരാധിക്കുന്ന സ്ത്രീകളായ നിരവധി മലയാളം അധ്യാപികമാർ ഉണ്ട്. ഡോ. ആർ. രാജശ്രീയെപ്പോലെ ഡോ. ജിസ ജോസിനെപ്പോലെ. അവരൊന്നും അപേക്ഷിക്കാത്തതുകൊണ്ടു കൂടിയാവണം എനിക്ക് ഈ ചുരുക്കപ്പട്ടികയിൽ തന്നെ വരാനായത് എന്നാണ് ഞാൻ കരുതുന്നത്. ഇതൊക്കെയാണ് പ്രിയാ വർഗീസ് എന്ന വ്യക്തിക്ക് ഇക്കാര്യത്തിൽ പറയാനുള്ളത്.’– അവർ ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
English Summary: Kanur university Appointment row: Priya varghese slams Media